Kerala
വിയറ്റ്‌നാം ബോട്ടപകടം; നയതന്ത്ര ഇടപെടല്‍ ആവശ്യപ്പെട്ട് കെ സി വേണുഗോപാല്‍ വിദേശകാര്യ മന്ത്രിക്ക് കത്തയച്ചു
മരിച്ചവരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം പി ഇന്ത്യന്‍ എംബസിയോട് ആവശ്യപ്പെട്ടു
ന്യൂഡല്‍ഹി | വിയറ്റ്‌നാമിലെ ഫു ക്വോക്ക് ദ്വീപിന് സമീപം ഇന്ത്യന്‍ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞുണ്ടായ ദുരന്തത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കുകയും പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുകയും മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും എഐസിസി ജനറല്‍ സെക്രട്ടറിയും പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാനുമായ കെ സി വേണുഗോപാല്‍ എം.പി.ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന് കെ സി വേണുഗോപാല്‍ കത്തയച്ചു
32 ഇന്ത്യന്‍ വിനോദസഞ്ചാരികളും ജീവനക്കാരും സഞ്ചരിച്ച ബോട്ട് അപകടത്തില്‍ നിരവധി പേര്‍ മരിക്കുകയും മറ്റുള്ളവര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്ത സംഭവം അത്യന്തം ദാരുണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് ഉന്നതതല നയതന്ത്ര ഇടപെടല്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
വിയറ്റ്‌നാം സര്‍ക്കാരുമായി ഏകോപനം ശക്തമാക്കി തെരച്ചില്‍-രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നും, ഗുരുതരാവസ്ഥയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് മികച്ച ചികിത്സയും മാനസിക പിന്തുണയും ഉറപ്പാക്കണമെന്നും, മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും വേഗത്തിലാക്കാന്‍ ഇന്ത്യന്‍ നയതന്ത്ര ദൗത്യങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
അതേ സമയം മരിച്ചവരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം പി ഇന്ത്യന്‍ എംബസിയോട് ആവശ്യപ്പെട്ടു.
വിയറ്റ്‌നാമില്‍ ഉണ്ടായ ബോട്ട് അപകടത്തില്‍ മരണമടഞ്ഞ കൊട്ടാരക്കര സ്വദേശികളായ എ. സി. തോമസ് (57), ആവിയോട്ട് ഹൗസ്, മാര്‍ക്കറ്റ് ജംഗ്ഷന്‍, കൊട്ടാരക്കര, അദ്ദേഹത്തിന്റെ ഭാര്യ ലോവേനി തോമസ് (56) എന്നിവരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് എം.പി വിയറ്റ്‌നാമിലെ ഇന്ത്യന്‍ അംബാസിഡറുമായി സംസാരിച്ചു.
അപകടത്തില്‍ മരണമടഞ്ഞത് എ. സി. തോമസും ഭാര്യ ലോവേനി തോമസുമാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ എംബസിയുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട എം.പി, വിയറ്റ്‌നാം അധികൃതരുമായി ഏകോപനം നടത്തി നിയമപരവും ഭരണപരവുമായ നടപടികള്‍ വേഗത്തിലാക്കുകയും മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് കേരളത്തിലെത്തിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കണമെന്നും അഭ്യര്‍ഥിച്ചു.
മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്ന നടപടിക്രമങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിനും ദുഃഖിതരായ കുടുംബത്തിന് ആവശ്യമായ എല്ലാ കോണ്‍സുലര്‍ സഹായങ്ങളും ലഭ്യമാക്കുന്നതിനും ഇന്ത്യന്‍ എംബസി സത്വര നടപടി സ്വീകരിക്കുമെന്ന് അംബാസിഡര്‍ എം.പിയെ അറിയിച്ചു.
#VietnamBoatAccident #KCVenugopal #KodikunnilSuresh #IndianEmbassy #KeralaTourists #ExternalAffairsMinistry #PhuQuoc Tragedy #MalayalamNews
Content Highlights: Following a tragic speed boat accident near Phu Quoc Island in Vietnam involving Indian tourists, AICC General Secretary KC Venugopal MP wrote to External Affairs Minister Dr S Jaishankar demanding high-level diplomatic intervention. Kodikunnil Suresh MP also contacted the Indian Ambassador to expedite the repatriation of the bodies of a deceased couple from Kottarakkara. The Indian Embassy has set up control rooms and assured full assistance to coordinate rescue and administrative measures.




