gujarath election
തിരഞ്ഞെടുപ്പില്‍ സീറ്റ് വേണം; പാര്‍ട്ടിക്കുള്ളില്‍ എതിരാളിയെ വീഴ്ത്താന്‍ മന്ത്രവാദവുമായി ഗുജറാത്തില്‍ കോണ്‍ഗ്രസ് വനിതാ നേതാവ്
പുറത്ത് വന്ന ശകലത്തിലെ ശബ്ദം തന്റേത് അല്ലെന്ന് ജംന വേഗ്ദ അവകാശപ്പെട്ടു
അഹമദാബാദ് | ഒരു വര്‍ഷത്തിനപ്പുറം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ സീറ്റുറപ്പിക്കാന്‍ മന്ത്രവാദവുമായി വനിതാ നേതാവ്. കോണ്‍ഗ്രസിന്റെ അഹമദാബാദ് കൗണ്‍സിലറാണ് പാര്‍ട്ടിയില്‍ തന്റെ രണ്ട് എതിരാളികളെ ‘ഒതുക്കാന്‍’ മന്ത്രവാദിയുമായി സംസാരിക്കുന്ന ശബ്ദസന്ദേശമാണ് പുറത്ത് വന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശൈലേഷ് പാര്‍മറിനെതിരേയും അംദാവാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ശെഹസാദ് ഖാന്‍ പത്താനുമെതിരെയാണ് ജംന വേഗ്ദ രംഗത്തെത്തിയത്.
എന്നാല്‍, പുറത്ത് വന്ന ശകലത്തിലെ ശബ്ദം തന്റേത് അല്ലെന്ന് ജംന അവകാശപ്പെട്ടു. ശെഹസാദ് പത്താനെ കഴിഞ്ഞ മാസമാണ് എ എം സി പ്രതിപക്ഷ നേതാവായി കോണ്‍ഗ്രസ് തിരഞ്ഞെടുത്തത്. സ്ഥാനത്തിനായി ജംനയും നോട്ടമിട്ടിരുന്നുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
പുറത്ത് വന്ന വിവരം ഗുരുതരമാണെന്നും തങ്ങളുടെ കുടുംബത്തെക്കുറിച്ചാണ് ആശങ്കയെന്നും ശൈലേഷ് പാര്‍മറും ശെഹാസാദ് ഖാന്‍ പത്താനും ഇതിനോട് പ്രതികരിച്ചു. ജംന വേഗ്ദയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍, മന്ത്രവാദികളുടെ സഹായം തേടുന്നതോടെ പാര്‍ട്ടി സ്വയം ഇല്ലാതാവുന്ന സഹാചര്യമാണ് ഉണ്ടാക്കുന്നതെന്ന് ബി ജെ പി ഇതിനോട് പ്രതികരിച്ചു.