Connect with us

Kerala

പള്ളികളില്‍ ബോധവത്കരണം നടത്തണമെന്ന് പറഞ്ഞെന്നും ഇല്ലെന്നും; സ്വയം റദ്ദാക്കി പിഎംഎ സലാം

പള്ളികളില്‍ ബോധവത്കരണം നടത്തണമെന്ന് മുസ്ലിം ലീഗും മതസംഘടനാ നേതാക്കളും പറഞ്ഞിട്ടില്ലെന്ന് സലാം

Published

|

Last Updated

കോഴിക്കോട് | വഖഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിട്ടതിനെതിരെ പള്ളികള്‍ കേന്ദ്രീകരിച്ച് ബോധവത്കരണം നടത്തണമെന്ന മുന്‍ പ്രസ്താവന സ്വയം റദ്ദാക്കി മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. പള്ളികളില്‍ ബോധവത്കരണം നടത്തണമെന്ന് മുസ്ലിം ലീഗും മതസംഘടനാ നേതാക്കളും പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതേ പ്രസംഗത്തില്‍ തന്നെ മതസ്ഥാപനങ്ങളില്‍ ബോധവത്കരണം നടത്തണമെന്ന് മതസംഘടനകള്‍ തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് ബീച്ചില്‍ മുസ്ലിം ലീഗ് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയില്‍ സ്വാഗത പ്രസംഗം നടത്തുന്നതിനിടയിലാണ് ലീഗ് ജനറല്‍ സെക്രട്ടറി ഒരേ പ്രസംഗത്തില്‍ തന്നെ വാക്കുകള്‍ സ്വയം റദ്ദാക്കിയത്.

വഖഫ് നിയമനം സംബന്ധിച്ച നിയമം വന്നപ്പോള്‍ അതിനെതിരെ പ്രക്ഷോഭം നടത്താന്‍ സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള മതസംഘടനകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു. ഇതനുസരിച്ച് കമ്മിറ്റി യോഗം ചേരുകയും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുകയും ചെയ്തു. എന്നാല്‍ മുഖ്യമന്ത്രി ഇത് പരിഗണിക്കാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കോര്‍ കമ്മിറ്റി വീണ്ടും ചേര്‍ന്നു. ലീഗും ഇകെ സുന്നിയും ഉള്‍പ്പെടെ 16 സംഘടനകളുടെ ഓരോ പ്രതിനിധികള്‍ വീതമാണ് ആ യോഗത്തില്‍ പങ്കെടുത്തത്. വഖഫ് വിഷയം മതത്തെ ബാധിക്കുന്നതാണെന്നും അതിനാല്‍ അതിനെതിരെ മതസ്ഥാപനങ്ങള്‍ ഉപയോഗിച്ച് ബോധവത്കരണം നടത്തുവാനുമാണ് ആ യോഗത്തില്‍ തീരുമാനമുണ്ടായത്. മുസ്ലിം ലീഗിന് പള്ളികളില്ല, മദ്‌റസകളില്ല. ഇതൊക്കെ ഉള്ളത് മത സംഘറ്റനകള്‍ക്കാണ്. അവരാണ് ബോധവത്കരണത്തിന് മതസ്ഥാപനങ്ങള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചത്.

ഈ തീരുമാനം നേതാക്കള്‍ മാധ്യമങ്ങളെ അറിയിച്ചു. അതേദിവസം തന്നെ പള്ളികള്‍ ഇതുപോലുള്ള കാര്യങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ സംഘര്‍ഷവും കലാപവും ഉണ്ടാകുമെന്ന തരത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രചാരണം തുടങ്ങി. ഇതോടെ പള്ളികളില്‍ ഒരു കാരണത്താലും പ്രശ്‌നങ്ങള്‍ ഉണ്ടാകരുതെന്ന് മതസംഘടനാ നേതാക്കള്‍ തീരുമാനിച്ചു. തുടര്‍ന്ന് പ്രശ്‌ന സാധ്യതയുള്ള സ്ഥലങ്ങളില്‍ മഹല്ല് അടിസ്ഥാനത്തിലും പഞ്ചായത്ത് അടിസ്ഥാനത്തിലും അല്ലാത്ത സ്ഥലങ്ങളില്‍ സ്ഥാപനങ്ങളിലും ബോധവത്കരണം നടത്താന്‍ മതസംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു.

ഇത്രയും പറഞ്ഞ ശേഷമാണ് തന്റെ മുന്‍വാക്കുകള്‍ അദ്ദേഹം തന്നെ റദ്ദാക്കിയത്. പള്ളികളില്‍ ബോധവത്കരണം നടത്തണമെന്ന് മുസ്ലിം ലീഗോ മത സംഘടനകളോ എവിടെയും പറഞ്ഞിട്ടില്ല. അത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ദുഷ്ടലാക്കോടെ മുസ്ലിംകള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ വേണ്ടി പ്രചരിപ്പിച്ചതാണ്. പള്ളികളില്‍ സംഘര്‍ഷം ഉണ്ടാകുമെന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പറഞ്ഞാല്‍ അതിനര്‍ഥം, അവര്‍ അതുണ്ടാക്കുമെന്നാണ്. അതുകൊണ്ട് അത് വേണ്ട എന്ന് കോര്‍ കമ്മിറ്റി തീരുമാനിക്കുകയായിരുന്നുവെന്നും പിഎംഎ സലാം പറഞ്ഞു.