Connect with us

From the print

ലഹരി മാഫിയാ തലവനെ സൈന്യം വധിച്ചു; മെക്‌സിക്കോയില്‍ കലാപം

വാഹനങ്ങൾക്ക് തീയിട്ടു.

Published

|

Last Updated

മെക്സിക്കോ സിറ്റി | വടക്കേ അമേരിക്കന്‍ രാജ്യമായ മെക്‌സിക്കോയിലെ മയക്കുമരുന്ന് മാഫിയാ തലവനായ നെമെസിയോ ഒസെഗ്വേര സെര്‍വാന്റസ് എന്ന ‘എല്‍ മെന്‍ചോ’യെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കലാപം. രാജ്യത്തെ ഏറ്റവും ശക്തമായ ക്രിമിനല്‍ സംഘമായ ജാലിസ്‌കോ ന്യൂ ജനറേഷന്‍ (സി ജെ എന്‍ ജി) എന്ന മാഫിയാ സംഘമാണ് കലാപം അഴിച്ചുവിട്ടത്. രാജ്യത്തെ 20 സംസ്ഥാനങ്ങളിലായി അക്രമം അരങ്ങേറി. നിരവധി വ്യാപാര സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും അക്രമികള്‍ തീയിട്ടു.

സി ജെ എന്‍ ജിയുടെ തലവനാണ് കൊല്ലപ്പെട്ട എല്‍ മെന്‍ചോ (60). ഏറ്റുമുട്ടലില്‍ ഗുരുതരമായി പരുക്കേറ്റ എല്‍ മെന്‍ചോയെ ജാലിസ്‌കോ സംസ്ഥാനത്തെ തപാല്‍പ നഗരത്തില്‍ നിന്ന് മെക്‌സിക്കോ സിറ്റിയിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഏറ്റുമുട്ടലില്‍ മാഫിയാ സംഘത്തിലെ അംഗങ്ങളായ ആറ് പേര്‍ കൊല്ലപ്പെടുകയും സൈന്യത്തിലെ മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

അമേരിക്ക നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മാഫിയാ സംഘത്തിനെതിരെ സൈനിക നടപടിയുണ്ടായതെന്നാണ് വിവരം. ഇക്കാര്യം വൈറ്റ്ഹൗസ് സ്ഥിരീകരിച്ചു. അമേരിക്കന്‍ സൈന്യം നേരിട്ട് റെയ്ഡിന്റെ ഭാഗമായിട്ടില്ല. അക്രമം വ്യാപിച്ചതോടെ തെരുവുകള്‍ വിജനമായി. ജാലിസ്‌കോയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജനങ്ങളോട് വീടുകളില്‍ തന്നെ തുടരാനും അധികൃതര്‍ അഭ്യര്‍ഥിച്ചു. പൊതുപരിപാടികള്‍ റദ്ദാക്കി. എല്ലാവരും സമാധാനം പാലിക്കണമെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബാം അഭ്യര്‍ഥിച്ചു.

മെക്‌സിക്കോയിലെയും യു എസിലെയും അന്വേഷണ ഏജന്‍സികള്‍ തിരയുന്ന പിടികിട്ടാപ്പുള്ളികളില്‍ പ്രധാനിയാണ് എല്‍ മെന്‍ചോ. ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് അമേരിക്ക 1.5 കോടി ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അമേരിക്കയിലേക്കടക്കം വിവിധ രാജ്യങ്ങളിലേക്ക് വന്‍തോതില്‍ കൊക്കെയ്ന്‍ ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ കടത്തിയിരുന്നത് സി ജെ എന്‍ ജി സംഘമാണ്. മെക്സിക്കോയില്‍ നിന്നുള്ള ലഹരിമരുന്ന് കടത്ത് തടയാന്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമ്മര്‍ദം ചെലുത്തുന്നതിനിടയിലാണ് സൈനിക നീക്കം നടന്നത്.

 

---- facebook comment plugin here -----

Latest