Connect with us

Kerala

വാഹനങ്ങള്‍ വാടകക്കെടുത്ത് തട്ടിപ്പ്; മൂന്നംഗ സംഘം അറസ്റ്റില്‍

പാലക്കാട് ആലത്തൂര്‍ കാട്ടുശ്ശേരി പൊട്ടിമട വീട്ടില്‍ അനൂപ് കുമാര്‍ (32), ആലപ്പുഴ മണ്ണഞ്ചേരി ആര്യാട് വാടകക്ക് താമസിക്കുന്ന അമ്പലപ്പുഴ കോമളപുരം അവിലുക്കുന്ന് വെളിയില്‍ വീട്ടില്‍ അജിത്ത് (28), കോയമ്പത്തൂര്‍ ജില്ലയിലെ തെലുങ്കുപാളയം പി എന്‍ പുത്തൂര്‍ ആര്‍ എസ് പുരം ജഗദീഷ് നഗറില്‍ നടരാജ് (32) എന്നിവരാണ് ചെങ്ങന്നൂര്‍ പോലീസിന്റെ പിടിയിലായത്.

Published

|

Last Updated

ചെങ്ങന്നൂര്‍ | വാഹന വില്‍പ്പനക്ക് വെബ്‌സൈറ്റില്‍ (ഒ എല്‍ എക്‌സ്) വരുന്ന പരസ്യം കണ്ട് വാഹനങ്ങള്‍ വാടകക്കെടുത്ത് തട്ടിപ്പു നടത്തുന്ന മൂന്നംഗ സംഘം അറസ്റ്റില്‍. പാലക്കാട് ആലത്തൂര്‍ കാട്ടുശ്ശേരി പൊട്ടിമട വീട്ടില്‍ അനൂപ് കുമാര്‍ (32), ആലപ്പുഴ മണ്ണഞ്ചേരി ആര്യാട് വാടകക്ക് താമസിക്കുന്ന അമ്പലപ്പുഴ കോമളപുരം അവിലുക്കുന്ന് വെളിയില്‍ വീട്ടില്‍ അജിത്ത് (28), കോയമ്പത്തൂര്‍ ജില്ലയിലെ തെലുങ്കുപാളയം പി എന്‍ പുത്തൂര്‍ ആര്‍ എസ് പുരം ജഗദീഷ് നഗറില്‍ നടരാജ് (32) എന്നിവരാണ് ചെങ്ങന്നൂര്‍ പോലീസിന്റെ പിടിയിലായത്. ആലപ്പുഴ, കോയമ്പത്തൂര്‍, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് പ്രത്യേക സംഘം പ്രതികളെ പിടികൂടിയത്. പുലിയൂര്‍ കുളിക്കാംപാലം ചെറുകര തെക്കേതില്‍ രതീഷിന്റെ മാരുതി ബെലീനോ, ചെങ്ങന്നൂര്‍ കാഞ്ഞിരത്തുംമൂട് ശിവദാസ് ഭവനില്‍ രതീഷിന്റെ മാരുതി സ്വിഫ്റ്റ് എന്നീ വാഹനങ്ങള്‍ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

വാഹനങ്ങള്‍ വാടകക്കായി സൈറ്റില്‍ നല്‍കുന്ന പരസ്യം കണ്ടാണ് ഇവര്‍ ഉടമകളെ സമീപിക്കുന്നത്. ജനുവരി 22 നാണ് പുലിയൂര്‍ കുളിക്കാം പാലം സ്വദേശി രതീഷിന്റെ വാഹനം ആലപ്പുഴ സ്വദേശിയായ അരുണ്‍, പ്രതികളായ അനൂപ്, അജിത്ത് എന്നിവര്‍ ചേര്‍ന്ന് 5,000 രൂപ അഡ്വാന്‍സ് നല്‍കിയ ശേഷം വീട്ടില്‍ നിന്നും കൊണ്ടു പോയത്. ആയിരം രൂപയായിരുന്നു ദിവസ വാടക. എന്നാല്‍ വാടക നല്‍കാത്തതിനെ തുടര്‍ന്ന് വാഹനം ചോദിച്ചപ്പോള്‍ കിട്ടിയില്ല. ഇതേ തുടര്‍ന്നാണ് ചെങ്ങന്നൂര്‍ പോലീസില്‍ പരാതി നല്‍കിയത്. ഇതില്‍ അരുണിനെപ്പറ്റിയുള്ള വിവരങ്ങള്‍ ഇനിയും കിട്ടാനുണ്ട്. ആധാര്‍ കാര്‍ഡ് പകര്‍പ്പുകളും വ്യാജമായിരുന്നു. വ്യാജ ഐ ഡി കാര്‍ഡുകള്‍, സ്റ്റാഫ് കാര്‍ഡുകള്‍ എന്നിവ ഉപയോഗിച്ചാണ് വാഹനങ്ങള്‍ കൊണ്ടുപോയത്.

ജനുവരി 18നാണ് ചെങ്ങന്നൂര്‍ കാഞ്ഞിരത്തുംമൂട് സ്വദേശി രതീഷിന്റെ കാര്‍ വാടകക്കെടുത്തത്. ചങ്ങനാശ്ശേരി പെരുന്നയിലെ ഒരു ബേങ്കിന്റെ മുമ്പില്‍ വച്ചാണ് കാര്‍ കൈമാറിയത്. ബേങ്കില്‍ നിന്ന് ഇറങ്ങി വന്ന ഗായത്രി എന്ന പേരുള്ള യുവതിയെ അസിസ്റ്റന്റ് മാനേജരാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തി. ഇവര്‍ തന്റെ ബന്ധുവാണെന്നും അജിത്ത് പറഞ്ഞു. ആധാര്‍ രേഖകള്‍ കൂടാതെ കാറിന്റെ വിലയായ എട്ട് ലക്ഷം രൂപയുടെ ബേങ്ക് ചെക്കും രതീഷിന് നല്‍കി. എന്നാല്‍ ആധാര്‍ കാര്‍ഡ് വ്യാജമായിരുന്നു. പിന്നീട് ചെക്കിലെ വിലാസമാണ് പ്രതികളെ കുടുക്കാന്‍ സഹായിച്ചത്. പരാതിയെ തുടര്‍ന്ന് ചെങ്ങന്നൂര്‍ ഡി വൈ എസ് പി. ഡോ. ആര്‍ ജോസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചു.

മണ്ണഞ്ചേരിയില്‍ താമസിക്കുന്ന പ്രതി അജിത്തിനെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ ഒന്നാം പ്രതി അനൂപിനെ ബാംഗ്ലൂരില്‍ നിന്നുമാണ് പിടികൂടിയത്. ഇയാളുടെ പേരില്‍ തൊടുപുഴ, പാലക്കാട് തെക്ക്, വടക്ക്, കൊടുവള്ളി, ആലത്തൂര്‍, ചിറ്റൂര്‍ പോലീസ് സ്റ്റേഷനുകളില്‍ കേസുണ്ട്. തമിഴ്‌നാട് ആനമല സ്റ്റേഷനില്‍ ഒന്നര കോടിയുടെ തട്ടിപ്പ് കേസും നിലവിലുണ്ട്. രണ്ടാം പ്രതി അജിത്ത് കളമശേരിക്കെതിരെ തൃക്കാക്കര, ചെങ്ങന്നൂര്‍ എന്നീ പോലീസ് സ്റ്റേഷനില്‍ കേസുണ്ട്. മുക്കുപണ്ടം പണയം വച്ച് തട്ടിപ്പു നടത്തിയതിന് തൃക്കാക്കരയില്‍ മറ്റൊരു കേസും നിലവിലുണ്ട്. മൂന്നാം പ്രതി നടരാജിനെതിരെ വാഹനമെടുത്ത് കോയമ്പത്തൂരില്‍ പണയം വക്കാന്‍ മറ്റ് പ്രതികളെ സഹായിച്ചുവെന്ന കേസാണുള്ളത്. ഈ വാഹനം ഇനിയും കണ്ടെത്തിയിട്ടില്ല. പ്രതികള്‍ തൃശൂര്‍, എറണാകുളം, മാരാരിക്കുളം തുടങ്ങി വിവിധ സ്ഥലങ്ങളില്‍ നിന്നും വാടകക്ക് കാര്‍ എടുക്കുകയും മറിച്ച് വില്‍ക്കുകയും, ചിലത് പണയം വച്ച് പൈസ വാങ്ങിക്കുകയും ചെയ്തിട്ടുള്ളതായി പോലീസ് പറഞ്ഞു. ചെങ്ങന്നൂര്‍ ഡി വൈ എസ് പി. ഡോ. ആര്‍ ജോസിന്റെ നേതൃത്വത്തില്‍ എസ് എച്ച് ഒ. ജോസ് മാത്യു, എസ് ഐ. അഭിലാഷ് എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്. സി പി ഒമാരായ ഉണ്ണികൃഷ്ണ പിള്ള, അരുണ്‍ ഭാസ്‌കര്‍, ഷെഫീക് എന്നിവരും സംഘത്തിലുണ്ടായിരുന്നു.