Connect with us

National

പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി സര്‍പഞ്ചിനെ വിവാഹ ചടങ്ങില്‍ വച്ച് വെടിവച്ച് കൊന്നു

തലയ്ക്ക് വെടിയേറ്റ് സര്‍പഞ്ചായ ജര്‍മല്‍ സിങ്ങ് നിലത്തുവീണതോടെ അക്രമികള്‍ ഓടി രക്ഷപ്പെട്ടു.

Published

|

Last Updated

ഛണ്ഡീഗഢ്| വിവാഹ ചടങ്ങില്‍ പങ്കെടുക്കവെ പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി സര്‍പഞ്ചിനെ അക്രമികള്‍ വെടിവച്ച് കൊന്നു. താന്‍ തരണ്‍ ജില്ലയിലെ സര്‍പഞ്ചായ ജര്‍മല്‍ സിങ്ങാണ് കൊല്ലപ്പെട്ടത്. അമൃത്സറിലെ ഒരു റിസോര്‍ട്ടില്‍ ഞായറാഴ്ചയായിരുന്നു സംഭവം. അതിഥികള്‍ക്കൊപ്പം കസേരയില്‍ ഇരിക്കുകയായിരുന്നു സിങ്. ഈ സമയം ഒരു സംഘം യുവാക്കള്‍ കയറിവരികയും അവരില്‍ ഒരാള്‍ യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ക്കുകയുമായിരുന്നു. തലയ്ക്ക് വെടിയേറ്റ് സിങ് നിലത്തുവീണതോടെ അക്രമികള്‍ ഓടി രക്ഷപ്പെട്ടു.

വെടിയൊച്ച കേട്ട് ഓടിയെത്തിയ ആളുകള്‍ സിങ്ങിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. രണ്ട് തവണയാണ് അക്രമികള്‍ സിങ്ങിന് നേരെ വെടിയുതിര്‍ത്തത്. നേരത്തെ മൂന്ന് തവണ വധശ്രമങ്ങളില്‍ നിന്ന് അദ്ദേഹം രക്ഷപ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കൊലയാളികളെ എത്രയും പെട്ടെന്ന് തിരിച്ചറിയാനാണ് പോലീസിന്റെ ശ്രമമെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ജഗ്ജിത് വാലിയ പറഞ്ഞു.

 

Latest