Connect with us

manipur riot

മണിപ്പൂരിന് തീവെച്ചതാരാണ്?

ഇപ്പോൾ മണിപ്പൂരിൽ പടർന്ന് പിടിച്ച് കൊണ്ടിരിക്കുന്ന സംഘർഷത്തിന്റെ അടിസ്ഥാന ഹേതു മുൻകാലങ്ങളിൽ നിന്ന് തീർത്തും വിഭിന്നമാണ്. ഒരു കാലത്ത് സംസ്ഥാനത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ചത് വിഘടന വാദ പ്രശ്‌നങ്ങളായിരുന്നുവെങ്കിൽ ഇന്ന് പ്രബലമായ ഗോത്ര വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷങ്ങളാണ് മണിപ്പൂരിനെ പ്രക്ഷുബ്ധമാക്കുന്നത്.

Published

|

Last Updated

“എന്റെ സംസ്ഥാനം (മണിപ്പൂർ) കത്തുകയാണ്, ദയവായി സഹായിക്കൂ’. നഗരത്തിൽ അഗ്‌നിക്കിരയാക്കപ്പെട്ട കടകളുടെയും വീടുകളുടെയും സ്ഥാപനങ്ങളുടെയും ചിത്രങ്ങളോടെ ബോക്‌സിംഗ് ഇതിഹാസം മേരി കോം പങ്കുവെച്ച ട്വീറ്റാണിത്. ദിവസങ്ങളായി മണിപ്പൂരിൽ തുടരുന്ന ഏറ്റുമുട്ടലിന്റെ ഭീതിതാവസ്ഥ വെളിവാക്കുന്നതാണ് മേരി കോമിന്റെ ട്വീറ്റ്.
ദശകങ്ങളായി അക്രമണങ്ങളുടെയും സംഘർഷങ്ങളുടെയും ദുരിതം പേറുന്ന സംസ്ഥാനമായ മണിപ്പൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന വിഘടന വാദ സംഘടനകൾ രാജ്യത്തിനെതിരെ നടത്തിയ സായുധ കലാപങ്ങൾ പലവുരു സംസ്ഥാനത്തെ സമാധാന ജീവിതത്തിന് ഭംഗം വരുത്തിയിട്ടുണ്ട്. തുടർന്ന് അസ്വസ്ഥ ബാധിത പ്രദേശമായി മണിപ്പൂരിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിക്കുകയും കൂടുതൽ സൈനികരെ വിന്യസിച്ച് സൈന്യത്തിന് സവിശേഷ അധികാരം നൽകുന്ന നിയമ നിർമാണങ്ങൾ നടത്തി പ്രതിരോധിക്കുകയായിരുന്നു ഭരണകൂടം. എന്നാൽ സൈന്യത്തിന് സവിശേഷാധികാരം നൽകുന്നതിനെതിരെ സംസ്ഥാനത്ത് വലിയ ചെറുത്ത് നിൽപ്പുണ്ടാകുകയും സമരപോരാട്ടങ്ങൾക്കൊടുവിൽ സവിശേഷാധികാരം വെട്ടിക്കുറക്കുകയുമായിരുന്നു. എന്നാൽ ഇപ്പോൾ മണിപ്പൂരിൽ പടർന്ന് പിടിച്ച് കൊണ്ടിരിക്കുന്ന സംഘർഷത്തിന്റെ അടിസ്ഥാന ഹേതു മുൻകാലങ്ങളിൽ നിന്നും തീർത്തും വിഭിന്നമാണ്. ഒരു കാലത്ത് സംസ്ഥാനത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ചത് വിഘടനവാദ പ്രശ്‌നങ്ങളായിരുന്നുവെങ്കിൽ ഇന്ന് പ്രബലമായ ഗോത്ര വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷങ്ങളാണ് മണിപ്പൂരിനെ പ്രക്ഷുബ്ധമാക്കുന്നത്. ഭൂമിശാസ്ത്രപരമായ വ്യതിയാനങ്ങളെപ്പോലെത്തന്നെ വിത്യസ്തമാണ് മണിപ്പൂരിലെ സാമുദായിക വേർതിരിവും. അനേകം ഗോത്രവിഭാഗങ്ങൾ ഉൾച്ചേർന്ന് നിൽക്കുന്ന സമൂഹമായതിനാൽ തന്നെ ഗോത്രങ്ങൾക്കിടയിൽ പൊട്ടിപ്പുറപ്പെടുന്ന സംഘർഷങ്ങൾ പൊടുന്നനെ സംസ്ഥാനത്തുടനീളം വ്യാപിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ഭൂമി, അധികാരം
മണിപ്പൂരിന്റെ ഭൂമിശാസ്ത്രപരമായ ഘടനയും സാമൂഹിക സാഹചര്യങ്ങളും വിശകലനം ചെയ്താൽ മാത്രമേ നിലവിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷങ്ങളുടെ കാരണം വിലയിരുത്താൻ സാധിക്കുകയുള്ളൂ. ഭൂമി ശാസ്ത്രപരമായി പർവത മേഖല, താഴ്‌വര എന്നിങ്ങനെ രണ്ടായി മണിപ്പൂരിനെ തിരിക്കാം. മണിപ്പൂരിന്റെ 90 ശതമാനം മേഖലകളും കുന്നിൻ പ്രദേശങ്ങളാണ്. 10 ശതമാനം മാത്രമാണ് സമതല ഭൂമിയുള്ളത്. സംസ്ഥാനത്തെ പ്രധാന വിഭാഗങ്ങളാണ് മെയ്തി, കുക്കി, നാഗ, സോമി തുടങ്ങിയ വിഭാഗങ്ങൾ. മെയ്തി വിഭാഗത്തിൽ ഭൂരിപക്ഷവും ഹിന്ദുക്കളാണ്. എന്നാൽ ഗോത്രവർഗ വിഭാഗങ്ങളായ കുക്കി, നാഗ, സോമി വിഭാഗങ്ങളിൽ ഏതാണ്ട് മുഴുവനും ക്രിസ്ത്യൻ വിശ്വാസികളാണ്. സംസ്ഥാനത്തെ ജനസംഖ്യയിൽ 53 ശതമാനം വരുന്ന മെയ്തി വിഭാഗം താമസിക്കുന്നത് പത്ത് ശതമാനം വരുന്ന താഴ്‌വരയിലെ സമതല ഭൂമിയിലാണ്. ശേഷിക്കുന്ന 90 ശതമാനം വരുന്ന കുന്നിൻ പ്രദേശങ്ങളിലാണ് ജനസംഖ്യയുടെ 40 ശതമാനത്തോളം വരുന്ന കുക്കി, നാഗ, സോമി തുടങ്ങിയ ആദിവാസി വിഭാഗങ്ങൾ താമസിക്കുന്നത്. ഇവരെല്ലാം രേഖാപരമായി എസ് ടി (പട്ടിക വർഗ)വിഭാഗത്തിലാണ വരുന്നത്. ഭരണഘടനയുടെ ആർട്ടിക്കിൾ 371 സിയുടെ വ്യവസ്ഥകൾ പ്രകാരം സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച് 90 ശതമാനം വരുന്ന കുന്നിൻ പ്രദേശങ്ങളിൽ ആദിവാസികളല്ലാത്തവർക്ക് ഭൂമി വാങ്ങാൻ അനുവാദമില്ല. സംസ്ഥാന നിയമസഭയിലെ 60 സീറ്റിൽ 40 സീറ്റും താഴ്‌വാരത്തായതിനാൽ തന്നെ മെയ്തി വിഭാഗത്തിന് ഭരണ മേഖലയിൽ നിർണായക സ്വാധീനമുണ്ട്.

സംസ്ഥാന ഗോത്രവർഗ പട്ടികയിൽ മെയ്തി സമുദായത്തെ ഉൾപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടണമെന്ന് കാണിച്ച് മെയ്തി ട്രൈബ്‌സ് യൂനിയൻ മണിപ്പൂർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയാണ് പ്രദേശത്തെ സംഘർഷഭൂമിയാക്കിയ പുതിയ കലാപത്തന്റെ കാരണം. ഹരജി പരിഗണിച്ച് മണിപ്പൂർ ഹൈക്കോടതി, മെയ്തി സമുദായത്തിന് സംവരണാനുകൂല്യമുൾപ്പെടെ നൽകാൻ ഒരു മാസത്തിനുള്ളിൽ കേന്ദ്രത്തിന് റിപോർട്ട് നൽകാൻ സംസ്ഥാന സർക്കാറിന് നിർദേശം നൽകുകയായിരുന്നു. ഈ നിർദേശത്തിൽ ന്യൂനപക്ഷ ഗോത്രവിഭാഗങ്ങളായ നാഗ, കുക്കി വിഭാഗങ്ങൾ പ്രകോപിതരാവുകയും സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. മെയ്തി വിഭാഗത്തിന് സവിശേഷമായ പരിഗണന ലഭിക്കുമ്പോൾ യഥാർഥ ഗോത്രവർഗ വിഭാഗങ്ങൾക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങളും അവസരങ്ങളും നഷ്ടപ്പെടുമെന്ന ആശങ്കയാണ് ന്യൂനപക്ഷ ഗോത്രവർഗ വിഭാഗങ്ങൾ ഉയർത്തുന്നത്. ആശങ്കകളുടെ തുടർച്ചയെന്നോണം മലയോര മേഖലകളിൽ നടന്ന ഗോത്ര ഐക്യ റാലിയിൽ ചിലയിടങ്ങളിൽ അക്രമം പൊട്ടിപ്പുറപ്പെടുകയും സംസ്ഥാനത്തുടനീളം വ്യാപിക്കുകയുമായിരുന്നു.
ബുധനാഴ്ച മുതൽ സംഘർഷങ്ങൾ അരങ്ങേറിയ മണിപ്പൂർ വെള്ളിയാഴ്ചയോടെ നിയന്ത്രണവിധേയമായെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഇരു വിഭാഗങ്ങൾക്കിടയിലും സായുധ സംഘങ്ങൾക്കും സുരക്ഷാ സേനക്കുമിടയിലും വലിയ ഏറ്റുമുട്ടലുകളാണ് നടന്നിട്ടുള്ളത്. സംസ്ഥാന വ്യാപകമായ അക്രമണങ്ങളിൽ 54 പേർ മരിച്ചതായും മരണ സംഖ്യ ഉയർന്നേക്കാമെന്നും ദേശീയ മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നുണ്ട്. കൂടാതെ 13,000ത്തോളം പേരെ സൈന്യം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്. സംഘർഷം നിയന്ത്രണ വിധേയമാക്കാൻ സർക്കാർ കൂടുതൽ സൈന്യത്തെ വിന്യസിക്കുകയും ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.

അതിജീവന പ്രശ്‌നം
തങ്ങളുടെ അതിജീവന പ്രശ്‌നമായാണ് ആദിവാസി വിഭാഗങ്ങൾ കോടതി ഉത്തരവിനെയും സർക്കാർ നീക്കങ്ങളെയും നോക്കിക്കാണുന്നത്. നേരത്തേ തന്നെ ഒ ബി സി പദവിയിലിരിക്കുന്ന മെയ്തികൾ പട്ടിക വർഗ പദവി ആവശ്യപ്പെടുന്നതിന് പിന്നിൽ കൃത്യമായ അജൻഡകളുണ്ടെന്നാണ് ആദിവാസി വിഭാഗങ്ങളുടെ ആരോപണം. ഭരണതലത്തിൽ വലിയ സ്വാധീനമുള്ള ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്തി വിഭാഗത്തിന് പട്ടികവർഗ പദവി നൽകുന്നത് സംസ്ഥാനത്ത് പിന്നാക്കം നിൽക്കുന്ന ആദിവാസി വിഭാഗങ്ങളുടെ വിദ്യാഭ്യാസ, തൊഴിൽ മേഖലകളിലുള്ള വളർച്ചക്ക് വിഘാതം സൃഷ്ടിക്കുകയും തങ്ങളുടെ ആനൂകൂല്യങ്ങൾ മെയ്തി വിഭാഗം കൈവശപ്പെടുത്തുകയും ചെയ്യുമെന്നാണ് ആദിവാസി വിഭാഗങ്ങൾ മുന്നോട്ട് വെക്കുന്ന ആശങ്ക. ഭരണവർഗത്തിന് ഏറെ താത്പര്യമുള്ള മെയ്തി വിഭാഗത്തിന് പട്ടികവർഗ പദവി ലഭിക്കുകയാണെങ്കിൽ യഥാർഥ അവകാശികളായ മറ്റു ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങൾ ഹനിക്കപ്പെടുമെന്നത് ആരോപണമെന്നതിലുപരി യാഥാർഥ്യം കൂടിയാണ്. തങ്ങളുടെ ഭൂമി കൂടി കൈയേറാനുള്ള ശ്രങ്ങൾ കൂടി മെയ്തി വിഭാഗത്തിന്റെ ഈ നീക്കത്തിന് പിന്നിലുണ്ടെന്നാണ് ഐക്യറാലി സംഘടിപ്പിച്ച ആൾ മണിപ്പൂർ ട്രൈബൽ യൂണിയന്റെ വാദം. കൂടാതെ സംസ്ഥാനത്തെ സ്വകാര്യ ഭൂമികളിൽ 60 ശതമാനത്തിലേറെയും കൈവശപ്പെടുത്തി വെച്ചിരിക്കുന്നവരാണ് മെയ്തി വിഭാഗമെന്നും പട്ടികവർഗ പദവി ലഭിക്കുന്നതോടെ ശേഷിക്കുന്ന ഭൂമി കൂടി കൈവശപ്പെടുത്താൻ അർഹതപ്പെട്ടവരാകുകയും തങ്ങളുടെ ശേഷിക്കുന്ന ഭൂമി പോലും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുകയും ചെയ്യുമെന്നും അവർ ആരോപിക്കുന്നു. നിലവിൽ പട്ടികവർഗങ്ങൾക്കായി നിയമസഭയിൽ നീക്കിവെച്ച സീറ്റുകൾ കൂടി മെയ്തികൾ കൈക്കലാക്കുമെന്ന ആരോപണം കൂടി ആദിവാസി വിഭാഗങ്ങൾ ഉന്നയിക്കുന്നുണ്ട്. സംസ്ഥാനത്ത് എൻ ആർ സി നടപ്പാക്കണമെന്ന ആവശ്യം മെയ്തികൾ ഉയർത്തിയതും ഇത് തങ്ങളെ കുടിയൊഴിപ്പിക്കുന്നതിലേക്കുള്ള കരുക്കൾ നീക്കുന്നതിന്റെ ഭാഗമാണെന്നും ആദിവാസി ഗോത്രവിഭാഗങ്ങൾ വിലയിരുത്തുന്നു.

ക്രിസ്ത്യൻ വേട്ട
കേവലം കോടതി നിർദേശത്തെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട സംഘർഷമെന്നതിലുപരി രാഷ്ട്രീയവും മതപരവുമായ തലങ്ങളും സംഘർഷത്തിന് പിന്നിലുണ്ടെന്ന് വേണം മനസ്സിലാക്കാൻ. ബിരേൺ സിംഗിന്റെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാറിന്റെ സമീപ കാലത്തുള്ള ഇടപെടലുകളും അക്രമം പൊടുന്നനെ വ്യാപിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ബി ജെ പി സർക്കാർ അധികാരത്തിലെത്തിയതോടെ കൂടുതലായും ഹിന്ദു വിശ്വാസികൾ ഉൾക്കൊള്ളുന്ന മെയ്തി വിഭാഗത്തിന് കൂടുതൽ പരിഗണന ലഭിക്കുന്നുവെന്നും ന്യൂനപക്ഷ ക്രൈസ്തവ വിഭാഗത്തിന്റെ അസ്തിത്വം ചോദ്യം ചെയ്യപ്പെടുന്നുവെന്നുമുള്ള ആരോപണങ്ങളെ ശരിവെക്കുന്ന പല നടപടികളും ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. മെയ്തി വിഭാഗത്തിലെ സംഘടനകളുടെയടക്കം ആവശ്യപ്രകാരം അടുത്ത കാലത്തായി മണിപ്പൂർ സർക്കാർ മലയോര മേഖലകളിൽ നടത്തിയ കുടിയൊഴിപ്പിക്കൽ ആദിവാസി വിഭാഗങ്ങളിൽ വലിയ അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. അയൽ രാജ്യങ്ങളിൽ നിന്ന് കുക്കി വിഭാഗങ്ങൾ സംസ്ഥാനത്തേക്ക് നുഴഞ്ഞ് കയറിയെന്നും ഇതിന് തദ്ദേശീയരായ കുക്കി വിഭാഗത്തിന്റെ പിന്തുണയുണ്ടെന്നുമുള്ള ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ കുടിയൊഴിപ്പിക്കലിന് മുതിർന്നത്.

താഴ്‌വരയിലേക്ക് അധിനിവേശം നടത്തുന്ന കുക്കികളെ തടയുന്നതിന് മറ്റു മാർഗങ്ങളില്ലെന്നായിരുന്നു സർക്കാർ ഭാഷ്യം. സർക്കാർ ഭൂമിയിൽ അനധികൃത നിർമാണം ആരോപിച്ച് മാസങ്ങൾക്ക് മുമ്പ് മണിപ്പൂരിലെ ആദിവാസി കോളനികളിലെ ചർച്ചുകൾ ഭരണകൂടം പൊളിച്ച് മാറ്റിയിരുന്നു. കാത്തലിക് ഹോളി സ്പിരിറ്റ് പള്ളി, ഇവാഞ്ചലിക്കൽ ലൂഥറൻ ചർച്ച്, ഇവാഞ്ചലിക്കൽ ബാപ്റ്റിസ്റ്റ് കൺവെൻഷൻ ചർച്ച് എന്നിവ പൊളിച്ച് മാറ്റിയതിനെതിരെ ജനസംഖ്യയുടെ 41 ശതമാനവും ക്രിസ്ത്യാനികളായ മണിപ്പൂരിലെ ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധം ഉയർന്ന് വന്നിരുന്നു. ഭൂരിഭാഗം നിയമസഭാ സീറ്റുകളും സ്ഥിതി ചെയ്യുന്ന താഴ്‌വരയിലെ ഭൂരിപക്ഷ സമുദായത്തെ പ്രീണിപ്പിക്കുന്ന ഇടപെടലുകൾ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായതും ബി ജെ പി സർക്കാർ പ്രബല വിഭാഗത്തോട് പക്ഷപാതപരമായി പെരുമാറുന്നുവെന്ന ധാരണ തിരുത്താൻ തയ്യാറാകാതെ പോയതും ഇരുവിഭാഗങ്ങൾക്കിടയിൽ ശത്രുത വർധിക്കാനും പരസ്പരം ഏറ്റുമുട്ടാനും വഴിയൊരുക്കി.

മ്യാൻമർ
മണിപ്പൂരിനെ അസ്വസ്ഥബാധിത പ്രദേശമായി നിലനിർത്താൻ മ്യാന്മാർ കേന്ദ്രീകരിച്ചുള്ള ഗൂഢാലോചനയുണ്ടെന്നാണ് കേന്ദ്ര ഏജൻസികൾ വ്യക്തമാക്കുന്നത്. എന്നാൽ കൃത്യമായ ഇടപെടലുകളിലൂടെ നിയന്ത്രണവിധേയമാക്കാമായിരുന്ന മണിപ്പൂരിലെ ആക്രമണ സംഭവങ്ങളിൽ തുടക്കത്തിൽ കേന്ദ്രം നിസ്സംഗത പുലർത്തി. 2017 ലെ തിരഞ്ഞെടുപ്പ് വേളയിൽ വിത്യസ്ത വിഭാഗങ്ങൾക്കിടയിൽ സമാധാന ചർച്ചകൾക്ക് തുടക്കമിട്ടതിന് മോദി സർക്കാർ വലിയ കൈയടി നേടിയെങ്കിലും അത് കേവലം സമുദായങ്ങളുടെ വോട്ട് കൈക്കലാക്കുന്നതിനായുള്ള ഗിമ്മിക്കുകളായിരുന്നുവെന്നാണ് ശേഷമുള്ള ഇടപെടലുകൾ വ്യക്തമാക്കുന്നത്. ഇരു വിഭാഗങ്ങൾക്കിടയിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതിനിടയിൽ, ജാഗ്രതയോടെ വിഷയത്തെ കൈകാര്യം ചെയ്യുന്നതിന് പകരം പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും കർണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പറന്നത് സംഘർഷം വഷളാക്കുന്നതിന് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഭരണകൂടങ്ങൾ ഗോത്രവിഭാഗങ്ങളുടെ വിശ്വാസ്യത വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങൾ സ്വീകരിക്കുകയും അധഃസ്ഥിത വിഭാഗങ്ങളുടെ അവകാശങ്ങൾ കവരുന്ന രൂപത്തിലുള്ള നിയമ നിർമാണങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയും വേണം.

---- facebook comment plugin here -----

Latest