vismaya case
വിസ്മയ കേസ്: അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും
സംഭവം നടന്ന് 90 ദിവസത്തിനകമാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം തയ്യാറെടുക്കുന്നത്.
കൊല്ലം | വിസ്മയ കേസില്‍ അന്വേഷണ സംഘം ഇന്ന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. സംഭവം നടന്ന് 90 ദിവസത്തിനകമാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം തയ്യാറെടുക്കുന്നത്. ശാസ്താംകോട്ട ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുക.
ആദ്യ കുറ്റപത്രത്തില്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവും അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുമായിരുന്ന കിരണ്‍കുമാര്‍ മാത്രമാണ് പ്രതി. ആത്മഹത്യാപ്രേരണ ഉള്‍പ്പടെ ഒന്‍പത് വകുപ്പുകള്‍ ചേര്‍ത്താണ് ഇയാള്‍ക്കെതിരേ കുറ്റപത്രം തയാറായിരിക്കുന്നത്. 102 പേരാണ് സാക്ഷി പട്ടികയിലുള്ളത്.
കേസില്‍ അറസ്റ്റിലായ കിരണ്‍കുമാര്‍ നിലവില്‍ ജയിലിലാണ്. ഇയാള്‍ക്ക് ജാമ്യം ലഭിക്കുന്നത് തടയാന്‍ കൂടി വേണ്ടിയാണ് കുറ്റപത്രം 90 ദിവസത്തിനകം സമര്‍പ്പിക്കുന്നത്. കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ പ്രതിക്ക് ജാമ്യത്തിനുള്ള വഴി കൂടി അടയും. കേസില്‍ പ്രതിയായതിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് കിരണ്‍കുമാറിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് കേസ്. ഭര്‍തൃവീട്ടിലെ പീഡനം സംബന്ധിച്ച് വിസ്മയ സ്വന്തം വീട്ടുകാര്‍ക്ക് അയച്ച ഫോണ്‍ സന്ദേശങ്ങളും ചിത്രങ്ങളും കേസില്‍ പ്രധാന തെൡവാകും.




