From the print
അമേരിക്കയുടെ അതിക്രമങ്ങളില്‍ ഇന്ത്യ നിശബ്ദത പാലിക്കുന്നു: ജോണ്‍ ബ്രിട്ടാസ്
ഇറാനെതിരെ ഏകപക്ഷീയ ആക്രമണങ്ങളുണ്ടായ സമയത്തും ഇന്ത്യ ഇരട്ടത്താപ്പ് നിലപാട് സ്വീകരിച്ചു.
കേരളയാത്രക്ക് മുതലക്കുളത്ത് നല്‍കിയ സ്വീകരണം ജോണ്‍ ബ്രിട്ടാസ് എം പി ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട് | അമേരിക്കയുടെ അതിക്രമങ്ങള്‍ക്കെതിരെ ഇന്ത്യ നിശബ്ദത പാലിക്കുന്നുവെന്ന് ജോണ്‍ ബ്രിട്ടാസ് എം പി. ഇറാനെതിരെ ഏകപക്ഷീയ ആക്രമണങ്ങളുണ്ടായ സമയത്തും ഇന്ത്യ ഇരട്ടത്താപ്പ് നിലപാട് സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കേരള യാത്രക്ക് മുതലക്കുളത്ത് നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളം തീര്‍ത്തും സുരക്ഷിതമല്ല. വര്‍ഗീയതയുടെ പരുന്തുകള്‍ നമുക്ക് മുകളില്‍ പറക്കുന്നു. മനുഷ്യര്‍ ഇരുകാലി മൃഗങ്ങളായി മാറുന്ന കാലത്ത് അരുതേ എന്ന് പറഞ്ഞുകൊണ്ട് 90 വയസ്സ് പിന്നിട്ട ഒരു പണ്ഡിതന്‍ മനുഷ്യത്വത്തെ കുറിച്ച് സംസാരിച്ച് കേരള പര്യടനത്തിനിറങ്ങിത്തിരിച്ചത് വിസ്മയകരമാണെന്ന് അദ്ദേഹം പറഞ്ഞു. വെനസ്വലയില്‍ അമേരിക്ക നടത്തിയ കടന്നാക്രമണത്തെ ഇന്ത്യ അപലപിക്കണമെന്ന ആവശ്യം കാന്തപുരം ഉന്നയിച്ചത് ലോകം ശ്രദ്ധിക്കുന്ന പ്രതികരണമാണെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ലിമെന്റില്‍ ന്യുനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കും വേണ്ടി ശബ്ദിക്കാന്‍ കരുത്ത് നല്‍കുന്നത് ഉസ്താദിനെപ്പോലുള്ളവര്‍ ഉഴുതുമറിച്ചിട്ട കേരളത്തിന്റെ പാരമ്പര്യമാണെന്നും അദ്ദേഹം പറഞ്ഞു.





