Aksharam Education
കോഫി കുടിക്കൂ, ടേസ്റ്ററാകൂ
ദിവസവും കാപ്പി കുടിക്കുന്നതിലൂടെ ഉന്മേഷത്തിനൊപ്പം ദീർഘായുസ് കൂടി ലഭിക്കുമെന്നാണ് പഠനം പറയുന്നത്.
തണുത്ത വെളുപ്പാൻ കാലത്ത് ഒരു കോഫി കുടിച്ച് ഇരിക്കൽ ഒരു വൈബാണ് അല്ലേ… കോഫി ഇഷ്ടമില്ലാത്തവർ വളരെ ചുരുക്കമാണ്. ചായ പ്രേമികൾ മാത്രമല്ല, കോഫി പ്രേമികളും നമുക്ക് ഇടയിലുണ്ട്. ദിവസവും കാപ്പി കുടിക്കുന്നതിലൂടെ ഉന്മേഷത്തിനൊപ്പം ദീർഘായുസ് കൂടി ലഭിക്കുമെന്നാണ് പഠനം പറയുന്നത്. ജേണൽ ഓഫ് ന്യൂട്രീഷ്യൻ എന്ന പിയർ റിവ്യൂഡ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കാപ്പി മനുഷ്യർക്ക് ദീർഘായുസ് പ്രദാനം ചെയ്യുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. യു എസിലെ മസാച്യുസെറ്റ്‌സിലുള്ള ടഫ്റ്റ്‌സ് സർവകലാശാലയിലെ പ്രൊഫ. ഡോ. ഫാംഗ് ഫാംഗ് ഴാംഗിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.
12 രൂപ മുതൽ ലക്ഷങ്ങൾ വില വരുന്ന കോഫികൾ വരെയുണ്ട്. കോപ്പി ലുവാക്ക് അഥവാ സിവെറ്റ് കോഫിയാണ് ലോകത്തിലെ ഏറ്റവും വില കൂടിയ കോഫി. ഇങ്ങനെ വിലയുള്ള ഈ കോഫിയെ നമുക്ക് ഒന്ന് പഠിച്ചാലോ? കോഫി ജനപ്രിയമാകുന്ന ഈ കാലഘട്ടത്തിൽ കോഫി ടേസ്റ്റേഴ്സിന്റെ ആവശ്യകത വർധിച്ചുവരികയാണ്. ലോകമെങ്ങും മികച്ച കോഫി ടേസ്റ്റേഴ്സിന്റെ സേവനം പ്രയോജനപ്പെടുത്തി വരുന്നുണ്ട്. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ബെംഗളൂരൂ ആസ്ഥാനമായി പ്രവർത്തിക്കുന്ന കോഫി ബോർഡ്, 12 മാസത്തെ പി ജി ഡിപ്ലോമ ഇൻ കോഫി ക്വാളിറ്റി മാനേജ്മെന്റ് കോഴ്സ് നൽകി വരുന്നുണ്ട്. സാധരണയായി സെപ്തംബറിലാണ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കാറുള്ളത്. കാപ്പിക്കൃഷി, ഗുണനിയന്ത്രണം, വിപണനം തുടങ്ങിയവയിലെ തിയറിയും പ്രാക്ടിക്കലും പാഠ്യക്രമത്തിലുണ്ട്. കോഫി ടേസ്‌റ്റർ നിയമനത്തിന് ഈ യോഗ്യത സഹായകമാണ്.
യോഗ്യത
ബോട്ടണി, സുവോളജി, കെമിസ്ട്രി, ബയോടെക്നോളജി, ബയോ സയൻസ്, ഫുഡ് ടെക്നോളജി, ഫുഡ് സയൻസ്, എൻവയൺമെന്റൽ സയൻസ് എന്നിവയിൽ ഒരു വിഷയത്തിലോ അഗ്രികൾച്ചറൽ സയൻസസിലോ ബാച്ചിലർ ബിരുദമുള്ളവർക്ക് മാത്രമേ അപേക്ഷിക്കാനാകു.
യോഗ്യതാ പരീക്ഷയിലെ മാർക്കും പേഴ്സനൽ ഇന്റർവ്യൂ, സെൻസറി ഇവാല്വേഷൻ ടെസ്റ്റ് എന്നിവയിലെ മികവും പ്രവേശനത്തിനായി പരിഗണിക്കും.ഒരുവർഷ പ്രോഗ്രാമിൽ മൂന്ന് ഘട്ടങ്ങളാണുൾപ്പെടുത്തിയിരിക്കുന്നത്.
ആദ്യ ഘട്ടം സി സി ആർ ഐ ചിക്മംഗളൂരിലും രണ്ട്, മൂന്ന് ഘട്ടങ്ങൾ ബെംഗളൂരുവിലുമായിരിക്കും. ആദ്യ ഘട്ടത്തിൽ താമസം സൗജന്യമാണ്.
സിലബസ്
കോഫി വറൈറ്റിസ് ആൻഡ് കപ്പ് പ്രൊഫൈൽ, കോഫി അഗ്രോണമി, കോഫി കെമിസ്ട്രി, കോഫി പെസ്റ്റ് ആൻഡ് ഡിസീസ്, കോഫി കെമിസ്ട്രി ആൻഡ് ബ്രൂവിംഗ് ടെക്നോളജി, കോഫി കെമിസ്ട്രി ആൻഡ് റോസ്റ്റിംഗ് ടെക്നോളജി, കോഫി പ്രോസസിംഗ് ആൻഡ് ക്വാളിറ്റി, ക്വാളിറ്റി അഷ്വറൻസ് സിസ്റ്റം, സോഫ്റ്റ് സ്കിൽസ് ആൻഡ് കന്പ്യൂട്ടർ അപ്ലിക്കേഷൻസ് ഫോർ ക്വാളിറ്റി മാനേജ്മെന്റ്, കോഫി മാർക്കറ്റിംഗ് ആൻഡ് ട്രേഡ്, ക്വാളിറ്റി മാനേജ്മെന്റ് സിസ്റ്റം ആൻഡ് ഡിസ്ട്രിബ്യൂഷൻ മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളാണ് സിലബസിലുള്ളത്.
പ്രായോഗികപരിശീലനവുമുണ്ടാകും. 2,50,000 രൂപയാണ് കോഴ്സ് ഫീസ്. കൂടുതൽ വിവരങ്ങൾക്ക്: https://coffeeboard. gov.in വെബ്സൈറ്റ് സന്ദർശിക്കാം.





