Connect with us

Business

ഗതാഗത രംഗത്തേക്ക് വന്‍ നിക്ഷേപവുമായി വിജയാനന്ദ് ട്രാവല്‍സ്

500 കോടി രൂപയാണ് ബസുകള്‍ക്കായി മുതല്‍മുടക്കുന്നത്.

Published

|

Last Updated

ബെംഗളുരു| ഗതാഗത രംഗത്തേക്ക് വന്‍ നിക്ഷേപവുമായി എത്തുകയാണ് കര്‍ണാടകയിലെ ഹുബ്ബള്ളി ആസ്ഥാനമായുള്ള വിജയാനന്ദ് ട്രാവല്‍സ്. ഇന്ത്യയുടനീളം സര്‍വീസുകള്‍ ആരംഭിക്കുന്നതിനായി വോള്‍വോ, ഐഷര്‍ മോട്ടോഴ്‌സ് എന്നിവയില്‍ നിന്ന് 550 കോടി രൂപയുടെ ആഡംബര ബസുകള്‍ ഉള്‍പ്പെടെ കമ്പനി വാങ്ങുന്നു. 500 കോടി രൂപയാണ് ബസുകള്‍ക്കായി മുതല്‍മുടക്കുന്നത്.

ഇതിന്റെ ഭാഗമായി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 1,000 പുതിയ ബസുകള്‍ ഏറ്റെടുക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. നിലവില്‍ 270 ബസുകളാണ് വിജയാനന്ദ് ട്രാവല്‍സിനുള്ളത്. ആദ്യ ഘട്ടത്തില്‍ 500 ബസുകള്‍ക്കാണ് ഓര്‍ഡര്‍ നല്‍കുന്നതെന്ന് വിജയാനന്ദ് ട്രാവല്‍സ് മാനേജിംഗ് ഡയറക്ടര്‍ ശിവ ശങ്കേശ്വര്‍ പറഞ്ഞു.

പുതുതായി വാങ്ങുന്ന ബസുകളില്‍ എസി, നോണ്‍ എസി ബസുകളും ഉള്‍പ്പെടുന്നു. ഐഷറിന്റെ 500 ഇന്റര്‍സിറ്റി ബസുകള്‍, വോള്‍വോയുടെ 50 ലക്ഷ്വറി സ്ലീപ്പര്‍ കോച്ചുകള്‍ എന്നിവയാണ് വാങ്ങുക. കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ ബസുകള്‍ ഏറ്റെടുക്കുന്നത്.

നിലവില്‍ കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, ഗുജറാത്ത്, ഗോവ എന്നിവിടങ്ങളിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. വിജയാനന്ദ് ട്രാവല്‍സ് ഒരു കുടുംബ ബിസിനസാണ്. വിജയ് ശങ്കേശ്വര്‍ തുടങ്ങിയ ബിസിനസ് പിന്നീട് മകന്‍ ആനന്ദ് ശങ്കേശ്വരന്‍ ഏറ്റെടുക്കുകയായിരുന്നു. ഇപ്പോള്‍ ബിസിനസ് നോക്കുന്നത് ആനന്ദിന്റെ 21 വയസ് മാത്രം പ്രായമുള്ള മകന്‍ ശിവ ശങ്കേശ്വര്‍ ആണ്.

 

 

 

Latest