Articles
ഹിന്ദുത്വക്കെന്ത് ശ്രീരാമന്‍?
നായകനാകാന്‍ അനുയോജ്യനല്ലെന്ന കാരണത്താല്‍ ശാഖയുടെ ചുമരില്‍ നിന്ന് പോലും മാറ്റിനിര്‍ത്തിയ അതേ ശ്രീരാമന്റെ പേരില്‍ സംഘ്പരിവാര്‍ ഇന്ത്യയില്‍ കെട്ടഴിച്ചുവിട്ട കൊടും പാതകങ്ങള്‍ എത്രയാണ്! കൊലകള്‍, കൊള്ളകള്‍, തീവെപ്പുകള്‍, ബാബരി തകര്‍ക്കല്‍... അതേ ശ്രീരാമന്റെ ജന്മനാളില്‍, ഇക്കഴിഞ്ഞ മാര്‍ച്ച് 30ന് ഹിന്ദുത്വര്‍ നടത്തിയ അക്രമങ്ങളുടെ, നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ഇനിയും പൂര്‍ത്തിയായിട്ടില്ല. ബിഹാറിലെ റോഹ്താസ് ജില്ലയില്‍ അവര്‍ കൊളുത്തിയ 'തീ' ഇതെഴുതുമ്പോഴും അണഞ്ഞിട്ടില്ല.

സംഘ്പരിവാറിന്റെ രാമനവമി ‘ആഘോഷത്തെ’ കുറിച്ചാണ്, ആഘോഷം ആക്രോശമായി പരിണാമപ്പെടുന്നതിനെ കുറിച്ചാണ് ഈ ആഖ്യാനം. ഇമ്മാതിരി അക്രമങ്ങള്‍ ഒന്നുമില്ലെങ്കില്‍ പിന്നെന്ത് ഹുന്ദുത്വ, എന്ത് സംഘ്പരിവാര്‍ എന്ന് നേരത്തേ തന്നെ പൊതുബോധം തീര്‍പ്പില്‍ എത്തിക്കഴിഞ്ഞതാണ്. ഹിന്ദുത്വ അതിക്രമങ്ങളില്‍ നടുക്കമില്ലായ്മ നാട്ടുനടപ്പായി മാറിയിട്ടും നാളേറെയായി. ആകയാല്‍ ഒട്ടും പുതുമയില്ലാതെ, തരിമ്പും നടുക്കമില്ലാതെ ആണെങ്കില്‍ പോലും നമ്മള്‍ വീണ്ടും സംസാരിക്കുകയാണ്, ഹിന്ദുത്വയെക്കുറിച്ചും അതിന്റെ അതിക്രമങ്ങളെക്കുറിച്ചും. രാഷ്ട്രീയമായ ഏത് സംസാരവും അനേകം പ്രതിധ്വനികളായി സമൂഹത്തില്‍ മുഴങ്ങുമെന്നതിനാല്‍ ഒട്ടും വിരസതയില്ലാതെ ജനാധിപത്യ മനുഷ്യര്‍ക്ക് ഇതേക്കുറിച്ച് സംസാരിച്ചേ പറ്റൂ.
ഇന്ത്യയിലെ ഹൈന്ദവ സഹോദരങ്ങളുടെ ആരാധ്യപുരുഷനായ ശ്രീരാമന്റെ ജന്മദിനമാണ് രാമനവമിയായി ആഘോഷിക്കാറുള്ളത്. മുന്‍കാലങ്ങളില്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും രാമനവമിയിലെ ചടങ്ങുകള്‍ നടന്നിരുന്നത്. രാമഭക്തര്‍ ഹൃദയവിശുദ്ധിയോടെ ആഘോഷിച്ചുവന്നിരുന്ന രാമനവമിയെ പില്‍ക്കാലത്ത് സംഘ്പരിവാര്‍ ഏറ്റെടുക്കുന്നതാണ് നമ്മള്‍ കാണുന്നത്. ക്ഷേത്രങ്ങളില്‍ ഇപ്പോഴും ചടങ്ങുകള്‍ നടക്കാറുണ്ട്. യഥാര്‍ഥ രാമഭക്തര്‍ ഇപ്പോഴും വ്രതമെടുത്തും ക്ഷേത്രാരാധനകളില്‍ പങ്കെടുത്തും ആ ദിവസത്തെ യഥോചിതം ആഘോഷിക്കുമ്പോള്‍ ഹിന്ദുത്വ വര്‍ഗീയവാദികള്‍ രാഷ്ട്രീയമായ ലക്ഷ്യത്തോടെ തെരുവുകള്‍ നിറയുന്ന കാഴ്ചയാണ് സമീപകാലത്തായി കണ്ടുവരുന്നത്. മുസ്ലിംകളെ ആക്രമിച്ചും പള്ളികള്‍ തകര്‍ത്തും അവര്‍ ഹിംസയുടെ ആള്‍രൂപങ്ങളായി മാറുന്നു. രാജ്യത്ത് ആഭ്യന്തര കുഴപ്പം ഒഴിവാക്കാന്‍ വേണ്ടി 14 വര്‍ഷം വനവാസം തിരഞ്ഞെടുത്ത ശ്രീരാമന്റെ പേരിലാണ് ഈ അഴിഞ്ഞാട്ടം എന്നത് മറക്കരുത്. ഇവര്‍ രാമഭക്തരല്ല, രാഷ്ട്രീയ ഭക്തരാണ്. ശരിയായ രാമഭക്തര്‍ക്ക് ഇമ്മട്ടില്‍ അക്രമികളാകാന്‍ കഴിയില്ല. ഈ രാഷ്ട്രീയ ഭക്തര്‍ക്ക് ശ്രീരാമന്‍ ആരാണെന്നറിയില്ല, അദ്ദേഹത്തിന്റെ ജീവിതമറിയില്ല. രാഷ്ട്രീയ ചതുരംഗപ്പലകയില്‍ നിരത്തിവെക്കാനുള്ള കരുവല്ല ശ്രീരാമനെന്ന് ഈ അക്രമികള്‍ക്ക് ഒരായുഷ്‌കാലമെടുത്താലും മനസ്സിലാകില്ല. കാരണം ഈ കാപട്യം സംഘ്പരിവാറിന്റെ ജീനിലുള്ളതാണ്. അത് തൂത്താലും തുടച്ചാലും മാറില്ല. സംശയമുള്ളവര്‍ക്ക് കെ അരവിന്ദാക്ഷനെ വായിക്കാവുന്നതാണ്.
”ഗാന്ധി ഒരിക്കല്‍ ഒരു ആര്‍ എസ് എസ് ശാഖ സന്ദര്‍ശിക്കുകയുണ്ടായി. ശാഖയിലേക്ക് ഗാന്ധിയുടെ ആദ്യത്തെയും അവസാനത്തെയുമായ സന്ദര്‍ശനം. ചുമരില്‍ നിരവധി ഹിന്ദു യോദ്ധാക്കളുടെ ചിത്രങ്ങള്‍ ഗാന്ധി ശ്രദ്ധിച്ചു. റാണാ പ്രതാപ് സിംഗ്, ശിവജി, ഗുരു ഗോവിന്ദ് സിംഗ്.. എന്തുകൊണ്ട് രാമന്റെ രേഖാചിത്രം കാണുന്നില്ല. ഗാന്ധി അന്വേഷിച്ചു. ശാഖയിലെ സ്വയം സേവകന്‍ പറഞ്ഞു: ”രാമന്‍ വളരെ മൃദുലന്‍, സ്‌ത്രൈണന്‍, യുദ്ധവീരനല്ല, നായകനാകാന്‍ അനുയോജ്യനല്ല” (‘ദേശീയത നായാട്ടിനിറങ്ങുമ്പോള്‍’ എന്ന പുസ്തകത്തില്‍ നിന്ന്).
നായകനാകാന്‍ അനുയോജ്യനല്ലെന്ന കാരണത്താല്‍ ശാഖയുടെ ചുമരില്‍ നിന്ന് പോലും മാറ്റിനിര്‍ത്തിയ അതേ ശ്രീരാമന്റെ പേരില്‍ സംഘ്പരിവാര്‍ ഇന്ത്യയില്‍ കെട്ടഴിച്ചുവിട്ട കൊടും പാതകങ്ങള്‍ എത്രയാണ്! കൊലകള്‍, കൊള്ളകള്‍, തീവെപ്പുകള്‍, ബാബരി തകര്‍ക്കല്‍… അതേ ശ്രീരാമന്റെ ജന്മനാളില്‍, ഇക്കഴിഞ്ഞ മാര്‍ച്ച് 30ന് നാടൊട്ടുക്കും ഹിന്ദുത്വര്‍ നടത്തിയ അക്രമങ്ങളുടെ, നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ഇനിയും പൂര്‍ത്തിയായിട്ടില്ല. ബിഹാറിലെ റോഹ്താസ് ജില്ലയില്‍ അവര്‍ കൊളുത്തിയ ‘തീ’ ഇതെഴുതുമ്പോഴും അണഞ്ഞിട്ടില്ല. അത് അണയാതിരിക്കുക എന്നത് ഹിന്ദുത്വയുടെ ആവശ്യമാണ്. അക്രമങ്ങളില്‍ ആനന്ദം കണ്ടെത്തുന്നവര്‍ക്ക് സമാധാനത്തിന്റെ ഇടനേരങ്ങള്‍ ഉള്‍ക്കൊള്ളാനാകില്ല. അവര്‍ക്ക് നാട് കത്തിക്കൊണ്ടേയിരിക്കണം. കത്തുന്ന മേല്‍ക്കൂരയില്‍ നിന്ന് കഴുക്കോല്‍ ഊരണം. കെട്ടിടമൊന്നാകെ നിലം പൊത്തുന്നത് കണ്ടുരസിക്കണം. അങ്ങനെയൊരു സൈക്കോ പരുവത്തിലേക്ക് ഹിന്ദുത്വ വര്‍ഗീയത മാറിയിരിക്കുന്നു. ഒരു സമുദായത്തെ ആക്രമിക്കുമ്പോള്‍ മുറിവേല്‍ക്കുന്നത് രാജ്യത്തിനാണെന്ന് ചിന്തിക്കാന്‍ ശേഷിയില്ലാത്ത ബുദ്ധിശൂന്യതയാണ് ഹിന്ദുത്വയുടേത്. നിയമം കൊണ്ട് അത് ചികിത്സിച്ചു മാറ്റാന്‍ കഴിയും. ഗുജറാത്ത് കലാപക്കേസിലെ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി ഉത്തരവ് മുന്നിലിരിക്കുമ്പോള്‍ ഏത് നിയമമാണ് ഇവരെ ചികിത്സിക്കുക എന്ന ചോദ്യം ഒട്ടും അസ്വാഭാവികതയില്ലാതെ ഉള്ളിലുണരുന്നു. കോഴി മൃഗമോ പക്ഷിയോ എന്ന് കോടതികള്‍ പരിശോധിക്കുന്ന കാലത്ത് ഒന്നിലും അസ്വാഭാവികത ദര്‍ശിക്കാതിരിക്കുക എന്നത് വര്‍ത്തമാന ഇന്ത്യയില്‍ ഒരു പൗരന് ജീവിച്ചിരിക്കാനുള്ള അവകാശത്തിന്റെ ആണിക്കല്ലാകുന്നുണ്ട്.
നിങ്ങള്‍ ഇതോടൊപ്പമുള്ള ചിത്രങ്ങളിലേക്ക് സൂക്ഷിച്ചുനോക്കുക. ബിഹാറിലെ നളന്ദയില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു മദ്റസയുടെ -മദ്റസ അസീസിയ്യ- ശ്രീരാമനവമിക്ക് മുമ്പും ശേഷവുമുള്ള ദൃശ്യങ്ങളാണ്. ബിഹാറിലെ ഏറ്റവും പഴക്കമുള്ള മതപാഠശാലകളിലൊന്നാണ് മദ്റസ അസീസിയ്യ. മാര്‍ച്ച് 31ന് ഇരച്ചെത്തിയ ഹിന്ദു വര്‍ഗീയവാദികള്‍ തീയിട്ടു നശിപ്പിച്ചു ഈ മദ്റസ. ഏകദേശം 4,500 പുസ്തകങ്ങള്‍ കൂടിയാണ് നവമി ആഘോഷത്തിന് ഒത്തുകൂടിയവര്‍ കത്തിച്ചുകളഞ്ഞത്. ബിഹാറില്‍ മാത്രമല്ല, ബംഗാള്‍, കര്‍ണാടക, ഗുജറാത്ത് ഉള്‍പ്പെടെ വേറെയും സംസ്ഥാനങ്ങളില്‍ ഹിന്ദുത്വര്‍ അഴിഞ്ഞാടിയതിന്റെ വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. അക്രമം ഭയന്ന് ചില പള്ളികള്‍ പൂര്‍ണമായും മറച്ചുവെച്ചതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതും ഈ ദിവസങ്ങളിലാണ്.
മതപരമായി പ്രാധാന്യമുള്ള ഒരാഘോഷത്തെ ഇതര മതസ്ഥരോടുള്ള വെറുപ്പും വിദ്വേഷവുമാക്കി മാറ്റിയെടുക്കുന്ന കപട വിശ്വാസത്തിന്റെ പേരാണ് ഹിന്ദുത്വ. അവര്‍ക്ക് ശ്രീരാമനോ ഹൈന്ദവ സംസ്‌കാരമോ ഒരു പരിഗണനയേ അല്ല. എത്ര വിദ്വേഷ പ്രസ്താവനകളാണ് രാമനവമി ആഘോഷങ്ങളുടെ ഭാഗമായി ഹിന്ദുത്വ കേന്ദ്രങ്ങളില്‍ നിന്നുണ്ടായത്. ബി ജെ പി നേതാവായ ടി രാജസിംഗ് ഇക്കുറിയും വര്‍ഗീയ പ്രസംഗത്തിന് മുടക്കം വരുത്തിയില്ല. ജനസംഖ്യയുമായി ബന്ധപ്പെട്ട് സംഘ്പരിവാര്‍ കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന വ്യാജ പ്രചാരണം രാജസിംഗ് ആവര്‍ത്തിച്ചു. പരമോന്നത കോടതി വിദ്വേഷ പ്രസ്താവനകള്‍ക്കെതിരെ നിലപാട് കടുപ്പിക്കുമ്പോഴും അതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന മട്ടില്‍ കേട്ടാലറയ്ക്കുന്ന വാക്കുകള്‍ മറ്റു സമുദായങ്ങളെ വേദനിപ്പിക്കണം എന്ന ഉദ്ദേശ്യത്തോടെ കൂടുതുറന്നു വിടുകയാണ് ഹിന്ദുത്വ വര്‍ഗീയവാദികള്‍. നമ്മുടെ സാമൂഹിക ജീവിതത്തില്‍ ദുര്‍ഗന്ധം വമിപ്പിക്കുന്ന ഈ ‘മാലിന്യങ്ങള്‍’ ശാശ്വത സ്വഭാവത്തോടെ സംസ്‌കരിക്കാന്‍ നമ്മുടെ നിയമങ്ങള്‍ക്ക് കഴിയുന്നില്ല എന്നതുകൊണ്ട് കൂടിയാണ് ഇത്തരം പ്രസംഗങ്ങളും പ്രകോപനങ്ങളും ആവര്‍ത്തിക്കപ്പെടുന്നത്. നമുക്ക് നിയമങ്ങളുണ്ട്, പക്ഷേ അതെല്ലാം ഏകപക്ഷീയമായി പ്രയോഗിക്കപ്പെടുകയോ നിരപരാധികളെ കുടുക്കാന്‍ ദുരുപയോഗിക്കുകയോ ചെയ്യുന്നു. സംഘ്പരിവാര്‍ പക്ഷത്ത് നിന്നാണെങ്കില്‍ എന്തും വിളിച്ചുപറയാം, എന്ത് അതിക്രമവും നടത്തും, ഏത് പള്ളിയും അക്രമിക്കാം, ഏത് മദ്‌റസക്കും തീയിടാം എന്ന നിലയാണ്. ഭരണകൂടം തങ്ങളെ സംരക്ഷിക്കുമെന്ന ആത്മവിശ്വാസം അക്രമികള്‍ക്ക് കൈവന്നതെങ്ങനെയാണ്? മുസ്ലിംകളുടെ കാര്യത്തില്‍ മാത്രമല്ല ക്രിസ്ത്യന്‍ സമൂഹത്തോടും ഹിന്ദുത്വയുടെ നിലപാട് അങ്ങേയറ്റം അക്രമോത്സുകമാണ്. ചില ക്രൈസ്തവ പുരോഹിതര്‍ സംഘ്പരിവാറിനെയും അവരുടെ രാഷ്ട്രീയ രൂപമായ ബി ജെ പിയെയും സന്തോഷിപ്പിക്കാനും അവരുടെ പ്രീതി പിടിച്ചുപറ്റാനും കൊണ്ടുപിടിച്ചു ശ്രമിക്കുമ്പോഴും ദേശവ്യാപകമായി ക്രൈസ്തവ മിഷനറിമാരും ചര്‍ച്ചുകളും ആക്രമിക്കപ്പെടുന്നത് തുടരുക തന്നെയാണ്.
മതത്തെ/വിശ്വാസത്തെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി വിനിയോഗിക്കുന്ന പ്രവണത നിര്‍ബാധം പ്രോത്സാഹിപ്പിക്കപ്പെടുകയാണ് സമകാല ഇന്ത്യയില്‍. മുസ്ലിം-ക്രൈസ്തവ വിരുദ്ധ പ്രസ്താവനകളും അക്രമങ്ങളും രാഷ്ട്രീയ നേട്ടമാക്കി മാറ്റാനുള്ള ‘മിടുക്ക്’ സംഘ്പരിവാരത്തിനുണ്ട്. അതുകൊണ്ടാണ് ശ്രീരാമനവമി നാളില്‍ പോലും അവര്‍ ആയുധവുമായി ഇറങ്ങുന്നത്. അതുപക്ഷേ നമ്മുടെ മാധ്യമങ്ങളില്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഇടം പിടിക്കുന്നില്ല. അവര്‍ അക്രമിക്കാന്‍ അധികാരമുള്ളവരും മുസ്ലിംകളും ക്രൈസ്തവരും തല്ലുകൊള്ളേണ്ടവരും എന്ന പൊതുബോധം സ്ഥിരപ്പെട്ടുകഴിഞ്ഞു. എണ്ണമറ്റ ഹിന്ദു സംഘടനകളും സന്യാസി സമൂഹങ്ങളും രാജ്യത്തുണ്ടായിട്ടും അവരൊന്നും ഹിന്ദുത്വ അതിക്രമങ്ങളെ തള്ളിപ്പറയുന്നില്ല. ഞങ്ങളുടെ മതത്തിന്റെ പേരില്‍ ഈ അതിക്രമം വേണ്ടെന്നുപറയാന്‍ ഹിന്ദുമത വിശ്വാസികള്‍ സ്വമേധയാ മുന്നോട്ടുവരാന്‍ തയ്യാറാകാത്ത കാലത്തോളം ഹിന്ദുവിന്റെ പേറ്റന്റ് സംഘ്പരിവാറിന്റെ കൈയില്‍ തന്നെയായിരിക്കും. യഥാര്‍ഥ ഹിന്ദുമത വിശ്വാസിക്ക് ഇതേക്കാള്‍ അപമാനകരമായി, അപകടകരമായി മറ്റെന്താണുള്ളത്. ഹിന്ദുത്വ വര്‍ഗീയതക്ക് ശത്രുത മുസ്ലിംകളോടും ക്രൈസ്തവരോടും മാത്രമല്ല, വരേണ്യ ഹിന്ദുയിസത്തിനു പുറത്തുനില്‍ക്കുന്ന സകലരോടുമാണ്. ഹിന്ദുത്വ ഇപ്പോള്‍ വില്ലുകുലക്കുന്നത് മുസ്ലിംകള്‍ക്ക് നേരേയല്ല ശ്രീരാമന് നേര്‍ക്കു തന്നെയാണ് എന്നതാണ് ശ്രീരാമനവമിയിലെ അതിക്രമങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്! അതിന് മടി തോന്നാത്തവര്‍ക്ക് നാളെയൊരിക്കല്‍ ദളിതന്റെയോ ഈഴവന്റെയോ കഴുത്തിലേക്ക് കത്തിയാഴ്ത്താന്‍ ഒരു മനസ്സാക്ഷിക്കുത്തുമുണ്ടാകില്ല എന്നോര്‍മിപ്പിക്കാതെ വയ്യ.