Ongoing News
വിടില്ല ഞങ്ങള്‍; ചെന്നൈ എഫ് സിയെ തകര്‍ത്ത് മഞ്ഞപ്പട, പ്ലേ ഓഫ് സാധ്യതകള്‍ സജീവം
ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം.

കൊച്ചി | ഐ എസ് എലില്‍ ചെന്നൈ എഫ് സിയെ തകര്‍ത്ത് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയിലെ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. തുടക്കത്തില്‍ ഒരു ഗോള്‍ വഴങ്ങിയ കേരള ടീം രണ്ട് ഹാഫുകളിലുമായി ഓരോ ഗോള്‍ വീതം തിരിച്ചടിച്ചാണ് വിജയം നേടിയത്.
കളി തുടങ്ങി രണ്ടാം മിനുട്ടില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ച് ചെന്നൈയിന്‍ സ്‌കോര്‍ ചെയ്തു. അബ്ദുനാസര്‍ എല്‍ ഖയാത്തിയാണ് ഗോള്‍ നേടിയത്. ഗോള്‍ വഴങ്ങേണ്ടി വന്നതോടെ വര്‍ധിത വീര്യവുമായി ആക്രമിച്ചു കളിച്ച മഞ്ഞപ്പട അഡ്രിയന്‍ ലൂണയിലൂടെ സമനില കണ്ടെത്തി. 38ാം മിനുട്ടിലായിരുന്നു ലൂണയുടെ തകര്‍പ്പന്‍ ഷോട്ട് ചെന്നെയിനിന്റെ വല കുലുക്കിയത്. 64ാം മിനുട്ടില്‍ മലയാളി താരം കെ പി രാഹുല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം ഉറപ്പിച്ച ഗോള്‍ നേടി.
ജയത്തോടെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സിന് 31 പോയിന്റായി. ഇത്രയും മത്സരങ്ങളില്‍ നിന്ന് 18 പോയിന്റ് മാത്രമുള്ള ചെന്നൈയിന്‍ എട്ടാം സ്ഥാനത്താണ്. അഡ്രിയന്‍ ലൂണയാണ് കളിയിലെ താരം.