Articles
വിശ്വാസം വീണ്ടും വിധി പറയാനൊരുങ്ങുമ്പോള്‍
ഏകീകൃത സിവില്‍ കോഡില്‍ രാഷ്ട്രീയ ഇന്ധനം കണ്ടെത്തിയ ബി ജെ പി തത്കാലം അത് മാറ്റിവെച്ച മട്ടാണ്. മണിപ്പൂര്‍, ഹരിയാന സംഘര്‍ഷങ്ങളില്‍ പ്രതിരോധത്തിലായിരിക്കെ ദീര്‍ഘകാല നിലനില്‍പ്പുള്ള പുതിയൊരു ബിന്ദുവിലേക്ക് രാജ്യത്തെ രാഷ്ട്രീയ ശ്രദ്ധ തിരിച്ചുവിടുകയും വേണം. അതിന് പ്രധാനമന്ത്രി തന്നെ ലോക്‌സഭയില്‍ പ്രതിനിധാനം ചെയ്യുന്ന വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദിന്‍മേലുള്ള അവകാശ തര്‍ക്കം ഉയര്‍ത്തിക്കൊണ്ടുവരുന്നതിനേക്കാള്‍ മികച്ചതൊന്ന് വര്‍ത്തമാനകാല ഇന്ത്യയില്‍ ലഭിക്കാനിടയില്ല.

ക്രിമിനല്‍ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയുടെ ശിക്ഷാ വിധി സ്റ്റേ ചെയ്തുകൊണ്ടുള്ള സുപ്രീം കോടതി വിധിതീര്‍പ്പ് ജനാധിപത്യ ഇന്ത്യക്ക് ആവേശം പകരുന്നതാണ്. പ്രതീക്ഷിക്കപ്പെട്ട വിധിയായിരുന്നു അത്. രാജ്യത്തെ പരമോന്നത നീതിപീഠം മറുത്തൊരു വിധിയായിരുന്നു പ്രഖ്യാപിച്ചതെങ്കില്‍ അത് മാധ്യമ തലക്കെട്ടുകളില്‍ നിറയുമായിരുന്നു. വലിയ വിമര്‍ശങ്ങള്‍ക്ക് കളമൊരുക്കുകയും ചെയ്യുമായിരുന്നു. രാഹുല്‍ ഗാന്ധിക്ക് എതിരായ വിധിതീര്‍പ്പ് അസാധ്യമാകും വിധം പൊരുത്തക്കേടുകളും പോരായ്മകളും മുഴച്ചുനിന്നിരുന്നു രാഹുല്‍ ഗാന്ധിയുടെ ശിക്ഷാ വിധി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച ഗുജറാത്ത് ഹൈക്കോടതി വിധിയില്‍. ആ യാഥാര്‍ഥ്യത്തോട് മുഖം തിരിക്കുക രാജ്യത്തെ പരമോന്നത കോടതിക്ക് എളുപ്പമായിരുന്നില്ല. അപ്പോഴും സുപ്രീം കോടതി വിധി ജനാധിപത്യത്തിന്റെ വിജയമായിത്തന്നെ ആഘോഷിക്കാന്‍ പോന്നതാണ്. പരമോന്നത നീതിപീഠത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാറിന് സമീപകാലത്ത് നേരിട്ട വലിയൊരു തിരിച്ചടിയാണ് വിധി. പക്ഷേ, അത്രമേല്‍ രാഷ്ട്രീയ പ്രാധാന്യമുള്ളതും രാഷ്ട്രീയമായി ഫലമുളവാക്കുന്നതുമല്ല രാഹുല്‍ ഗാന്ധിയുടെ ശിക്ഷാ വിധി സ്റ്റേ ചെയ്ത സുപ്രീം കോടതി വിധി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിര്‍ണായക ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്രീകൃതമാണ് രാജ്യത്തെ രാഷ്ട്രീയമിപ്പോള്‍. എം പി സ്ഥാനം വീണ്ടെടുക്കുന്ന രാഹുല്‍ ഗാന്ധി പ്രതിപക്ഷ നിരയില്‍ ആത്മവിശ്വാസമുണ്ടാക്കുമെങ്കിലും വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷാനുകൂല ഫാക്ടറായി സുപ്രീം കോടതി വിധി മാറാനിടയില്ല. അതേസമയം, രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കുന്ന ഭരണകൂടം “അയോഗ്യത’ ചാര്‍ത്തി മാറ്റിനിര്‍ത്തിയ രാഹുല്‍ ഗാന്ധി പ്രതിപക്ഷ നിരയിലെ തീപ്പന്തമായി ജ്വലിക്കുമായിരുന്നു. ബി ജെ പിയുടെ നെഞ്ചിടിപ്പേറാന്‍ അത് മാത്രം മതിയായിരുന്നു എന്നതിനാല്‍ തന്നെ രാഹുല്‍ വിധിയില്‍ രാജ്യം ഭരിക്കുന്നവരില്‍ കാര്യമായ നിരാശ കാണാനില്ല. അതിനാലാകണം വര്‍ത്തമാനകാല ഇന്ത്യനവസ്ഥയില്‍ അത്തരമൊരു വിധിതീര്‍പ്പ് നടത്താന്‍ പരമോന്നത നീതിപീഠത്തിനും കൂടുതല്‍ ആലോചിക്കേണ്ടി വന്നിരിക്കില്ല. എന്നാല്‍ അതേ ദിവസം തന്നെ സുപ്രീം കോടതിയില്‍ നിന്നുണ്ടായ ഗ്യാന്‍വാപി വിധിയുടെ ചിത്രം നേര്‍ വിപരീതമാണ്.
രാജ്യത്തെ നീതിപീഠം അതിന്റെ ചരിത്രപരമായ പിഴവുകള്‍ ആവര്‍ത്തിക്കുകയാണോ എന്ന ആശങ്ക പരക്കാന്‍ കാരണമായ, ബാബരിയുടെ വഴിയെ ഗ്യാന്‍വാപിയും എന്ന് ജനാധിപത്യ മതനിരപേക്ഷ വിശ്വാസികളെ ഉത്കണ്ഠയിലാക്കുന്ന കാഴ്ചയൊരുക്കിയിരിക്കുന്നു ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട ഹരജിയിലെ സുപ്രീം കോടതി വിധി. ആ വിധി ബി ജെ പിക്കും സംഘ്പരിവാര്‍ പ്രത്യയശാസ്ത്രത്തിനും ആവേശം പകരുന്നതും പ്രധാനവുമാണ്. ബാബരി മസ്ജിദില്‍ അവകാശവാദം ഉന്നയിച്ചും രാമക്ഷേത്രം ഉയര്‍ത്തിക്കാട്ടിയും പതിറ്റാണ്ടിലേറെക്കാലം തിരഞ്ഞെടുപ്പിനെ നേരിട്ടിട്ടുണ്ട് ബി ജെ പി. ഇത്തവണ ഏകീകൃത സിവില്‍ കോഡ് പ്രധാന തിരഞ്ഞെടുപ്പ് അജന്‍ഡയാക്കാമെന്നും കരുതിയതാണ്. പക്ഷേ, ആ കണക്കുകൂട്ടല്‍ ഏറെക്കുറെ തെറ്റിയിരിക്കുന്നു. ഏകീകൃത സിവില്‍ കോഡ് ഇരുതല മൂര്‍ച്ചയുള്ള വാളാണെന്ന ബോധ്യം പതിയെ ബി ജെ പിക്കും വന്നിട്ടുണ്ട്. കോഡിനായി കൂടുതല്‍ രംഗത്തിറങ്ങിയാല്‍ കാലിനടിയിലെ മണ്ണൊലിച്ചു പോകും.
ഏകീകൃത സിവില്‍ കോഡ് വിരുദ്ധരായ മുസ്‌ലിംകള്‍ എന്ന പുതിയ അപരരൂപ നിര്‍മിതിയില്‍ ലോക്‌സഭയില്‍ ഹാട്രിക്ക് തികക്കാമെന്ന് കരുതിയ ബി ജെ പിക്ക് ഗോത്ര വിഭാഗങ്ങളുടെയും പട്ടികജാതിക്കാരുടെയും മുസ്‌ലിം ഇതര ന്യൂനപക്ഷ വിഭാഗങ്ങളുടെയും കോഡെതിര്‍പ്പ് കാണേണ്ടിവന്നു. അതിനാല്‍ ഭൂരിപക്ഷ സമുദായത്തിനകത്തെ നവീകരണം മുഖ്യ ലക്ഷ്യമാക്കി ഡോ. ബി ആര്‍ അംബേദ്കറുടെ നേതൃത്വത്തില്‍ ഭരണഘടനാ ശില്‍പ്പികള്‍ അവതരിപ്പിച്ച ഏകീകൃത സിവില്‍ കോഡില്‍ രാഷ്ട്രീയ ഇന്ധനം കണ്ടെത്തിയ ബി ജെ പി തത്കാലം അത് മാറ്റിവെച്ച മട്ടാണ്. പകരം, വരുന്ന തിരഞ്ഞെടുപ്പുകളെ നേരിടാന്‍ മറ്റൊരു വജ്രായുധം വേണം. മണിപ്പൂര്‍, ഹരിയാന സംഘര്‍ഷങ്ങളില്‍ പ്രതിരോധത്തിലായിരിക്കെ ദീര്‍ഘകാല നിലനില്‍പ്പുള്ള പുതിയൊരു ബിന്ദുവിലേക്ക് രാജ്യത്തെ രാഷ്ട്രീയ ശ്രദ്ധ തിരിച്ചുവിടുകയും വേണം. അതിന് പ്രധാനമന്ത്രി തന്നെ ലോക്‌സഭയില്‍ പ്രതിനിധാനം ചെയ്യുന്ന വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദിന്‍മേലുള്ള അവകാശ തര്‍ക്കം ഉയര്‍ത്തിക്കൊണ്ടുവരുന്നതിനേക്കാള്‍ മികച്ചതൊന്ന് വര്‍ത്തമാനകാല ഇന്ത്യയില്‍ ലഭിക്കാനിടയില്ല. ബാബരിയിലെ അവകാശ തര്‍ക്കം പൂര്‍ണതയിലെത്തിയ ശേഷമാകയാല്‍ വിവാദം കൂടുതല്‍ തലങ്ങളിലേക്ക് ആളിക്കത്തിക്കാനും രാജ്യമാകെ പടര്‍ത്തി വിടാനും മധ്യകാല ഇന്ത്യയെ പ്രതി ചരിത്ര അപനിര്‍മിതിക്ക് ഒരു സഹായം നല്‍കാനുമെല്ലാം കഴിയും. രാമക്ഷേത്രവും ജമ്മു കശ്മീരിന്റെ സവിശേഷ പദവി റദ്ദാക്കലും മുത്വലാഖ് നിരോധന നിയമവും മതപരിവര്‍ത്തന നിരോധന നിയമങ്ങളും തുടങ്ങി തങ്ങളുടെ സുവര്‍ണ കാലത്തെ മറ്റൊരു നേട്ടമായി ഗ്യാന്‍വാപി മസ്ജിദിലെ ശിവക്ഷേത്ര അവകാശവാദങ്ങളെ മാറ്റിത്തീര്‍ക്കാന്‍ സംഘ്പരിവാറിന് കഴിയുകയും ചെയ്യും.
മേല്‍ചൊന്ന രാഷ്ട്രീയ കാരണങ്ങള്‍ നീതിപീഠ വിധിയെ അങ്ങനെ തന്നെ സ്വാധീനിക്കണമെന്നില്ല. അപ്പോഴും ഗ്യാന്‍വാപിയില്‍ പരമോന്നത നീതിപീഠത്തിന് ജാഗ്രതക്കുറവ് സംഭവിച്ചിട്ടുണ്ടെന്നത് കാണാതിരിക്കാനാകില്ല. ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട രണ്ട് ഹരജികളാണ് സുപ്രീം കോടതിയിലെത്തിയത്. ഗ്യാന്‍വാപി മസ്ജിദിന് മേല്‍ അവകാശവാദം ഉന്നയിക്കുന്ന സിവില്‍ അന്യായം 1991ലെ ആരാധനാ സ്ഥല നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്നതല്ല എന്ന് ചൂണ്ടിക്കാട്ടുന്നതായിരുന്നു അതിലൊന്ന്. തതടിസ്ഥാനത്തില്‍ സമര്‍പ്പിക്കപ്പെട്ട ഹരജി അലഹബാദ് ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഗ്യാന്‍വാപി മസ്ജിദ് കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചത്. മസ്ജിദില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് സര്‍വേ നടത്താന്‍ അനുമതി നല്‍കിയ ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ചതാണ് രണ്ടാമത്തെ ഹരജി. 1991ലെ ആരാധനാ സ്ഥല നിയമത്തിന്റെ അടിസ്ഥാനത്തില്‍, ഗ്യാന്‍വാപി മസ്ജിദിന്‍മേല്‍ അവകാശവാദം ഉന്നയിക്കുന്ന സിവില്‍ അന്യായം തള്ളണമെന്ന ഹരജിയില്‍ അന്യായക്കാര്‍ക്ക് നോട്ടീസ് അയച്ച സുപ്രീം കോടതി വിചാരണ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു. എ എസ് ഐ സര്‍വേക്ക് അനുമതി നല്‍കിയ അലഹബാദ് ഹൈക്കോടതി വിധി അംഗീകരിക്കുകയും ചെയ്തു പരമോന്നത നീതിപീഠം.
ആരാധനാലയങ്ങളുടെ കാര്യത്തില്‍ 1947 ആഗസ്റ്റ് 15ലെ സ്ഥിതിയില്‍ മാറ്റംവരുത്തരുതെന്ന് നിഷ്‌കര്‍ഷിക്കുന്നതാണ് ആരാധനാ സ്ഥല നിയമം. തതടിസ്ഥാനത്തില്‍ സിവില്‍ അന്യായത്തിന്റെ സാധുത തന്നെ ചോദ്യം ചെയ്യുന്ന ഹരജിയായിരുന്നു പരമോന്നത കോടതി ആദ്യം കേള്‍ക്കേണ്ടത്. അക്കാര്യത്തില്‍ തീര്‍പ്പു കല്‍പ്പിച്ചിട്ടാണല്ലോ എ എസ് ഐ സര്‍വേയുടെ പ്രശ്‌നം തന്നെ ഉദിക്കുന്നത്. പക്ഷേ, ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വേ നടക്കട്ടെ എന്ന അവധാനതയില്ലാത്ത സമീപനമാണ് സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്. സര്‍വേക്ക് ഉത്തരവിടുമ്പോള്‍ തന്നെ 500 വര്‍ഷങ്ങള്‍ക്കപ്പുറത്ത് എന്ത് സംഭവിച്ചു എന്നന്വേഷിക്കുകയാണെന്ന, ഗ്യാന്‍വാപി മസ്ജിദ് കമ്മിറ്റിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹുസേഫ അഹ്‌മദിയുടെ വാക്കുകളില്‍ നിന്ന് തന്നെ സുപ്രീം കോടതി വിധിയുടെ പരിണത ഫലം വ്യക്തമാണ്. നാളെ ആരെങ്കിലും നിരര്‍ഥകമായ ഒരു അന്യായം ഫയല്‍ ചെയ്യുകയും അവിടെ ഭൂമിക്കടിയില്‍ എന്തെങ്കിലുമുണ്ടോ എന്ന് സര്‍വേ നടത്തണമെന്ന് ആദ്യമേ ആവശ്യപ്പെടുകയും ചെയ്താല്‍ സര്‍വേ നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യയോട് കോടതി ആവശ്യപ്പെടുമോ എന്ന് നീതിപീഠത്തോട് ചോദിക്കുന്നുണ്ട് ഹുസേഫ അഹ്‌മദി. നിങ്ങള്‍ക്ക് നിരര്‍ഥകമായത് മറുഭാഗത്ത് വിശ്വാസമാണ് എന്നായിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ അതിനോടുള്ള പ്രതികരണം. എന്നാല്‍ കേവല വിശ്വാസങ്ങളുടെ പേരില്‍ രാജ്യത്താകമാനം ആരാധനാലയങ്ങളുടെ കാര്യത്തില്‍ അവകാശവാദങ്ങള്‍ ഉയര്‍ന്നു വരാതിരിക്കാനുള്ള പരിരക്ഷയാണ് ആരാധനാ സ്ഥല നിയമം എന്ന് മുഖ്യ ന്യായാധിപന്‍ ഓര്‍ത്തില്ല. ബാബരി മസ്ജിദിന്റെ കാര്യത്തില്‍ വിശ്വാസവും ഐതീഹ്യവുമാണ് തീര്‍പ്പുകല്‍പ്പിച്ചത് എന്ന സത്യം നമുക്ക് മുമ്പിലുണ്ട് താനും.