Aksharam Education
മാറ്റങ്ങൾ അറിഞ്ഞൊരുങ്ങാം
എൽ എസ് എസ് ഇനി സി എം കിഡ്‌സ് സ്‌കോളർഷിപ്പ് (എൽ പി)
സ്റ്റേറ്റ് സിലബസിൽ നാലാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി നടത്തുന്ന സ്‌കോളർഷിപ്പ് പരീക്ഷയാണ് സി എം കിഡ്‌സ് സ്‌കോളർഷിപ്പ് (എൽ പി). ജീവിതത്തിൽ ആദ്യമായി ഒരു പൊതു പരീക്ഷ നേരിടാനുള്ള അവസരമാണ് സി എം കിഡ്‌സ് സ്‌കോളർഷിപ്പി(എൽ പി)ലൂടെ കുട്ടിക്ക് ലഭിക്കുന്ന നേട്ടം.
യോഗ്യത
കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ (ഗവ./എയ്ഡഡ്/അംഗീകാരമുള്ള അൺ എയ്ഡഡ്) ഈ അധ്യയന വർഷം (2025-26) നാലാം ക്ലാസ്സിൽ പഠിക്കുന്ന മലയാളം, ഇംഗ്ലീഷ്, ഗണിതം, പരിസര പഠനം എന്നീ വിഷയങ്ങൾക്ക് രണ്ടാം ടേമിൽ വികാസപ്രദ വിലയിരുത്തലിലും (Formative Assessment-II) ആത്യന്തിക വിലയിരുത്തലിലും (Summative Assessment-II) “എ’ ഗ്രേഡ് നേടിയിട്ടുള്ള വിദ്യാർഥികൾക്ക് പരീക്ഷയെഴുതാം.
മേൽ പറഞ്ഞ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ മാത്രം “ബി’ ഗ്രേഡ് നേടിയ കുട്ടികൾ ഉപജില്ലാതല ശാസ്‌ത്രോത്സവം, കലാ-കായിക- പ്രവൃത്തി പരിചയ, ഗണിത, സോഷ്യൽ സയൻസ് വിദ്യാരംഗ മേളകളിൽ ഏതെങ്കിലും ഒരു ഇനത്തിൽ “എ’ ഗ്രേഡോ/”ബി’ ഗ്രേഡോ/ഒന്നാം സ്ഥാനമോ നേടിയിട്ടുണ്ടെങ്കിൽ അവർക്കും പരീക്ഷ എഴുതാവുന്നതാണ്.
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ (സി ഡബ്ല്യു എസ് എൻ), എസ് സി/എസ് ടി/ഒ ഇ സി കുട്ടികൾ എന്നിവർക്ക് ഏതെങ്കിലും രണ്ട് വിഷയങ്ങളിൽ “എ’ ഗ്രേഡും മറ്റ് രണ്ട് വിഷയങ്ങളിൽ “ബി’ ഗ്രേഡും ആണെങ്കിലും അവരും പരീക്ഷ എഴുതാൻ യോഗ്യരായിരിക്കും.
സിലബസ്
2025-26 അധ്യയനവർഷത്തെ നാലാം ക്ലാസ്സിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച സ്‌കീം ഓഫ് വർക്ക് അനുസരിച്ച് ഈ മാസം 31ന് പൂർണമായി തീരുന്ന പാഠഭാഗങ്ങളായിരിക്കും ഉൾപ്പെടുത്തുക. നാലാം ക്ലാസ്സിലെ അധ്യാപക സഹായിയിൽ നിഷ്‌കർഷിച്ചിട്ടുള്ള പഠന ലക്ഷ്യങ്ങൾ, ആശയങ്ങൾ, ധാരണകൾ, ശേഷികൾ, നൈപുണികൾ, മൂല്യങ്ങൾ, മനോഭാവങ്ങൾ എന്നിവ പരിഗണിച്ചുകൊണ്ടുള്ള ചോദ്യങ്ങളാണ് പരീക്ഷക്ക് ഉണ്ടാകുക.
ചോദ്യങ്ങൾ ആശയ സ്വാംശീകരണം, അറിവുകളെ വ്യത്യസ്ത സന്ദർഭങ്ങളിൽ പ്രയോഗിക്കുന്നതിനുള്ള ശേഷി, വിശകലനാത്മക ചിന്ത, വിമർശനാത്മക ചിന്ത, സർഗാത്മക ചിന്ത, ഗണന ചിന്ത, മാനസിക ശേഷി, മൂല്യ മനോഭാവങ്ങൾ തുടങ്ങിയ തലങ്ങളിൽ ചിന്താശേഷി പ്രയോഗിച്ച് ഉത്തരം കണ്ടെത്തേണ്ടവയും ഉയർന്ന ശേഷികൾക്ക് പ്രാമുഖ്യം നൽകുന്നവയും ആയിരിക്കും.
പരീക്ഷയുടെ ഘടന
പരീക്ഷക്ക് രണ്ട് പേപ്പറുകൾ ഉണ്ടായിരിക്കും. ഓരോന്നിന്റെയും ദൈർഘ്യം രണ്ട് മണിക്കൂറാണ്. ഇതിൽ ആദ്യത്തെ 15 മിനുട്ട് ചോദ്യങ്ങൾ വായിച്ചു മനസ്സിലാക്കാനുള്ള സമാശ്വാസ സമയവും പിന്നീടുള്ള ഒന്നേമുക്കാൽ മണിക്കൂർ ഉത്തരമെഴുതാനുള്ള സമയവുമാണ്.
പേപ്പർ ഒന്ന്
ആദ്യ പേജിൽ റോൾ നമ്പർ എഴുതാനുള്ള സ്ഥലവും താഴെ നിർദേശങ്ങളും നൽകിയിരിക്കും. തുടർന്നുള്ള പേജുകളിൽ ചോദ്യങ്ങളും തൊട്ടുതാഴെ എ, ബി, സി , ഡി ഓപ്ഷൻ ടിക്ക് ചെയ്യാനുള്ള കോളവും ഉണ്ടായിരിക്കും. ഉത്തരത്തിനു മാത്രം ടിക്ക് ചെയ്യുക. 50 ചോദ്യങ്ങൾ ഉണ്ടായിരിക്കും. ഓരോ ചോദ്യത്തിനും ഒരു സ്‌കോർ വീതം.
- ഒന്നാം ഭാഷ (മലയാളം /കന്നട /തമിഴ് ): പത്ത് ചോദ്യം- പത്ത് സ്‌കോർ
- ഇംഗ്ലീഷ്: പത്ത് ചോദ്യം – പത്ത് സ്‌കോർ
- ഗണിതം: പത്ത് ചോദ്യം- പത്ത് സ്‌കോർ
- പരിസര പഠനം: പത്ത് ചോദ്യം- പത്ത് സ്‌കോർ
- പൊതുവിജ്ഞാനം: പത്ത് ചോദ്യം- പത്ത് സ്‌കോർ
- ആകെ സ്‌കോർ: 50
പേപ്പർ രണ്ട്
ഓരോ വിഷയത്തിലും പാഠഭാഗവുമായി ബന്ധപ്പെട്ട ഉയർന്നശേഷി പരിഗണിച്ചു കൊണ്ടുള്ള വിവരണാത്മക ചോദ്യങ്ങളുണ്ടാകും. ഓരോ ചോദ്യത്തിനും തൊട്ടു താഴെ ഉത്തരമെഴുതാനുള്ള സ്ഥലവും ഉണ്ടാകും. ആറ് ചോദ്യങ്ങൾ ഉണ്ടായിരിക്കും ഓരോ ചോദ്യത്തിനും അഞ്ച് സ്‌കോർ വീതം.
- ഒന്നാം ഭാഷ (മലയാളം, കന്നട, തമിഴ്): രണ്ട് ചോദ്യങ്ങൾ- പത്ത് സ്‌കോർ
- ഇംഗ്ലീഷ് ഒരു ചോദ്യം- അഞ്ച് സ്‌കോർ
- ഗണിതം രണ്ട് ചോദ്യങ്ങൾ- പത്ത് സ്‌കോർ
- പരിസര പഠനം ഒരു ചോദ്യം- അഞ്ച് സ്‌കോർ
- ആകെ സ്‌കോർ: 30
രജിസ്‌ട്രേഷൻ ഈ മാസം 15 വരെ
കുട്ടി പഠിക്കുന്ന വിദ്യാലയത്തിലെ പ്രധാന അധ്യാപകനാണ് അർഹരായ വിദ്യാർഥികളുടെ പേര് വിവരം നൽകുന്നത്. പരീക്ഷാഭവന്റെ വെബ്‌സൈറ്റിൽ ഓൺലൈനായി പേര് രജിസ്റ്റർ ചെയ്യാനാണ് നിർദേശം. ഈ മാസം 15 വരെ അപേക്ഷിക്കാം. ഫെബ്രുവരി 26നാണ് പരീക്ഷ.
ലിറ്റിൽ മാസ്റ്റേഴ്‌സ്
സ്‌കോളർഷിപ്പ് പരീക്ഷയിൽ വിജയിച്ച കുട്ടികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പ്രതിഭാധനരായ വിദ്യാർഥികൾക്കായി സർക്കാർ നടത്തുന്ന പദ്ധതിയാണ് ലിറ്റിൽ മാസ്റ്റേഴ്‌സ്. കുട്ടികളുടെ അറിവിന്റെ ലോകം വിശാലമാക്കുന്ന വിദഗ്ധരുടെ ക്ലാസ്സുകൾ, ജീവിത നൈപുണി ക്ലാസ്സുകൾ, പഠനയാത്ര തുടങ്ങി പഠിച്ചും അറിഞ്ഞും വളരാനുള്ള അവസരങ്ങൾ ഇവ നൽകുന്നു. കൂട്ടുകാർക്ക് പരീക്ഷയുടെ മാറ്റങ്ങൾ മനസ്സിലാക്കി ഇനിയുള്ള ദിവസങ്ങളിൽ ചിട്ടയായ തയ്യാറെടുപ്പിലൂടെ ഉയർന്ന സ്‌കോർ നേടി വിജയിക്കാം.
എന്തൊക്കെ പഠിക്കണം?
നാലാം ക്ലാസ്സിലെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പഠനനേട്ടങ്ങളെ അടിസ്ഥാനപ്പെടുത്തി ഉയർന്ന തലത്തിലുള്ള ചോദ്യങ്ങളാണ് പരീക്ഷക്ക് ചോദിക്കാറുള്ളത്. എല്ലാ വിഷയങ്ങളുടെയും പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട അനുബന്ധ വായനാ സാമഗ്രികൾ തുടർ പ്രവർത്തനങ്ങൾ തുടങ്ങിയവ പരിഗണിച്ചു കൊണ്ടുള്ള ചോദ്യങ്ങൾ ഉണ്ടായിരിക്കും.
മലയാള പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട സാഹിത്യകാരന്മാർ അവരുടെ ജീവചരിത്രം നേടിയിട്ടുള്ള പുരസ്‌കാരങ്ങൾ അവരുടെ സാഹിത്യ സംഭാവനകൾ മുതലായ കാര്യങ്ങൾ മനസ്സിലാക്കിയിരിക്കണം. സമീപകാലത്ത് പ്രഖ്യാപിച്ച സാഹിത്യ പുരസ്‌കാരങ്ങളും ബഹുമതികളും ഓർത്തിരിക്കണം. ഗണിതത്തിൽ പ്രശ്‌ന നിർധാരണത്തിനുള്ള ചോദ്യങ്ങൾക്കാണ് ഊന്നൽ നൽകുന്നത്. യുക്തിചിന്ത, മാനസിക ശേഷി എന്നിവ വിലയിരുത്താനുള്ള ചോദ്യങ്ങളും ഉണ്ടായിരിക്കും. പരിസര പഠനം പൊതുവിജ്ഞാനം വിഭാഗങ്ങളിൽ കലാ, ആരോഗ്യ, കായിക പ്രവൃത്തി പഠനം, കളിപ്പെട്ടി ഉൾപ്പെടെയുള്ള മേഖലകൾ പരിഗണിച്ചു കൊണ്ടുള്ള ചോദ്യങ്ങൾ ഉണ്ടായിരിക്കും.
പൊതുവിജ്ഞാന മേഖലയിൽ ആനുകാലിക ഭാഗത്തിൽ നിന്ന് 40 ശതമാനം ചോദ്യങ്ങൾ ഉണ്ടായിരിക്കും. പൊതുവിജ്ഞാനം മേഖലയിൽ ബാക്കിയുള്ള 60 ശതമാനം ചോദ്യങ്ങൾ ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ്സുകളിൽ വിനിമയം ചെയ്തിട്ടുള്ള തീമുകളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. കേരളം അടിസ്ഥാന വസ്തുതകൾ, പക്ഷികൾ, ഇന്ത്യൻ സ്വാതന്ത്ര്യസമരം തുടങ്ങിയ വിഷയങ്ങളിൽ നിന്ന് പൊതുവിജ്ഞാന ചോദ്യങ്ങൾ ഉണ്ടായിരിക്കും.
സ്‌കോളർഷിപ്പിന് അർഹത നേടാൻ ലഭിക്കേണ്ട സ്‌കോർ മൂല്യനിർണയത്തിനുശേഷം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിലുള്ള പരീക്ഷാ ബോർഡ് നിശ്ചയിക്കുന്നതാണ്.
(സി എം കിഡ്‌സ് സ്‌കോളർഷിപ്പ് (യു പി) യെക്കുറിച്ച് അടുത്ത അക്ഷരത്തിൽ)





