Editorial
ജനാധിപത്യം കുടുംബാധിപത്യത്തിന് വഴിമാറുമ്പോള്‍
പാര്‍ട്ടികളില്‍ ആന്തരിക ജനാധിപത്യം ഉറപ്പാക്കുകയും സ്ഥാനാര്‍ഥിത്വം നിര്‍ണയിക്കുന്നതിന് സുതാര്യവും നീതിയുക്തവുമായ മാനദണ്ഡങ്ങള്‍ സ്വീകരിക്കുകയുമാണ് കുടുംബാധിപത്യത്തില്‍ നിന്ന് പാര്‍ട്ടികളെ മോചിപ്പിക്കാനുള്ള മാര്‍ഗം.
രാഷ്ട്രീയ പരിജ്ഞാനം, പ്രവര്‍ത്തനപരിചയം, സേവന സന്നദ്ധത, നേതൃപരമായ കഴിവ് തുടങ്ങിയവയാണ് പാര്‍ലിമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ഥിത്വത്തിന് പരിഗണിക്കേണ്ടത്. അതാണ് ജനാധിപത്യപരമായ നിര്‍ണയ രീതി. ഇന്നു പക്ഷേ നേതാക്കളുടെ ബന്ധുത്വമാണ് മുഖ്യയോഗ്യതയായി പരിഗണിക്കുന്നത്. ഒരു നേതാവ് രാഷ്ട്രീയത്തില്‍ സ്വാധീനം നേടിക്കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ മക്കളും പേരമക്കളും ബന്ധുക്കളും രാഷ്ട്രീയ പിന്‍ഗാമികളായി കടന്നുവരുന്നു. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി പട്ടികയിലൂടെ കണ്ണോടിച്ചാല്‍ ഇക്കാര്യം വ്യക്തം. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവ് ഒരു കാലത്ത് ബിഹാര്‍ രാഷ്ട്രീയത്തിലെ മുടിചൂടാ മന്നനായിരുന്ന ലാലുപ്രസാദ് യാദവിന്റെ മകനാണ്. ബി ജെ പി സഖ്യകക്ഷിയായ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച നേതാവും മുന്‍ സംസ്ഥാന മന്ത്രിയുമായിരുന്ന ശകുനി ചൗധരിയുടെ മകനാണ് താരാപൂരിലെ ബി ജെ പി സ്ഥാനാര്‍ഥി സാമ്രാട്ട് ചൗധരി. നേതാക്കളുടെ അടുത്ത ബന്ധുക്കളാണ് സ്ഥാനാര്‍ഥി പട്ടികകളില്‍ ഇടം നേടിയവരില്‍ നല്ലൊരു പങ്കും.
രാഷ്ട്രീയത്തിലെ കുടുംബാധിപത്യത്തെയും മക്കള്‍ രാഷ്ട്രീയത്തെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു ബി ജെ പി. അവിടെയും അരങ്ങു തകര്‍ക്കുകയാണിപ്പോള്‍ കുടുംബാധിപത്യം. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ മകന്‍ പങ്കജ് സിംഗ്, സുഷമാ സ്വരാജിന്റെ മകള്‍ ബാംസുരി സ്വരാജ്, വാജ്പയ് മന്ത്രിസഭയിലെ അംഗങ്ങളായിരുന്ന ദേവ്പ്രകാശ് ഗോയല്‍, ദേബേന്ദ്ര പ്രധാന്‍ എന്നിവരുടെ മക്കളായ പീയൂഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ മകന്‍ ശ്രീകാന്ത് ഷിന്‍ഡെ തുടങ്ങിയവരെല്ലാം പിതാക്കളുടെയോ മാതാക്കളുടെയോ ഓരംപറ്റി രാഷ്ട്രീയത്തിലേക്ക് കടന്നുവന്നവരാണ്. വിവിധ സംസ്ഥാനങ്ങളിലെ നിലവിലുള്ള 2,078 ബി ജെ പി. എം എല്‍ എമാരില്‍ 18.62 ശതമാനവും കുടുംബരാഷ്ട്രീയത്തിലൂടെ കടന്നെത്തിയവരാണ്. ബി ജെ പിയില്‍ കുടുംബാധിപത്യം അനുവദിക്കില്ലെന്ന നിലപാടായിരുന്നു തുടക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. ആദ്യകാലത്ത് പാര്‍ട്ടി യോഗങ്ങളില്‍ അത് തുറന്നു പറയുകയും ചെയ്തിരുന്നു അദ്ദേഹം. മക്കളില്ലാത്തത് കൊണ്ട് മോദിക്ക് ഈ നിലപാട് പാകവുമാണ്. സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി പഴയ നിലപാട് അദ്ദേഹത്തിന് മാറ്റേണ്ടി വന്നു.
കുടുംബസ്വത്ത് പോലെയാണ് പലരും രാഷ്ട്രീയത്തെ കൈയാളുന്നത്. ജനാധിപത്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്നത് കുടുംബ ബന്ധങ്ങളും ജാതിയും ഗുണ്ടായിസവുമായി മാറിയിരിക്കുന്നു. രാഷ്ട്രീയത്തില്‍ താത്പര്യമില്ലാത്തവരും സംഘടനാ വൈഭവമില്ലാത്തവരുമായ മക്കളെ പോലും രാഷ്ട്രീയത്തിലേക്ക് വലിച്ചിറക്കുകയാണ് പല നേതാക്കളും. ഒരു മുഖ്യമന്ത്രി അഴിമതിക്കേസില്‍ ജയിലില്‍ അടക്കപ്പെട്ടപ്പോള്‍ അടുക്കള ഭരണത്തിലപ്പുറം ഭരണ പരിചയമില്ലാത്ത ഭാര്യയെ മുഖ്യമന്ത്രിക്കസേരയില്‍ ഇരുത്തിയ ചരിത്രമുണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍. ഇത്തരം പ്രവണത ജനാധിപത്യത്തിന്റെ ആത്മാവായ തുല്യാവസരം ഇല്ലാതാക്കുകയാണ്. കഴിവും പ്രാഗത്ഭ്യവുമുള്ളവര്‍ അവസരം ലഭിക്കാതെ പുറത്തു നില്‍ക്കേണ്ടി വരുന്നു.
പുതിയ പ്രവണതയല്ല ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കുടുംബാധിപത്യം. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ തുടക്കം തൊട്ടേ അത് പ്രകടമാണ്. നെഹ്‌റു കുടുംബം, മുലായംസിംഗ് യാദവ് കുടുംബം (ഉത്തര്‍ പ്രദേശ്), താക്കറെ കുടുംബം (മഹാരാഷ്ട്ര), ലാലുപ്രസാദ് യാദവ് കുടുംബം (ബിഹാര്‍), എന്‍ ടി രാമറാവു, ചന്ദ്രബാബു നായിഡു കുടുംബം (ആന്ധ്രാ പ്രദേശ്), കരുണാനിധി കുടുംബം (തമിഴ്‌നാട്), കെ കരുണാകരന്‍ കുടുംബം (കേരളം) തുടങ്ങി ഈ നിര നീണ്ടതാണ്. എങ്കിലും ആദ്യകാലത്ത് വിരലിലെണ്ണാവുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് വ്യാപകമായി കഴിഞ്ഞു. ഓരോ വര്‍ഷം കഴിയും തോറും പൂര്‍വാധികം ശക്തിപ്പെട്ടുവരികയുമാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തെ ബാധിച്ച ഗുരുതരമായ രോഗമായി ഇത് മാറിക്കഴിഞ്ഞു. മന്ത്രിമാരുടെയും എം പിമാരുടെയും എം എല്‍ എമാരുടെയും മക്കള്‍ അവരുടെ പിന്തുടര്‍ച്ചക്കാരെ പോലെ പാര്‍ട്ടികളില്‍ പിടിമുറുക്കുകയും സംഘടനാതലത്തിലും അധികാരപദവികളിലും കയറിപ്പറ്റുകയും ചെയ്യുന്നു. പാര്‍ട്ടികളില്‍ ഈ പ്രവണത പിടിമുറുക്കുമ്പോള്‍ ആശയാദര്‍ശങ്ങളും ജനാധിപത്യവും പിന്തള്ളപ്പെടുകയും ജനാധിപത്യം പാരമ്പര്യാധിപത്യത്തിന് വഴിമാറുകയും ചെയ്യുകയാണ്. സമൂഹത്തിന്റെ പൊതുസ്വത്തായി നിലകൊള്ളേണ്ട പാര്‍ട്ടികള്‍ കുടുംബത്തിന്റെ സ്വകാര്യ സ്വത്തായി മാറുന്നു.
കണ്ണടച്ച് എതിര്‍ക്കേണ്ടതല്ല മക്കള്‍ രാഷ്ട്രീയത്തെ. സംഘടനാ വൈഭവവും നേതൃശേഷിയും പ്രവര്‍ത്തന പരിചയവുമുള്ളവര്‍ക്ക് നേതൃസ്ഥാനത്ത് കടന്നുവരാനും പാര്‍ലിമെന്റിലേക്കും നിയമസഭയിലേക്കും മത്സരിക്കാനും അവസരം നല്‍കേണ്ടതുണ്ട്. വേണ്ടത്ര യോഗ്യതയില്ലാത്തവരെ, പ്രമുഖനായൊരു രാഷ്ട്രീയ നേതാവിന്റെ മകനോ ബന്ധുവോ ആയതിന്റെ പേരില്‍ മാത്രം ഉന്നത സ്ഥാനത്ത് അവരോധിക്കുകയും സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നല്‍കുകയും ചെയ്യുന്ന പ്രവണത മാത്രമേ വിമര്‍ശിക്കപ്പെടേണ്ടതുള്ളൂ. മക്കള്‍ രാഷ്ട്രീയത്തെ സര്‍ക്കാര്‍ സര്‍വീസിലെ ആശ്രിത നിയമനത്തിന് തുല്യമാക്കരുതെന്ന് മാത്രം. അത് രാഷ്ട്രീയ ധാര്‍മികതക്ക് നിരക്കുന്നതല്ല.
പാര്‍ട്ടികളില്‍ ആന്തരിക ജനാധിപത്യം ഉറപ്പാക്കുകയും സ്ഥാനാര്‍ഥിത്വം നിര്‍ണയിക്കുന്നതിന് സുതാര്യവും നീതിയുക്തവുമായ മാനദണ്ഡങ്ങള്‍ സ്വീകരിക്കുകയുമാണ് കുടുംബാധിപത്യത്തില്‍ നിന്ന് പാര്‍ട്ടികളെ മോചിപ്പിക്കാനുള്ള മാര്‍ഗം. വോട്ടര്‍മാരും ഇക്കാര്യത്തില്‍ ബോധവാന്മാരാകേണ്ടതുണ്ട്. ഏതെങ്കിലും നേതാവിന്റെ മകനോ ബന്ധുവോ ആയതിന്റെ പേരില്‍ മാത്രം വോട്ട് ചെയ്യരുത്. വ്യക്തിപരമായ രാഷ്ട്രീയ പരിസരവും വിശുദ്ധിയും പ്രവര്‍ത്തന മേഖലയും വിലയിരുത്തിയാകണം പിന്തുണക്കേണ്ടത്.




