siraj explainer
കോക്രോച്ച് ജനതാ പാർട്ടി എന്ത്? എങ്ങനെ രൂപം കൊണ്ടു? പിന്നിൽ ആര്?
യുവാക്കളുടെ അഭൂതപൂർവമായ ഒരു ഓൺലൈൻ കൂട്ടായ്മയാണ് ഇപ്പോൾ രാജ്യത്തെ പ്രധാന സംസാരവിഷയം. ഏതാനും ദിവസങ്ങൾ കൊണ്ട് രാജ്യമൊട്ടാകെ ചർച്ചയായി മാറിയ കോക്രോച്ച് ജനതാ പാർട്ടി. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ സോഷ്യൽ മീഡിയ വഴി ഇത്രയധികം തരംഗം സൃഷ്ടിച്ച മറ്റൊരു ആക്ഷേപഹാസ്യ മുന്നേറ്റം ഉണ്ടായിട്ടുണ്ടാവില്ല. കേവലം കുറഞ്ഞ ദിവസങ്ങൾ കൊണ്ട് ദശലക്ഷക്കണക്കിന് ഫോളോവേഴ്സിനെയും ലക്ഷക്കണക്കിന് രജിസ്റ്റർ ചെയ്ത അംഗങ്ങളെയും നേടിയെടുത്ത കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി) ഇന്ത്യൻ യുവത്വത്തിന്റെ കടുത്ത നിരാശയുടെയും നിലവിലെ വ്യവസ്ഥിതിയോടുള്ള തീയേറിയ പ്രതിഷേധത്തിന്റെയും പ്രതീകമാണ്.
സി ജെ പി സ്ഥാപകൻ അഭിജീത് ദിപ്കെ
കാലാകാലങ്ങളായി ഒട്ടനവധി പ്രതിഷേധങ്ങൾക്കും വേറിട്ട സമര മാതൃകകൾക്കും സാക്ഷ്യം വഹിച്ച രാജ്യമാണ് ഇന്ത്യ. വിവിധ വിഷയങ്ങളിൽ ഭരണകൂടങ്ങളെ തിരുത്തിച്ച ചരിത്രമുള്ള നിരവധി യുവജന മുന്നേറ്റങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമ (സി എ എ) വിരുദ്ധ സമരത്തിൽ രാജ്യത്തെ കലാലയങ്ങൾ ഒന്നടങ്കം അണിനിരന്നത് ഇത്തരം ജനകീയ പ്രക്ഷോഭങ്ങളുടെ സമീപകാല ഉദാഹരണങ്ങളിൽ ഒന്ന് മാത്രമാണ്. മുൻകാലങ്ങളിൽ തെരുവുകളിലാണ് സാധാരണയായി സമരങ്ങൾ പൊട്ടിപ്പുറപ്പെടാറുള്ളത്. ഒരു പ്രദേശത്ത് നിന്ന് തുടങ്ങി, പ്രമേയത്തിന്റെ തീവ്രത അനുസരിച്ച് പ്രതിഷേധം മറ്റു പലയിടങ്ങളിലേക്കും പടരുന്നതായിരുന്നു പതിവ്. ഇതിന് ചിലപ്പോൾ ദിവസങ്ങളോ ആഴ്ചകളോ തന്നെ എടുത്തെന്നുവരും.
എന്നാൽ സോഷ്യൽ മീഡിയ യുഗത്തിൽ പ്രതിഷേധങ്ങളുടെയും സമരങ്ങളുടെയും സ്വഭാവം വലിയതോതിൽ മാറിമറിഞ്ഞു. ഇന്ന് ഒട്ടുമിക്ക സമരങ്ങളും രൂപംകൊള്ളുന്നതും ജനശ്രദ്ധ നേടുന്നതും ഡിജിറ്റൽ ഇടങ്ങളിലാണ്. ആഗോളതലത്തിൽ സോഷ്യൽ മീഡിയ വഴി ഉയർന്നുവന്ന ഇത്തരം പ്രക്ഷോഭങ്ങൾ ഒരുപാടുണ്ട്. ടുണീഷ്യയിലെ മുല്ലപ്പൂ വിപ്ലവവും ഈജിപ്തിലെ തഹ്‍രീർ ചതുരത്തിലെ പ്രതിഷേധവും നേപ്പാളിലെ ജെൻസി പ്രക്ഷോഭവുമെല്ലാം ഇതിന്റെ മികച്ച ഉദാഹരണങ്ങളാണ്.
ഇത്തരത്തിൽ യുവാക്കളുടെ അഭൂതപൂർവമായ ഒരു ഓൺലൈൻ കൂട്ടായ്മയാണ് ഇപ്പോൾ രാജ്യത്തെ പ്രധാന സംസാരവിഷയം. ഏതാനും ദിവസങ്ങൾ കൊണ്ട് രാജ്യമൊട്ടാകെ ചർച്ചയായി മാറിയ കോക്രോച്ച് ജനതാ പാർട്ടി. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ സോഷ്യൽ മീഡിയ വഴി ഇത്രയധികം തരംഗം സൃഷ്ടിച്ച മറ്റൊരു ആക്ഷേപഹാസ്യ മുന്നേറ്റം ഉണ്ടായിട്ടുണ്ടാവില്ല. കേവലം കുറഞ്ഞ ദിവസങ്ങൾ കൊണ്ട് ദശലക്ഷക്കണക്കിന് ഫോളോവേഴ്സിനെയും ലക്ഷക്കണക്കിന് രജിസ്റ്റർ ചെയ്ത അംഗങ്ങളെയും നേടിയെടുത്ത കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി) ഇന്ത്യൻ യുവത്വത്തിന്റെ കടുത്ത നിരാശയുടെയും നിലവിലെ വ്യവസ്ഥിതിയോടുള്ള തീയേറിയ പ്രതിഷേധത്തിന്റെയും പ്രതീകമാണ്.
രൂപീകരണ പശ്ചാത്തലം
2026 മെയ് 15 ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ ഒരു പരാമർശമാണ് ഈ മൂവ്മെന്റിന്റെ ജനനത്തിന് കാരണമായത്. വ്യാജ നിയമ ബിരുദങ്ങളുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിക്കുന്നതിനിടയിൽ, തൊഴിലില്ലാത്ത യുവാക്കളെ അദ്ദേഹം ‘പാറ്റകൾ’ (Cockroaches) എന്നും ‘സമൂഹത്തിലെ പരാദങ്ങൾ’ എന്നും ഉപമിക്കുകയുണ്ടായി. “ഒരു ജോലിയും ഇല്ലാത്ത, പ്രൊഫഷനിൽ ഒരിടവുമില്ലാത്ത പാറ്റകളെപ്പോലെയുള്ള യുവാക്കളുണ്ട്. അവരിൽ ചിലർ മീഡിയയാകുന്നു, ചിലർ സോഷ്യൽ മീഡിയയാകുന്നു, ആർ ടി ഐ പ്രവർത്തകരും മറ്റ് പ്രവർത്തകരുമായി മാറി അവർ എല്ലാവരെയും ആക്രമിക്കാൻ തുടങ്ങുന്നു,” എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ വാക്കുകൾ.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് സൂര്യകാന്ത്
ഭരണഘടനയുടെ കാവലാളായി ഇരിക്കേണ്ടുന്ന പരമോന്നത നീതിപീഠത്തിന്റെ തലവനിൽ നിന്ന് ഉണ്ടായ ഈ പരാമർശം ഇന്ത്യൻ യുവാക്കളെ ആഴത്തിൽ മുറിവേൽപ്പിച്ചു. തൊട്ടുപിന്നാലെ മെയ് 16 ന്, മുൻപ് ആം ആദ്മി പാർട്ടിയുമായി ചേർന്ന് പ്രവർത്തിച്ചിട്ടുള്ള രാഷ്ട്രീയ കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജിസ്റ്റും ബോസ്റ്റൺ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയുമായ 30 വയസ്സുകാരൻ അഭിജീത് ദിപ്കെ ‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന പേരിൽ ഒരു പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ചു. തൊഴിലില്ലാത്തവർ, മടിയന്മാർ, എപ്പോഴും ഓൺലൈനിൽ ഇരിക്കുന്നവർ, പ്രൊഫഷണലായി വിമർശിക്കാൻ കഴിവുള്ളവർ എന്നിവർക്ക് ഇതിൽ അംഗങ്ങളാകാം എന്നായിരുന്നു പ്രഖ്യാപനം. “മടിയന്മാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദം” എന്ന ടാഗ്‌ലൈനോടെ cockroachjantaparty.org എന്ന വെബ്‌സൈറ്റും നിലവിൽ വന്നു.
വലിയ രീതിയിൽ പ്രതിഷേധം ഉയർന്നതോടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മെയ് 16 ന് തന്നെ തന്റെ പ്രസ്താവനയിൽ വിശദീകരണവുമായി രംഗത്തെത്തി. തന്റെ വാക്കുകൾ തെറ്റായി ഉദ്ധരിക്കപ്പെട്ടതാണെന്നും വ്യാജ ബിരുദങ്ങൾ ഉപയോഗിച്ച് ബാറിലും മീഡിയയിലും കടന്നുകൂടിയവരെയാണ് താൻ വിമർശിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ യുവാക്കൾ വികസിത ഭാരതത്തിന്റെ തൂണുകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് പോലും യോഗ്യമായ ഡിജിറ്റൽ ബിരുദം ഇല്ലെങ്കിൽ സഹപൗരന്മാരെ പരാദങ്ങൾ എന്ന് വിളിക്കാൻ ചീഫ് ജസ്റ്റിസിന് അവകാശമില്ലെന്ന് അഭിജീത് ദിപ്കെ തിരിച്ചടിച്ചു.
അതിവേഗ തരംഗം; അഞ്ച് ദിവസം കൊണ്ട് ഒരു കോടിയിലധികം ഫോളോവേഴ്സ്
സോഷ്യൽ മീഡിയയിൽ കോക്രോച്ച് ജനതാ പാർട്ടി നേടിയത് സമാനതകളില്ലാത്ത വളർച്ചയാണ്. വെറും 48 മണിക്കൂറിനുള്ളിൽ 40,000 ലധികം അംഗങ്ങൾ രജിസ്റ്റർ ചെയ്തു. മെയ് 21 ആയപ്പോഴേക്കും ഓൺലൈൻ വഴി രജിസ്റ്റർ ചെയ്തവരുടെ എണ്ണം 3,50,000 കടന്നു. ഇൻസ്റ്റാഗ്രാമിൽ വെറും അഞ്ച് ദിവസം കൊണ്ട് 10 മില്യണിലധികം ഫോളോവേഴ്സിനെ നേടി ഭരണകക്ഷിയായ ബി ജെ പിയുടെ ഒഫീഷ്യൽ പേജിനെപ്പോലും സി ജെ പി മറികടന്നു. നിലവിൽ ഇൻസ്റ്റാഗ്രാമിൽ 15 മില്യണിലധികം ഫോളോവേഴ്സ് ഈ മൂവ്മെന്റിനുണ്ട്.

ഈ പ്രതിഷേധം കേവലം ഓൺലൈനിൽ മാത്രം ഒതുങ്ങിനിന്നില്ല. ബിഹാർ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് ഈ മുന്നേറ്റം വ്യാപിച്ചു. യുവാക്കൾ പാറ്റകളുടെ വേഷം ധരിച്ച് റോഡിലിറങ്ങി മാലിന്യങ്ങൾ വൃത്തിയാക്കിയും പ്ലക്കാർഡുകൾ ഏന്തിയും വേറിട്ട രീതിയിൽ പ്രതിഷേധിച്ചു. ബിഹാറിലെ ബങ്കിപൂർ അസംബ്ലി ഉപതിരഞ്ഞെടുപ്പിൽ തങ്ങളുടെ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നതിനെക്കുറിച്ച് പോലും ഈ മൂവ്മെന്റിന്റെ അണിയറപ്രവർത്തകർ ആലോചിക്കുന്നുണ്ട്.
ആഴത്തിലുള്ള സാമൂഹിക പ്രശ്നങ്ങൾ
കോക്രോച്ച് ജനതാ പാർട്ടിയുടെ ഈ പെട്ടെന്നുള്ള വളർച്ചയ്ക്ക് പിന്നിൽ ഇന്ത്യയിലെ യുവാക്കൾ അഭിമുഖീകരിക്കുന്ന ചില കൃത്യമായ സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങളുണ്ട് എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. തൊലിലില്ലായ്മ തന്നെയാണ് ഇതിൽ പ്രധാനം. ഇന്ത്യയിലെ ബിരുദധാരികളുടെ തൊഴിലില്ലായ്മ നിരക്ക് 29.1 ശതമാനമാണ്. പ്രതിവർഷം 8 മില്യണിലധികം ബിരുദധാരികൾ പുറത്തിറങ്ങുന്നുണ്ടെങ്കിലും അവർക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സമ്പദ്‌വ്യവസ്ഥയ്ക്ക് സാധിക്കുന്നില്ല.
സി ജെ പി രൂപീകരിക്കുന്നതിന് തൊട്ടുമുമ്പുള്ള ആഴ്ചയിലാണ് രാജ്യവ്യാപകമായി നീറ്റ് യു ജി (NEET-UG) പരീക്ഷാ പേപ്പർ ചോർച്ചയെ തുടർന്ന് പരീക്ഷകൾ റദ്ദാക്കേണ്ടി വന്നത്. ഇത് യുവാക്കൾക്കിടയിൽ വലിയ അമർഷം ഉണ്ടാക്കിയിരുന്നു. ‘ഹാൻ മേൻ ഹൂൺ കോക്രോച്ച്’ എന്ന പേരിൽ സി ജെ പി പുറത്തിറക്കിയ പ്രൊട്ടസ്റ്റ് സോങ് ഈ പരീക്ഷാ തട്ടിപ്പുകളെ കൃത്യമായി പരാമർശിക്കുന്നുണ്ട്.

ഗൗതം അദാനി, മുകേഷ് അംബാനി തുടങ്ങിയ വൻകിട വ്യവസായികൾക്ക് വേണ്ടി രാജ്യം ഭരിക്കുന്നവർ നിലകൊള്ളുന്നു എന്ന ആക്ഷേപവും സിജെപി ഉയർത്തുന്നു. അദാനിയുടെയും റിലയൻസിന്റെയും ഉടമസ്ഥതയിലുള്ള മാധ്യമങ്ങളുടെ ലൈസൻസ് റദ്ദാക്കണമെന്ന ആവശ്യം സി ജെ പി മുന്നോട്ട് വെക്കുന്നുണ്ട്.
വിരമിച്ച ചീഫ് ജസ്റ്റിസുമാർക്ക് രാജ്യസഭാ സീറ്റുകളും ഗവർണർ പദവികളും നൽകുന്നതിനെ സി ജെ പി ശക്തമായി എതിർക്കുന്നു. ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, പി സദാശിവം എന്നിവരുടെ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി, ജുഡീഷ്യറിയും എക്സിക്യൂട്ടീവും തമ്മിലുള്ള അതിർവരമ്പുകൾ ഇല്ലാതാകുന്നു എന്ന ആശങ്ക യുവാക്കൾ പങ്കുവെക്കുന്നു.
ഇന്ത്യയിലെ ജനസംഖ്യയുടെ പകുതിയോളം വരുന്നത് 30 വയസ്സിന് താഴെയുള്ളവരാണെങ്കിലും പരമ്പരാഗത രാഷ്ട്രീയത്തിൽ അവർക്ക് കൃത്യമായ പ്രാതിനിധ്യം ലഭിക്കുന്നില്ല. 29 ശതമാനം യുവാക്കളും രാഷ്ട്രീയത്തിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കുന്നുവെന്നും സിജെപി കണക്കുകൂട്ടുന്നു.
അഞ്ച് പോയിന്റ് മാനിഫെസ്റ്റോ
തങ്ങൾ സെക്യുലർ, സോഷ്യലിസ്റ്റ്, ഡെമോക്രാറ്റിക്, മടിയന്മാരുടെ മുന്നണി എന്ന് വിശേഷിപ്പിക്കുന്ന സി ജെ പി മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യങ്ങൾ ഇവയാണ്:
- വിരമിച്ച ചീഫ് ജസ്റ്റിസുമാർക്ക് രാഷ്ട്രീയ പ്രതിഫലമായി രാജ്യസഭാ സീറ്റുകൾ നൽകരുത്.
- ഏതെങ്കിലും വോട്ട് വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടാൽ ചീഫ് ഇലക്ഷൻ കമ്മീഷണറെ യു എ പി എ ചുമത്തി അറസ്റ്റ് ചെയ്യണം. വോട്ടവകാശം നിഷേധിക്കുന്നത് ഭീകരവാദത്തിന് തുല്യമാണ്.
- പാർലമെന്റിന്റെ സീറ്റുകളുടെ എണ്ണം കൂട്ടാതെ തന്നെ സ്ത്രീകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തണം. കാബിനറ്റ് പദവികളുടെ പകുതിയും സ്ത്രീകൾക്കായിരിക്കണം.
- അദാനി, അംബാനി ഗ്രൂപ്പുകളുടെ കീഴിലുള്ള മാധ്യമങ്ങളുടെ ലൈസൻസ് റദ്ദാക്കണം. ഗോദി മീഡിയ ആങ്കർമാരുടെ ബാങ്ക് അക്കൗണ്ടുകൾ അന്വേഷിക്കണം.
- പാർട്ടി മാറുന്ന എം എൽ എ, എം പി മാർക്ക് 20 വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും പൊതുപദവികൾ വഹിക്കുന്നതിനും വിലക്കേർപ്പെടുത്തണം.

ഇവ കൂടാതെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ പാർട്ടി വരും എന്നും, ഇലക്ടറൽ ബോണ്ടുകളോ അജ്ഞാത സംഭാവനകളോ സ്വീകരിക്കില്ല എന്നും, പി എം കെയേഴ്സ് ഫണ്ട് പോലെ രഹസ്യ സ്വഭാവമുള്ള ‘കോക്രോച്ച് കെയേഴ്സ് ഫണ്ട്’ ഉണ്ടാക്കില്ല എന്നും പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രമുഖരുടെ പിന്തുണയും പ്രതികരണങ്ങളും
രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ ഈ മൂവ്മെന്റിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് എം പി മാരായ മഹുവ മൊയ്‌ത്ര, കീർത്തി ആസാദ് എന്നിവർ പാർട്ടിയിൽ ചേരാൻ താല്പര്യം പ്രകടിപ്പിച്ചു. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് “BJP ബനാം CJP” (ബി ജെ പി വേഴ്സസ് സി ജെ പി) എന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചുകൊണ്ട് ഈ ട്രെൻഡിനെ പിന്തുണച്ചു.
ഹോട്ട്‌മെയിൽ സഹസ്ഥാപകൻ സബീർ ഭാട്ടിയ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ യുവാക്കളെ പാറ്റകൾ എന്ന് വിളിച്ചതിനെ അപലപിക്കുകയും ഈ മൂവ്മെന്റിന് 100 ശതമാനം പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, ആക്ടിവിസ്റ്റ് അഞ്ജലി ഭരദ്വാജ്, മുൻ സിവിൽ സെർവന്റ് ആശിഷ് ജോഷി, പ്രമുഖ യൂട്യൂബർമാരായ ധ്രുവ് രാഠി, മേഘ്നാദ് എസ് എന്നിവരും പിന്തുണയുമായി രംഗത്തുണ്ട്. ചലച്ചിത്ര പ്രവർത്തകൻ അനുരാഗ് കശ്യപ്, കുനാൽ കമ്ര, കൊങ്കണ സെൻ ശർമ്മ, ഫാത്തിമ സന ശൈഖ്, ദിയ മിർസ, ഇഷ ഗുപ്ത തുടങ്ങിയ സിനിമാ താരങ്ങളും ഈ മൂവ്മെന്റിന്റെ സോഷ്യൽ മീഡിയ പേജുകൾ ഫോളോ ചെയ്തുകൊണ്ട് പിന്തുണ അറിയിച്ചു.

അതേസമയം, കോക്രോച്ച് എന്ന വാക്ക് 1994 ലെ റുവാണ്ടൻ വംശഹത്യയുടെ സമയത്ത് ടുട്സി വിഭാഗത്തിനെതിരെ ഉപയോഗിച്ച ചരിത്ര പശ്ചാത്തലവും ദ വയർ പോലുള്ള മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ചീഫ് ജസ്റ്റിസ് ആ അർത്ഥത്തിലല്ല സംസാരിച്ചതെങ്കിലും അത്തരം വാക്കുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കേണ്ടതുണ്ടെന്ന് അവർ ഓർമ്മിപ്പിക്കുന്നു.
എക്സ് അക്കൗണ്ടിന് വിലക്ക്
കോക്രോച്ച് ജനതാ പാർട്ടി തരംഗമായതിന് പിന്നാലെ പാർട്ടിയുടെ ഔദ്യോഗിക എക്സ് (ട്വിറ്റർ) അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞു. സി ജെ പി സ്ഥാപകൻ അഭിജീത് ദിപ്കെയാണ് തങ്ങളുടെ ഔദ്യോഗിക അക്കൗണ്ടിന് ഇന്ത്യയിൽ വിലക്കേർപ്പെടുത്തിയ വിവരം സ്ഥിരീകരിച്ചത്. പ്രതീക്ഷിച്ചതുപോലെ തന്നെ കോക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ട് ഇന്ത്യയിൽ തടയപ്പെട്ടിരിക്കുന്നു എന്ന് അദ്ദേഹം എക്സിൽ കുറിച്ചു. നിയമപരമായ ആവശ്യത്തെ തുടർന്നാണ് അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞുവെച്ചിരിക്കുന്നത് എന്ന സന്ദേശമാണ് പേജിൽ കാണിക്കുന്നത്.
പാർട്ടിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ ഫോളോവേഴ്സിന്റെ എണ്ണം ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയുടെ ഔദ്യോഗിക ഹാൻഡിലിനെ മറികടന്ന് 12 മില്യണിൽ അധികം ആയതിന് തൊട്ടുപിന്നാലെയാണ് എക്സ് അക്കൗണ്ടിനെതിരെയുള്ള ഈ അപ്രതീക്ഷിത നടപടി. ഇന്ത്യയിലെ യുവജനങ്ങൾക്കിടയിൽ വലിയ രീതിയിൽ സ്വാധീനം ചെലുത്തിയ ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യ മൂവ്മെന്റിന്റെ അക്കൗണ്ട് തടഞ്ഞതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രതിഷേധം ഉയരുന്നുണ്ട്.
എന്നാൽ ഇതിന് തൊട്ടുപിന്നാലെ ‘കോക്രോച്ച് ഈസ് ബാക്ക്’ എന്ന പേരിൽ പുതിയ അക്കൗണ്ട് ആരംഭിച്ച് ഈ കൂട്ടായ്മ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. ഞങ്ങളിൽ നിന്ന് രക്ഷപ്പെടാമെന്ന് നിങ്ങൾ കരുതിയോ എന്ന പരിഹാസ ചോദ്യത്തോടെയാണ് പുതിയ അക്കൗണ്ടിലെ ആദ്യ പോസ്റ്റ്.
ഈ മൂവ്മെന്റ് വെറും ഡിജിറ്റൽ നാടകമാണെന്നും പ്രതിപക്ഷ പാർട്ടികളുടെ പിൻബലത്തോടെയുള്ള ആസൂത്രിത പി ആർ വർക്കാണെന്നും വിമർശിക്കുന്നവരുണ്ട്. കോക്രോച്ച് ജനതാ പാർട്ടി ഒരുപക്ഷേ കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഇല്ലാതായേക്കാം എന്ന് സ്ഥാപകൻ അഭിജീത് ദിപ്കെ തന്നെ സമ്മതിക്കുന്നുണ്ടെങ്കിലും, രാജ്യത്തെ യുവാക്കളുടെ ശബ്ദം കേൾപ്പിക്കാൻ ഇതൊരു വലിയ പ്ലാറ്റ്‌ഫോം ആയി മാറിയിരിക്കുന്നു എന്നത് തർക്കമില്ലാത്ത വസ്തുതയാണ്. ഇപ്പോഴത്തെ ഈ എക്സ് അക്കൗണ്ട് വിലക്ക് മൂവ്മെന്റിന്റെ ജനപ്രീതി വർദ്ധിപ്പിക്കാൻ മാത്രമേ സഹായിക്കൂ എന്നാണ് വിലയിരുത്തപ്പെടുന്നത്.
Content Highlights:
The official X (formerly Twitter) account of the viral satirical political movement, Cockroach Janta Party (CJP), has been withheld in India following a legal demand. Founded by Abhijeet Dipke in response to Chief Justice Surya Kant’s controversial remarks comparing unemployed youth to cockroaches, the movement recently achieved massive digital growth, even overtaking the ruling BJP’s Instagram follower count. The restriction has sparked widespread outrage and debate regarding social media censorship and youth dissent in the country.







