National
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ; ഇരു സഖ്യവും ഇന്ന് എം പിമാരുടെ യോഗം ചേരും
ആകെ 783 എം പിമാരില്‍ എന്‍ ഡി എയ്ക്ക് 422 പേരും പ്രതിപക്ഷത്ത് 320 പേരും ആണ് നിലവില്‍ ഉള്ളത്

ന്യൂഡല്‍ഹി | ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ നടക്കും. ആകെ 783 എം പിമാരില്‍ എന്‍ ഡി എയ്ക്ക് 422 പേരും പ്രതിപക്ഷത്ത് 320 പേരും ആണ് നിലവില്‍ ഉള്ളത്. ബിജു ജനതാദള്‍, ബി ആര്‍ എസ് എന്നീ കക്ഷികള്‍ നിലപാട് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ന് ഇന്ത്യാ സഖ്യവും എന്‍ ഡി എയും എം പി മാരുടെ യോഗം ചേരുന്നുണ്ട് . വോട്ടു ചെയ്യേണ്ട വിധം അടക്കം നേതാക്കള്‍ എംപിമാരോട് വിശദീകരിക്കും. പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളിലാണ് പ്രതിപക്ഷ എം പിമാര്‍ യോഗം ചേരുന്നത്. ഇന്ത്യ സഖ്യം എം പിമാര്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വീട്ടില്‍ അത്താഴ വിരുന്നും ഒരുക്കുന്നുണ്ട്.
ഇന്നലെ ഇന്ത്യ സഖ്യം സ്ഥാനാര്‍ഥി ബി സുദര്‍ശന്‍ റെഡ്ഡി എല്ലാ എം പിമാരുടെയും പിന്തുണ അഭ്യര്‍ഥിച്ച് വീഡിയോ സന്ദേശം പുറത്തിറക്കിയിരുന്നു. തെരഞ്ഞെടുക്കപ്പെട്ടാല്‍ രാജ്യസഭയെ സംവാദത്തിനുള്ള യഥാര്‍ഥ വേദിയാക്കി മാറ്റുമെന്നും പാര്‍ലമെന്ററി സമിതികളെ രാഷ്ട്രീയ സമ്മര്‍ദങ്ങളില്‍നിന്നു മുക്തമാക്കുമെന്നുമാണ് സുദര്‍ശന്‍ റെഡ്ഡി പറഞ്ഞത്.