Connect with us

ONAM 2024

വയനാടിന് ഇനിവേണ്ടത് പുനര്‍നിര്‍മാണം; ദുരന്ത വേളയിലും ഓണം മങ്ങില്ല: പിണറായി

സര്‍ക്കാര്‍ ഇടപെടല്‍ കാരണം ഇന്ത്യയില്‍ തന്നെ ഏറ്റവും വിലക്കയറ്റം കുറവുള്ള സംസ്ഥാനം കേരളമാണ്

Published

|

Last Updated

തിരുവനന്തപുരം | വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലും മലയാളികള്‍ ഓണത്തെ വരവേല്‍ക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട്ടില്‍ ഇനി പുനര്‍നിര്‍മ്മാണമാണ് വേണ്ടത്. അതിന് നാടിന്റെയാകെ പിന്തുണ ഉയരുന്നുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ വന്‍തോതില്‍ വരുന്നുണ്ട്. സപ്ലൈക്കോ ഓണം ഫെയര്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

തിരുവനന്തപുരത്ത് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഓണാഘോഷം മാത്രമാണ് ഒഴിവാക്കിയത്. എല്ലാ വര്‍ഷവും ഓണക്കാലത്ത് സര്‍ക്കാര്‍ വിപണി ഇടപെടല്‍ നടത്താറുണ്ട്. സര്‍ക്കാര്‍ ഇടപെടല്‍ കാരണം ഇന്ത്യയില്‍ തന്നെ ഏറ്റവും വിലക്കയറ്റം കുറവുള്ള സംസ്ഥാനം കേരളമാണ്. കേരളത്തില്‍ എല്ലാത്തിനും വലിയ വിലക്കുറവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വലിയ ആഘോഷങ്ങള്‍ വേണ്ടെന്ന് വച്ചതാണെങ്കിലും ഓണാഘോഷം ഒഴിവാക്കാനാവില്ല. ഓണക്കാലത്ത് സംസ്ഥാന സര്‍ക്കാര്‍ വിപണി ഇടപെടല്‍ കാര്യക്ഷമമായി നടത്തുന്നു. പൊതുവിതരണ രംഗം വേണ്ടെന്ന് വയ്ക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേത്. ദേശീയ തലത്തില്‍ വിലക്കയറ്റം ഗൗരവമായി കാണാത്ത സാഹചര്യത്തിലാണ് കേരളം ബദല്‍ മാര്‍ഗം മുന്നോട്ട് വയ്ക്കുന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു. വിപണി ഇടപെടല്‍ ഫലപ്രദമായി നടപ്പാക്കുന്ന സംസ്ഥാനം കേരളമാണ്. അതില്‍ ഒരു സംശയവുമില്ല. സപ്ലൈക്കോ പ്രവര്‍ത്തനത്തിലൂടെ ജനം സര്‍ക്കാരിനേയും വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് പണപ്പെരുപ്പം അഞ്ച് ശതമാനം വര്‍ധിച്ചതോടെ ഭക്ഷ്യോല്‍പന്നങ്ങള്‍ക്ക് വില കൂടി. പച്ചകറികള്‍ക്ക് 30 ശതമാനം വില കൂടി. ദേശീയ തലത്തില്‍ ഫലപ്രദമായ വിപണി ഇടപെടല്‍ വേണ്ട സമയമാണെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല.
ഇന്ധന, പാചകവാതക വില വര്‍ധന തടയാന്‍ നടപടി ഒന്നും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചില്ല. വിലകയ്യറ്റം തടയാന്‍ കാര്‍ഷിക മേഖലയില്‍ ഇടപെടല്‍ വേണം. പക്ഷേ കാര്‍ഷിക സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

 

---- facebook comment plugin here -----

Latest