Connect with us

International

കുടിയേറ്റ നിയമ ലംഘനം; തടവിലുള്ള മുന്‍ അംബാസഡറെയും മാധ്യമ പ്രവര്‍ത്തകനെയും മ്യാന്‍മര്‍ വിട്ടയക്കും

700 തടവുകാരെ മോചിപ്പിക്കുമെന്ന് മ്യാന്‍മര്‍ ഭരണകൂടം.

Published

|

Last Updated

യാങ്കൂണ്‍ | കുടിയേറ്റ നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് തടവിലാക്കിയ മുന്‍ ബ്രിട്ടീഷ് അംബാസഡര്‍, ജാപ്പനീസ് മാധ്യമ പ്രവര്‍ത്തകന്‍, സൂകി സര്‍ക്കാരിന്റെ ആസ്‌ത്രേലിയന്‍ ഉപദേഷ്ടാവ് എന്നിവരെ മ്യാന്‍മര്‍ വിട്ടയക്കും. ഇവരുള്‍പ്പെടെ 700 തടവുകാരെ മോചിപ്പിക്കുമെന്ന് മ്യാന്‍മര്‍ ഭരണകൂടം അറിയിച്ചു. മുന്‍ ബ്രിട്ടീഷ് അംബാസഡര്‍ വിക്കി ബോമാന്‍, ആസ്ത്രേലിയന്‍ സാമ്പത്തിക ഉപദേഷ്ടാവ് സീന്‍ ടര്‍ണല്‍, ജാപ്പനീസ് മാധ്യമ പ്രവര്‍ത്തകന്‍ ടോറു കുബോറ്റ എന്നിവരെ ദേശീയ ദിനത്തോടനുബന്ധിച്ച് വിട്ടയക്കുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

2002 മുതല്‍ 2006 വരെയാണ് ബോമാന്‍ അംബാസഡറായി പ്രവര്‍ത്തിച്ചിരുന്നത്. കുടിയേറ്റ നിയമം ലംഘിച്ചുവെന്ന് ആരോപിച്ചാണ് ബോമാന്റെ ഭര്‍ത്താവും പ്രമുഖ കലാകാരനുമായ ഹ്ടീന്‍ ലിനിയെയും തടവിലാക്കിയിരുന്നു. സൂകിയുടെ ഉപദേഷ്ടാവായിരുന്ന ഷോണ്‍ ടര്‍ണലിനെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അട്ടിമറിക്ക് പിന്നാലെ തടവിലാക്കുകയായിരുന്നു. സെപ്തംബറില്‍, അദ്ദേഹത്തെയും സൂകിയെയും ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചതിന് ജുണ്ട കോടതി ശിക്ഷിക്കുകയും മൂന്ന് വര്‍ഷം വീതം തടവിന് ശിക്ഷിക്കുകയും ചെയ്തു.

കുടിയേറ്റ നിയമം ലംഘിച്ചതിനും രാജ്യദ്രോഹത്തിനും ഇലക്ട്രോണിക് ആശയവിനിമയവുമായി ബന്ധപ്പെട്ട ലംഘനങ്ങള്‍ക്കുമാണ് 26 കാരനായ ടോറു കുബോട്ടയെ കഴിഞ്ഞ മാസം 10 വര്‍ഷം തടവിന് ശിക്ഷിച്ചത്. റോഹിംഗ്യന്‍ മുസ്ലീം ന്യൂനപക്ഷ വിഭാഗത്തെക്കുറിച്ച് മുമ്പ് കുബോട്ട റിപ്പോര്‍ട്ട് ചെയ്യുകയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തതായും സൈന്യം ആരോപിച്ചിരുന്നു.

Latest