Connect with us

Babari Masjid Demolition

തകര്‍ക്കാന്‍ ഇനി എന്തുണ്ട് ബാക്കി?

ബാബരി മസ്ജിദിന്റെ ധ്വംസനം ഒരു പള്ളിയുടെ തച്ചുതകര്‍ക്കല്‍ മാത്രമാണെന്ന് ധരിച്ചുവശായെങ്കില്‍ അവര്‍ക്കു തെറ്റി. അത് ഇന്ത്യ എന്ന ആശയത്തിന്റെ ഖബറടക്കത്തിന്റെ തുടക്കമായിരുന്നു. ബാബരിയുടെ മുമ്പും പിമ്പും എന്ന് വേര്‍തിരിച്ചേ ചരിത്ര വിദ്യാര്‍ഥിക്ക് ആധുനിക ഇന്ത്യയുടെ ചരിത്രം രേഖപ്പെടുത്താനാകൂ.

Published

|

Last Updated

രണഘടനാ നിര്‍മാണ സഭയില്‍ ന്യൂനപക്ഷ പ്രശ്‌നങ്ങളെ കുറിച്ചുള്ള അന്തിമ ചര്‍ച്ചക്കിടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ അംബേദ്കര്‍ എല്ലാവരുടെയും കണ്ണുതുറപ്പിക്കുന്ന തരത്തില്‍ പറഞ്ഞു: “ഈ രാജ്യത്ത് ഭൂരിപക്ഷവും ന്യൂനപക്ഷവും തെറ്റായ വഴിയാണ് പിന്തുടരുന്നത്. ഭൂരിപക്ഷം ന്യൂനപക്ഷത്തിന്റെ അസ്തിത്വം നിഷേധിക്കുന്നത് തെറ്റാണ്. എന്നും തങ്ങള്‍ ന്യൂനപക്ഷമാണ് എന്ന് പറഞ്ഞ് പ്രശ്‌നങ്ങളുണ്ടാക്കുന്നത് ന്യൂനപക്ഷത്തിനും ഗുണം ചെയ്യില്ല. രണ്ട് ലക്ഷ്യവും നേടുന്ന ഒരു പരിഹാരം കണ്ടെത്തേണ്ടതുണ്ട്. ന്യൂനപക്ഷ സംരക്ഷണ വിഷയത്തില്‍ കടുത്ത വര്‍ഗീയ മനോഗതി വെച്ചുപുലര്‍ത്തുന്ന കാര്‍ക്കശ്യക്കാരോട് എനിക്ക് പറയാനുള്ളത് രണ്ട് കാര്യമാണ്. ഒന്നാമതായി ന്യൂനപക്ഷം ഏത് നിമിഷവും പൊട്ടിത്തെറിക്കാവുന്ന സ്‌ഫോടക സ്വഭാവമുള്ളതാണ്. അത് പൊട്ടിത്തെറിച്ചാല്‍ രാജ്യത്തിന്റെ അടിസ്ഥാനഘടന തന്നെ കത്തിച്ചാമ്പലാകും. യൂറോപ്പിന്റെ ചരിത്രം ഈ യാഥാര്‍ഥ്യത്തെ അടിവരയിടുന്ന, ഭയാനകമായ ദൃഷ്ടാന്തമാണ്. ഭൂരിപക്ഷത്തിന്റെ കൈയില്‍ തങ്ങളുടെ നിലനില്‍പ്പ് കൈമാറാന്‍ സമ്മതിച്ചവരാണ് ഇവിടുത്തെ ന്യൂനപക്ഷം എന്നതാണ് രണ്ടാമത്തെ വസ്തുത’.

സ്വതന്ത്ര ഇന്ത്യയില്‍ എല്ലാവരും സമന്മാരാണെന്നും പൗരസമത്വമാണ് സഹവര്‍ത്തിത്വത്തിന്റെ നിദാനമെന്നും ഊട്ടിയുറപ്പിക്കുന്ന ഭരണഘടന അംഗീകരിച്ചാണ് നാം യാത്ര തുടങ്ങിയത്. ജനാധിപത്യ-മതേതര മൂല്യങ്ങളില്‍ അധിഷ്ഠിതമായ രാഷ്ട്രീയ-സാമൂഹിക പെരുമാറ്റ ശൈലി വളര്‍ത്തിയെടുക്കാനായിരുന്നു ആര്‍ എസ് എസും ഹിന്ദുമഹാസഭയും പ്രതിനിധാനം ചെയ്യുന്ന വര്‍ഗീയവാദികളല്ലാത്തവര്‍ എക്കാലവും ആഗ്രഹിച്ചതും ശ്രമിച്ചതും. ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു ആ സ്വപ്‌ന പ്രയാണത്തെ ആനയിച്ചത്. അശേഷം കളങ്കമേല്‍ക്കാത്ത മതേതരവാദിയായിരുന്നു അദ്ദേഹം. സര്‍ദാര്‍ പട്ടേല്‍ അങ്ങനെയായിരുന്നില്ല. എന്നിട്ടും ന്യൂനപക്ഷ ഉപസമിതിയുടെ അധ്യക്ഷസ്ഥാനം പട്ടേലിന് കിട്ടിയത് എങ്ങനെയെന്ന ചോദ്യത്തിന് ശരിയായ ഉത്തരം കിട്ടണമെന്നില്ല. ന്യൂനപക്ഷാവകാശങ്ങളെ കുറിച്ച് ചര്‍ച്ച പുരോഗമിക്കവെ, മുസ്‌ലിംകളുടെയും മറ്റും പ്രാതിനിധ്യം സഭകളില്‍ ഉറപ്പുവരുത്താന്‍ പ്രത്യേക മണ്ഡലങ്ങള്‍ എടുത്തുകളയാന്‍ പാടില്ല എന്ന് അഡ്വ. ബി പോക്കര്‍ അഭിപ്രായപ്പെട്ടപ്പോള്‍, സര്‍ദാര്‍ പട്ടേല്‍ പാക്കിസ്ഥാന്റെ ഭാഗത്തേക്ക് ചൂണ്ടി രോഷം കൊണ്ടു; ഇനിയും ഇത്തരം ചിന്താഗതിയുമായി നടക്കുന്നവര്‍ക്ക് പറ്റിയ സ്ഥലം അവിടെയാണെന്ന്. ഇത് കേട്ട് ഞെട്ടിയ യു പിയില്‍ നിന്നുള്ള ബീഗ് അഅ്‌സാസ് റസൂല്‍, ന്യൂനപക്ഷങ്ങള്‍ക്ക് ഇനി ഇത്തരം സവിശേഷാനുകൂല്യങ്ങളുടെയോ സംവരണത്തിന്റെയോ ആവശ്യമില്ലെന്ന് വെട്ടിത്തുറന്നു പറഞ്ഞു. നെഹ്‌റുവിന്റെ “പുതിയ ഇന്ത്യ’യില്‍ എല്ലാം ഭദ്രമാണെന്ന തോന്നല്‍ ന്യൂനപക്ഷങ്ങളില്‍ വളര്‍ത്തിയെടുക്കാന്‍ സാഹചര്യം പ്രേരണ നല്‍കി. അങ്ങനെയൊരു സാഹചര്യമാണ് 1949 ഡിസംബറില്‍ ബാബരി മസ്ജിദിന്റെ അകത്തേക്ക് രാമ-സീത വിഗ്രഹങ്ങള്‍ കൊണ്ടിട്ടപ്പോള്‍ നെഹ്‌റു അതുകേട്ട് ക്ഷുഭിതനാകുന്നതും സരയൂ നദിയിലേക്ക് വലിച്ചെറിയാന്‍ ആവശ്യപ്പെടുന്നതും.

കോണ്‍ഗ്രസ്സില്‍ എക്കാലത്തും രണ്ട് ചിന്താധാരകള്‍ നിലനിന്നിരുന്നു. തീവ്ര വലതുപക്ഷ ധാര കരുത്താര്‍ജിക്കുന്നത് നെഹ്‌റുവിന്റെ വിയോഗത്തോടെയാണ്. കോണ്‍ഗ്രസ്സിലെ വര്‍ഗീയ ചിന്താഗതിക്കാരെയും ആര്‍ എസ് എസിനെപോലുള്ള ശുദ്ധ മതഭ്രാന്തരെയും പരോക്ഷമായി ആശ്രയിക്കുകയും പരസ്യമായി തള്ളിപ്പറയുകയും ചെയ്ത ഇന്ദിരയുടെ ശൈലിയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഭൂരിപക്ഷ വര്‍ഗീയതയെ താലോലിച്ചു വളര്‍ത്തിയത്. അടിയന്തരാവസ്ഥയുടെ കറുത്ത രാവുകളില്‍ ഭൂരിപക്ഷ വര്‍ഗീയത കോണ്‍ഗ്രസ്സിന്റെ അല്ലെങ്കില്‍ സഞ്ജയ് ഗാന്ധിയുടെ നയങ്ങളായി പുറത്തുവന്നു. 1977ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ തറപറ്റിക്കുന്നതിലും ജനതാ പാര്‍ട്ടിയെ അധികാരത്തിലേറ്റുന്നതിലും നിര്‍ണായക പങ്കുവഹിച്ചത് ന്യൂനപക്ഷങ്ങളാണ്. 1980ല്‍ ഇന്ദിരയെ അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതില്‍ ആര്‍ എസ് എസ് വഹിച്ച പങ്ക് ചെറുതല്ല. “ഹിന്ദു വോട്ട് ബേങ്ക്’ ഇവിടെ ഒളിഞ്ഞുകിടപ്പുണ്ടെന്നും അവസരം വരുമ്പോള്‍ അത് മുഖം പുറത്തേക്ക് നീട്ടുമെന്നും തെളിയിക്കപ്പെട്ടതോടെ ഇന്ദിര വര്‍ഗീയത കൊണ്ട് തീക്കളി തുടങ്ങി. ആദ്യം സിഖുകാര്‍ക്കെതിരെ. ഭിന്ദര്‍വാലയെ വളര്‍ത്തിയ അതേ കൈകള്‍ ഓപറേഷന്‍ ബ്ലൂസ്റ്റാറിലൂടെ സിഖുകാര്‍ക്കെതിരെ ഭൂരിപക്ഷ സമുദായത്തെ ഇളക്കിവിട്ടു. ഇന്ദിരാ ഗാന്ധിയുടെ ദാരുണ കൊലയില്‍ അത് ചെന്നവസാനിച്ചു. നാലായിരത്തിലേറെ സിഖുകാരെ ഡല്‍ഹിയുടെ തെരുവുകളില്‍ കത്തിച്ച് ചാമ്പലാക്കി കോണ്‍ഗ്രസ്സുകാര്‍ പ്രതികാരം ചെയ്തു. ഇന്ദിരയുടെ വിയോഗം ദേശീയ രാഷ്ട്രീയത്തില്‍ സൃഷ്ടിച്ച ശൂന്യതയുടെ വിടവിലൂടെ ഭൂരിപക്ഷ വര്‍ഗീയതക്ക് ഇഴഞ്ഞുകയറാന്‍ ഇടം നല്‍കി. അങ്ങനെയാണ് 1949 മുതല്‍ പൂട്ടിക്കിടന്ന ബാബരി മസ്ജിദ് ഹിന്ദുക്കള്‍ക്ക് പൂജ നടത്താന്‍ രാജീവ് സര്‍ക്കാര്‍ ഒരു കോടതി ഉത്തരവിന്റെ മറവിലൂടെ തുറന്നുകൊടുക്കുന്നത്. അതിന് ശേഷമാണ് ഹിന്ദു തീവ്രവാദികള്‍ തര്‍ക്കസ്ഥലത്ത് ശിലാന്യാസം നടത്തുന്നതും എല്‍ കെ അഡ്വാനി രക്തപങ്കിലമായ രഥയാത്രയിലൂടെ വര്‍ഗീയക്കൊടുങ്കാറ്റ് തുറന്നുവിടുന്നതും എല്ലാത്തിനുമൊടുവില്‍ 1992 ഡിസംബര്‍ ആറിന് ബാബരിപ്പള്ളി നിലംപരിശാക്കുന്നതും.

നൊമ്പരപ്പെടുത്തുന്ന ഓര്‍മകള്‍ക്കപ്പുറം

ബാബരി മസ്ജിദിന്റെ ധ്വംസനം ഒരു പള്ളിയുടെ തച്ചുതകര്‍ക്കല്‍ മാത്രമാണെന്ന് ധരിച്ചുവശായെങ്കില്‍ അവര്‍ക്കു തെറ്റി. അത് ഇന്ത്യ എന്ന ആശയത്തിന്റെ ഖബറടക്കത്തിന്റെ തുടക്കമായിരുന്നു. ബാബരിയുടെ മുമ്പും പിമ്പും എന്ന് വേര്‍തിരിച്ചേ ചരിത്ര വിദ്യാര്‍ഥിക്ക് ആധുനിക ഇന്ത്യയുടെ ചരിത്രം രേഖപ്പെടുത്താനാകൂ. ഡിസംബര്‍ ആറിന് സൈന്യത്തെ നിര്‍ന്നിമേഷരായി നിറുത്തി കര്‍സേവകര്‍ ധൂമപടലങ്ങളാക്കിയത് കേവലമൊരു പുരാതന പള്ളിയായിരുന്നില്ല. പ്രത്യുത, രാഷ്ട്ര ശില്‍പ്പികള്‍ ആഴത്തിലുള്ള പരിചിന്തനങ്ങളിലൂടെ രൂപഭാവം നല്‍കിയ അധുനിക മതേതര-ജനാധിപത്യമെന്ന ആശയത്തിന്റെ അടിത്തറയായിരുന്നു. രണ്ട് വര്‍ഷവും 11 മാസവും 17 ദിവസവുമെടുത്ത് എഴുതിയുണ്ടാക്കിയ ഒരു പ്രമാണത്തിന്റെ ആത്മാവിനെയാണ് ഹിന്ദുത്വ കര്‍സേവകര്‍ ലോകം നോക്കിനില്‍ക്കെ അന്ന് ചുട്ടുചാമ്പലാക്കിയത്. 165 ദിവസം നീണ്ട, 11 സെഷനുകളിലായി, ഭരണഘടനാ ശില്‍പ്പികള്‍ 7,600 ഭേദഗതികള്‍ കൊണ്ടുവന്നതും അവ ചര്‍ച്ച ചെയ്ത് കൊള്ളുകയോ തള്ളുകയോ ചെയ്തതും ഭൂരിപക്ഷ സമൂഹത്തിന്റെ ആസുരതക്കൊത്ത് സൃഷ്ടിസംഹാരങ്ങള്‍ക്ക് പശ്ചാത്തലമൊരുക്കാനായിരുന്നില്ല. 110 കോടി വരുന്ന ഹിന്ദു സമൂഹത്തിന് ഇന്ത്യയിലെവിടെയായാലും ഒരു പള്ളി തകര്‍ത്തെറിയുക എന്നത് ദുഷ്‌കരമായ ഒരു സംഗതിയല്ല. അതേസമയം, നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന ഭൂരിപക്ഷ സമൂഹത്തിലെ മതഭ്രാന്തന്മാര്‍ പിക്കാസും കമ്പിപ്പാരയുമായി ഇറങ്ങിത്തിരിക്കുമ്പോള്‍ അതിനെ തടയുക എന്നത് സാഹസിക ഉദ്യമമായിരുന്നു. അത് പരാജയപ്പെട്ടപ്പോഴാണ് പുരാതനമായ ആ പള്ളി, സൈന്യത്തിന്റെ മൗനമായ ആശീര്‍വാദത്തോടെ, അഡ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി, സാധ്വി ഋതംബര തുടങ്ങിയ സംഘ്പരിവാര്‍ നേതാക്കളുടെ ആഹ്ലാദപ്രകടനത്തിനിടയില്‍ സമനില തെറ്റിയ കര്‍സേവകര്‍ തച്ചുതകര്‍ത്ത് പൊടിപടലമാക്കുന്നത്. ഈ രംഗങ്ങള്‍ മുഴുവന്‍ മാധ്യമങ്ങള്‍ പകര്‍ത്തിയെടുത്തിട്ടും ആരാണ് പള്ളി പൊളിച്ചത് എന്ന് വ്യക്തമല്ല എന്നാണ് കോടതിയില്‍ പോലീസ് നല്‍കിയ റിപോര്‍ട്ട്.
കോടതിയലക്ഷ്യത്തിന് അന്നത്തെ യു പി മുഖ്യമന്ത്രി കല്യാണ്‍ സിംഗ് രാവിലെ മുതല്‍ വൈകുന്നേരം വരെ കോടതിയില്‍ “തടവി’ന് ശിക്ഷിക്കപ്പെട്ടതല്ലാതെ ബാബരി ധ്വംസനത്തിന്റെ പേരില്‍ ഒരാളും ശിക്ഷിക്കപ്പെട്ടില്ല എന്നത് കാലം എത്ര പിന്നിട്ടാലും മറക്കാനാകാത്ത അപരാധമാണ്. ഒരാളെയും ശിക്ഷിക്കാന്‍ നീതിപീഠത്തിന് സാധിച്ചില്ല. തെളിവുകളില്ലാഞ്ഞിട്ടല്ല. പള്ളി തകര്‍ക്കുമ്പോള്‍ ഭരണത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ്സിന് പ്രതികളിലാരെയെങ്കിലും ശിക്ഷിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നില്ല. 1996 വരെ പി വി നരസിംഹ റാവുവാണ് കേന്ദ്രം ഭരിച്ചത്. 2004 തൊട്ട് 11 വരെ ഡോ. മന്‍മോഹന്‍ സിംഗും. ആര്‍ എസ് എസിന്റെ ആസൂത്രണത്തില്‍ നടപ്പാക്കിയ നശീകരണത്തിന്റെ ഉത്തരവാദികളെ കണ്ടെത്താനുള്ള ഇച്ഛാശക്തി കൈമോശം വന്നപ്പോഴാണ് ഇവിടെ എന്തുമാകാം എന്ന തോന്നല്‍ ഹിന്ദുത്വ ശക്തികള്‍ക്കുണ്ടായതും കൂടുതല്‍ തീവ്ര ചിന്താഗതിയിലേക്ക് ഓടിയടുത്തതും. അതിനിടയില്‍, ന്യൂനപക്ഷങ്ങള്‍ക്കും മതേതര വിശ്വാസികള്‍ക്കും അൽപ്പം ആശ്വസിക്കാന്‍ വക നല്‍കിയത് 1994ലെ ബൊമ്മെ കേസിലെ വിധിയാണ്. ചീഫ് ജസ്റ്റിസ് ബി പി ജീവന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഒമ്പതംഗ ബഞ്ച് അര്‍ഥശങ്കക്കിടം നല്‍കാത്തവിധം പറഞ്ഞു; സെക്യുലറിസം രാഷ്ട്രീയത്തിന്റെ അടിസ്ഥാന ശിലയുടെ ഭാഗമാണ്. രാഷ്ട്രീയത്തില്‍ നിന്ന് മതത്തെ വേര്‍പ്പെടുത്തേണ്ടത് മതേതരത്വത്തിന്റെ അനിവാര്യതയാണ്. ബാബരി തകര്‍ക്കപ്പെട്ട ശേഷം ബി ജെ പി ഭരിക്കുന്ന യു പി, രാജസ്ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ സര്‍ക്കാറുകളെ പിരിച്ചുവിട്ടുകൊണ്ടുള്ള നടപടി ശരിവെച്ച കോടതി വിധി മതേതര മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന വിഷയത്തില്‍ പരമോന്നത നീതിപീഠം കാണിച്ച ആവേശകരമായ കാഴ്ചയാണ്. മതത്തിന്റെയോ ജാതിയുടെയോ പേരില്‍ വോട്ട് തേടുന്നത് മതേതര മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും മതേതര വിരുദ്ധമായ പാത പിന്തുടരുന്ന ഏത് സര്‍ക്കാറിനെയും പിരിച്ചുവിടാന്‍ അധികാരമുണ്ടെന്നും കോടതി അസന്ദിഗ്ധമായി പ്രഖ്യാപിച്ചത്, കേശവാനന്ദ ഭാരതി കേസില്‍ 13 അംഗ ബഞ്ചിന്റെ തീര്‍പ്പിന് അടിവരയിട്ടായിരുന്നു. കാലം അല്‍പ്പം മുന്നോട്ടുപോയപ്പോള്‍, ഇതേ നീതിപീഠം ഭൂരിപക്ഷ വിഭാഗത്തിന്റെ വിശ്വാസം കണക്കിലെടുത്ത് തര്‍ക്കഭൂമി രാമക്ഷേത്രം നിര്‍മിക്കാന്‍ ട്രസ്റ്റിന് നല്‍കണമെന്ന് വിധിച്ചതോടെ തകര്‍ന്നത് ജുഡീഷ്യറിയുടെ നിഷ്പക്ഷതയും മതനിരപേക്ഷ മുഖവുമാണ്. സ്വതന്ത്ര ഇന്ത്യയില്‍ നീതിന്യായ വ്യവസ്ഥയുടെമേല്‍ ഇത്രമാത്രം കളങ്കം ചാര്‍ത്തിയ ഒരു കോടതി വിധി വേറെ ഉണ്ടായിട്ടില്ല.

ഫാസിസത്തോടൊപ്പം സഞ്ചരിച്ചവര്‍

നീതി തേടിയാണ് പൗരസമൂഹം കോടതികളെ സമീപിക്കുന്നത്. ഒരു നിലക്കും നീതി പ്രതീക്ഷിക്കേണ്ടതില്ല എന്ന ധാരണ ജനങ്ങളില്‍ ഉടലെടുത്തുകഴിഞ്ഞാല്‍ പിന്നെ നീതിന്യായ വ്യവസ്ഥയെ കുറിച്ച് കൂടുതല്‍ പറയാതിരിക്കലാകും ഉത്തമം. അയോധ്യ വിധി കോടതിയിലുള്ള ദുര്‍ബല വിഭാഗങ്ങളുടെ പ്രത്യാശ കളഞ്ഞുകുളിച്ചുവെന്നത് ചെറിയ ദുരന്തമൊന്നുമല്ല. വര്‍ഗീയ ഫാസിസം പത്തി വിടര്‍ത്തി ആടുമ്പോള്‍ അതിനൊപ്പം നൃത്തം വെക്കാന്‍ ന്യായാസനം സന്നദ്ധമാകുന്നതോടെ ജനാധിപത്യത്തിന്റെ നെടുംതൂണായ ജുഡീഷ്യറിയുടെ പാവനത പിച്ചിച്ചീന്തപ്പെടുകയാണ്. 2019 നവംബര്‍ 10ന് പുറത്തുവന്ന അഞ്ചംഗ ബഞ്ചിന്റെ വിധി നിയമപരമായോ ചരിത്രപരമായോ യുക്തിപരമായോ ന്യായീകരിക്കപ്പെടുന്നില്ല എന്നത് ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ ശിരസ്സ് കുനിക്കാന്‍ വഴിവെച്ചു. ഇമ്മട്ടിലൊരു വിധി എഴുതിയത് ആരെന്ന് തുറന്നുപറയാനുള്ള ധൈര്യക്കുറവില്‍ നിന്ന് ഒരു കാര്യം വായിച്ചെടുക്കാം. തങ്ങള്‍ ചെയ്യുന്നത് നീതികേടോ നെറികേടോ ആണെന്ന് കോടതി തന്നെ കരുതുന്നുണ്ട് എന്നതാണത്. ബാബരി മസ്ജിദ് നിലനിന്ന സ്ഥലം മുസ്‌ലിംകളുടേതാണോ അതല്ല, രാമക്ഷേത്രം തകര്‍ത്തിട്ട് മുസ്‌ലിംകള്‍ കൈവശപ്പെടുത്തിയതാണോ? ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കുന്നതിന് പകരം, ഒരു ട്രസ്റ്റുണ്ടാക്കി വിവാദ സ്ഥലത്ത് രാമക്ഷേത്രം പണിയണം എന്ന് പറയാന്‍ ആരാണ് സുപ്രീം കോടതിയെ അധികാരപ്പെടുത്തിയത് എന്ന ചോദ്യം ബാക്കിയാകുന്നു. കോടതി സഞ്ചരിച്ചത് 1949ല്‍ പള്ളിയില്‍ വിഗ്രഹം കൊണ്ടിട്ട് മലിനപ്പെടുത്തുകയും 92ല്‍ പള്ളിയില്‍ അതിക്രമിച്ച് കടന്ന് അത് തകര്‍ത്ത് ധൂമപടലങ്ങളാക്കുകയും ചെയ്ത അപരാധികളോടൊപ്പമാണ്. ബാബരി മസ്ജിദ്-രാമക്ഷേത്ര തര്‍ക്കത്തില്‍ മാധ്യസ്ഥം വഹിക്കാന്‍ കോടതിയോട് ആരും ആവശ്യപ്പെട്ടിട്ടില്ല. പുരാവസ്തു ഉത്ഖനനത്തിലൂടെയോ ചരിത്രത്താളുകളിലൂടെയോ തെളിയിക്കപ്പെട്ടിട്ടില്ല എന്ന് സമ്മതിച്ചുകൊണ്ട് തന്നെ, പള്ളി നിലകൊണ്ട സ്ഥലം, എല്ലാ കുറ്റകൃത്യങ്ങള്‍ക്കും നേതൃത്വം കൊടുത്തവര്‍ക്ക് താലത്തില്‍ വെച്ച് ദാനം ചെയ്ത ക്രൂരത ഒരിക്കലും മറക്കാനാകില്ല. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട വാര്‍ത്ത കേട്ട ഉടന്‍ അന്നത്തെ ഉപരാഷ്ട്രപതി കെ ആര്‍ നാരായണന്‍ പറഞ്ഞു, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ രണ്ടാമത്തെ ദേശീയ ദുരന്തമാണിത് എന്ന്. ഒന്നാമത്തെ ദുരന്തം മഹാത്മജിയുടെ വധമായിരുന്നു. രണ്ട് ക്രൂരകൃത്യങ്ങള്‍ക്ക് പിന്നിലും ഒരേ ആള്‍ക്കാരാണ്. ആര്‍ എസ് എസിനാല്‍ പ്രചോദിതരായ മതഭ്രാന്തന്മാര്‍! ഗാന്ധിജിയുടെ ഘാതകരില്‍ നാഥുറാം ഗോഡ്‌സെയെയെങ്കിലും തൂക്കിലേറ്റി നീതിയുടെ മുഖം തുറന്നുകാട്ടാന്‍ കോടതിക്ക് സാധിച്ചു. എന്നാല്‍, ബാബരിയുടെ കാര്യത്തില്‍ നീതിന്യായ വ്യവസ്ഥ കാണിച്ച നിരുത്തരവാദപരവും നിയമവിരുദ്ധവുമായ നിലപാട് രാജ്യത്തെ ബഹുദൂരം പിറകോട്ടടുപ്പിച്ചു. വിവാദ തീര്‍പ്പിന് പിന്നില്‍ പ്രവര്‍ത്തിച്ച നിലവിലെ ചീഫ് ജസ്റ്റിസ് അടക്കം അഞ്ച് ജഡ്ജിമാരും ചരിത്രത്തില്‍ അറിയപ്പെടുക സല്‍പേരിലായിരിക്കില്ല.

വര്‍ഗീയ ഫാസിസത്തിന്റെ പ്രചോദന സ്രോതസ്സായി രാമക്ഷേത്ര സങ്കല്‍പ്പം വളര്‍ന്ന് സ്വീകാര്യത നേടിയപ്പോള്‍ ഭൂരിപക്ഷാധിപത്യത്തിന്റെ കടന്നുകയറ്റവും മതേതര-ജനാധിപത്യ വ്യവസ്ഥയുടെ തകര്‍ച്ചയും സ്വാഭാവിക പ്രത്യാഘാതങ്ങളായി നിസ്സാരവത്കരിക്കപ്പെട്ടു. അതോടെ, മതേതരത്വത്തെ കുറിച്ച് ഉരിയാടുന്നത് പോലും പഴഞ്ചനായി മാറി. സാമ്പത്തിക മേഖലയിലെ തിരിച്ചടികള്‍ ചര്‍ച്ചാവിഷയമാക്കുന്നത് രാജ്യദ്രോഹ കുറ്റമായി ഭരണകൂടം വിശേഷിപ്പിക്കുകയും മാധ്യമ പാദസേവകര്‍ മാനുഷിക ദുരന്തങ്ങളുടെ ബീഭത്സമുഖം മറച്ചുപിടിക്കുകയും ചെയ്തു. മീഡിയ ഭരണകൂടത്തിന്റെ കൈയിലമര്‍ന്നപ്പോള്‍ വിയോജിപ്പിന്റെ സ്വരം കേള്‍ക്കാന്‍ കഴിയാത്തവിധം ദുര്‍ബലമാകുകയും ഒടുവില്‍ നിശ്ചലമാകുകയും ചെയ്തു. വര്‍ഗീയത മേലങ്കിയാക്കിയുള്ള മോദിയുടെയും അമിത് ഷായുടെയും മുന്നേറ്റത്തിന് ആക്കം കൂട്ടാന്‍ പ്രാര്‍ഥിക്കുന്നവരാണ് പണി പൂര്‍ത്തിയാകാന്‍ പോകുന്ന രാമക്ഷേത്രത്തിന് മുന്നില്‍ ഇപ്പോള്‍ തന്നെ ക്യൂ നില്‍ക്കുന്നത്.
ഇന്ത്യയുടെ പ്രധാനമന്ത്രി ശിലാന്യാസം നടത്തിയ രാഷ്ട്രീയ ദേവാലയം യഥാര്‍ഥത്തില്‍ നമ്മുടെ രാജ്യത്തിന്റെ മതേതര പാമ്പര്യത്തിനും ജനായത്ത വാഴ്ചക്കും നേരേയുള്ള കൊഞ്ഞനം കുത്തലാണ്. അത് തുറന്നുപറയാനുള്ള ആര്‍ജവം നഷ്ടപ്പെട്ടിടത്താണ് വര്‍ഗീയ ഫാസിസം തളിര്‍ത്തുപൊങ്ങുന്നത്. ബാബരിപ്പള്ളിയെ മറവിക്ക് വിട്ടുകൊടുക്കരുത് എന്ന് കേണപേക്ഷിക്കേണ്ടി വരുന്നത് അതുകൊണ്ടാണ്.

---- facebook comment plugin here -----

Latest