Connect with us

Editors Pick

ഒരുമയുടെയും മാനവികതയുടെയും വറ്റാത്ത കടലാണ് ഞങ്ങള്‍; ഇതല്ലാതെ മറ്റെന്താണ് കേരള സ്റ്റോറി

ഇതല്ലാതെ മറ്റെന്താണ് കേരള സ്‌റ്റോറി എന്ന് മനുഷ്യരെ തമ്മിലടിപ്പിക്കാനുള്ള കഥ മെനയുന്ന വര്‍ഗീയ-ഫാസിസ്റ്റ് കോമരങ്ങളോട് ഉറക്കെയുറക്കെ ചോദിക്കുകയാണ് ഇവിടുത്തെ മതേതര മനസ്സുകള്‍.

Published

|

Last Updated

മനമുരുകിയുള്ള ആ ഉമ്മയുടെ പ്രാര്‍ഥനക്കും കണ്ണീരിനും ഫലമുണ്ടായി. അറിയാതെ സംഭവിച്ച ഒരു മരണത്തിന്റെ ഉത്തരവാദിത്തം അടിച്ചേല്‍പ്പിക്കപ്പെട്ട് സഊദിയില്‍ കാരാഗ്രഹത്തില്‍ അടയ്ക്കപ്പെട്ട മകന്റെ മോചനം കാത്തുള്ള മാതൃഹൃദയത്തിന്റെ 18 വര്‍ഷത്തെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. മകന്‍ നാട്ടില്‍ തിരിച്ചെത്തി കാണാനുള്ള ആകാംക്ഷയോടെയുള്ള കാത്തിരിപ്പാണ് ഇനി…..

കടന്നുപോയ ഇത്രയും വര്‍ഷങ്ങള്‍ കടുത്ത വേദനയും പേറിയാണ് അബ്ദുര്‍റഹീമിന്റെ ഉമ്മ പാത്തു ജീവിച്ചത്. അലിഞ്ഞുതീരുന്ന ഓരോ നിമിഷവും മകന്‍ തിരികെയണയുന്നതിനുള്ള അദമ്യമായ ആഗ്രഹത്തിലും പ്രാര്‍ഥനയിലുമായിരുന്നു. ഇപ്പോള്‍ സന്തോഷത്തിന്റെ സമയമാണെന്ന് ആനന്ദാശ്രു നിറഞ്ഞ നയനങ്ങളുമായി പാത്തു മാധ്യമ പ്രവര്‍ത്തകര്‍ക്കു മുമ്പില്‍ മനസ്സ് തുറന്നപ്പോള്‍ അതിന് ഒരുപാടൊരുപാട് ആഴമുണ്ട്. ഒരു ദുരനുഭവത്തിന്റെ ദുഃഖ നിമിഷങ്ങള്‍ക്ക് ഇന്നല്ലെങ്കില്‍ നാളെ അറുതിയുണ്ടാകുമെന്നും അതിന് പരമ കാരുണികനോടുള്ള ഹൃദയം നിറഞ്ഞ പ്രാര്‍ഥനയാണ് പ്രധാനമായി വേണ്ടതെന്നുമുള്ള പ്രപഞ്ച തത്വം കൂടി സമൂഹത്തിനു മുമ്പില്‍ തുറന്നിടുകയായിരുന്നു ഉമ്മ. എല്ലാം ജഗന്നിയന്താവില്‍ അര്‍പ്പിച്ചതിന്റെ, അര്‍പ്പിക്കുന്നതിന്റെ നിശ്ചയദാര്‍ഢ്യവും ശുഭപ്രതീക്ഷയും പക്വതയാര്‍ന്ന ആ കണ്ണുകളില്‍ കണ്ണീരിന്റെ നനവിലും കത്തിനില്‍ക്കുന്നുണ്ട്. മാതൃഹൃദയം മക്കള്‍ക്ക് നല്‍കുന്ന വിലമതിക്കാനാകാത്ത സ്‌നേഹത്തിന്റെ, വാത്സല്യത്തിന്റെ മഹത്തായ പ്രതീകമാവുക കൂടിയാണ് പാത്തു.

വേദനയും ദുരിതവും പ്രത്യക്ഷമായി അനുഭവിക്കുന്ന വ്യക്തിയും അയാളുമായി ഏറ്റവുമടുത്തയാളുകളും നീന്തുന്ന ദുഃഖക്കടലിന് വ്യത്യസ്ത മാനങ്ങളുണ്ടെങ്കിലും ഒരേ ആഴമാണ്. പ്രത്യേകിച്ച് അത് ഉമ്മയും മകനുമാണെങ്കില്‍ അതിന്റെ തീവ്രത അളവുകള്‍ക്ക് അതീതവുമാണ്.

18 വര്‍ഷങ്ങള്‍….ഏതൊക്കെ മാനികാവസ്ഥകളിലൂടെയായിരിക്കും അയാള്‍ കടന്നുപോയിട്ടുണ്ടാവുക?!!
അന്യദേശത്ത് അബ്ദുര്‍റഹീമിന് കദനത്തിന്റെ മഹാപര്‍വങ്ങളാണ് താണ്ടേണ്ടി വന്നിരിക്കുകയെന്നത് പ്രത്യേകം പറയേണ്ടതില്ല. സ്വന്തം നാട്ടില്‍ നിന്ന് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ അകലെയുള്ള ദേശം, അറിഞ്ഞുകൊണ്ടല്ലാതെ, തന്റെ കൈയബദ്ധം കൊണ്ട് ഒരു കുരുന്ന് മരണത്തിലേക്ക് പോകേണ്ടി വന്നതിന്റെ മനസ്ഥാപം, മനപ്പൂര്‍വമല്ലാത്ത തെറ്റിന് പരമാവധി ശിക്ഷക്ക് വിധേയനാകേണ്ടി വന്നതിന്റെ കൊടും വേദന, ഉമ്മയെയും കുടുംബത്തെയും ഓര്‍ത്തുള്ള വാക്കുകള്‍ക്കതീതമായ നൊമ്പരം, തടവറയിലെ ഏകാന്തതയുടെ ഭീകരത…..അബ്ദുര്‍റഹീമിന്റെ ജീവിതത്തിലെ വിലപ്പെട്ട 18 വര്‍ഷങ്ങളാണ് ഇത്തരത്തില്‍ ഹോമിക്കേണ്ടി വന്നത്. കരഞ്ഞു കരഞ്ഞ് ആ കണ്ണുകളിലെ കണ്ണീര്‍ എന്നോ വറ്റിക്കാണണം. ഹൃദയം തകര്‍ന്ന് മരവിച്ചു പോയിട്ടുണ്ടാകണം. പ്രതീക്ഷയുടെ നേരിയ നാളം പോലും മനസ്സില്‍ നിന്ന് കെട്ടുപോയിട്ടുണ്ടാകണം. മോചിതനായി കഴിഞ്ഞാല്‍ അബ്ദുര്‍റഹീമിന്റെ ഉള്ളകത്ത് വിരിയുന്ന വികാരങ്ങള്‍ ഏത് തരത്തിലാകുമെന്നത് മറ്റൊരു മനുഷ്യനും സങ്കല്‍പ്പിക്കാന്‍ പോലുമാകില്ല.

തകരില്ല, തകര്‍ക്കാനാകില്ല ഈ മാനവിക ബോധത്തെ
ഇതിനെല്ലാമിടയിലാണ് മാനവിക ബോധത്തിന്റെ, കരുണയുടെ, ദുരിതമനുഭവിക്കുന്നവനെ അതില്‍ നിന്ന് കരകയറ്റാനുള്ള സമര്‍പ്പണ മനോഭാവത്തിന്റെ, സഹായ മനസ്‌കതയുടെ മഹാനിദര്‍ശനമായി മലയാളി സമൂഹമൊന്നാകെ കൈകോര്‍ക്കുന്നത്. വര്‍ഗീയതയുടെ കാട്ടാളന്മാര്‍ നാടിനെയും ജനങ്ങളെയും വെട്ടിമുറിച്ച് സ്വാര്‍ഥ നേട്ടങ്ങളുണ്ടാക്കാന്‍ പേപിടിച്ച പോലെ പരക്കം പായുമ്പോള്‍, ഇല്ല അതിന് അനുവദിക്കുകയില്ലായെന്ന് ഒരേ മനസ്സോടെ പ്രഖ്യാപിക്കുകയായിരുന്നു ഇവിടുത്തെ സ്‌നേഹ മനസ്സുകള്‍. മനുഷ്യരെല്ലാം ഒന്നാണെന്ന മഹത്തായ സന്ദേശം ഒരിക്കല്‍കൂടി നെഞ്ചുപൊട്ടുമാറുച്ചത്തില്‍ വിളിച്ചുപറയുകയായിരുന്നു കേരളം. വേദന തിന്നുന്ന ഏതൊരു സഹജീവിയെയും അവന്‍ ഏത് മതക്കാരനെന്നോ, ജാതിക്കാരനെന്നോ നോക്കാതെ രാഷ്ട്രീയമോ ദേശമോ അന്വേഷിക്കാതെ സഹായിക്കാന്‍ ഞങ്ങളിവിടെ ഉണ്ടെന്ന് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടേയിരിക്കുകയാണ് കേരള ജനത. ഇതല്ലാതെ മറ്റെന്താണ് കേരള സ്‌റ്റോറി എന്ന് മനുഷ്യരെ തമ്മിലടിപ്പിക്കാനുള്ള കഥ മെനയുന്ന വര്‍ഗീയ-ഫാസിസ്റ്റ് കോമരങ്ങളോട് ഉറക്കെയുറക്കെ ചോദിക്കുകയാണ് ഇവിടുത്തെ മതേതര മനസ്സുകള്‍. പ്രളയവും മഹാമാരിയും നാടിനെ അമ്മാനമാടിയ സാഹചര്യങ്ങളിലും ഈ ഒത്തൊരുമയുടെ ഭാഗമായവരാണല്ലോ കേരളീയര്‍. വെട്ടിമുറിക്കുന്ന കത്രികയാകാനല്ല, ഒരുമിച്ചു ചേര്‍ക്കാനുള്ള സൂചിയാകാനാണ് മനസ്സുണ്ടാകേണ്ടതെന്ന തിരിച്ചറിവാണ് ഇവിടുത്തെ മനുഷ്യരെ നയിക്കുന്നത്.

ജാതി മത കക്ഷി ഭേദമന്യേ കേരളം ഒന്നടങ്കം ഏറ്റെടുത്ത മഹാദൗത്യമാണ് നിശ്ചയിച്ചതിലും മൂന്ന് ദിവസം മുമ്പ് വിജയം കണ്ടത്. 34 കോടി രൂപയാണ് അബ്ദുര്‍റഹീമിന് മോചനദ്രവ്യമായി നല്‍കേണ്ടിയിരുന്നത്. ഈ തുക കണ്ടെത്താന്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ നിയമസഹായ സമിതി രൂപവത്കരിച്ച് നടത്തിയ നീക്കങ്ങള്‍ കേരളം ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു.

ചെമ്മണ്ണൂര്‍ ഗോള്‍ഡ് ഉടമ ബോബി ചെമ്മണ്ണൂര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് സുമനസ്സുകള്‍ ഈ മഹാദൗത്യത്തിനായി കണ്ണിചേര്‍ന്നു. പണം കണ്ടെത്താന്‍ ബോബി ചെമ്മണ്ണൂര്‍ നടത്തി വരുന്ന ‘ഭിക്ഷാ യാത്ര’യാണ് വിഷയം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിച്ചത്. ഇതോടൊപ്പം സാമൂഹിക, സാംസ്‌കാരിക, മത സംഘടനകളും ദൗത്യത്തില്‍ അഹോരാത്രം പ്രയത്‌നിച്ചതോടെ മാര്‍ഗം എളുപ്പമായി, ലക്ഷ്യം കൈവരിച്ചു.

പുനസ്സമാഗമത്തിനായി കണ്ണും നട്ട്
ഏതായാലും ഒരുമ്മയുടെയും മകന്റെയും അകമഴിഞ്ഞ തേടല്‍ സാഫല്യത്തിലേക്ക് നീങ്ങുകയാണ്. അവരുടെ പുനസ്സമാഗമത്തിനായി കണ്ണും നട്ട് കാത്തിരിക്കുകയാണ് മാനവികത ഹൃദയത്തില്‍ കെടാതെ സൂക്ഷിക്കുന്ന ഒരു ജനതതിയൊന്നാകെ.

 

 

സീനിയർ സബ് എഡിറ്റർ, സിറാജ്

Latest