Kerala
കൊവിഡ് മരണങ്ങള്‍ കൃത്യതയോടെ കണക്കാക്കിയ സംസ്ഥാനം കേരളമെന്ന് വീണാ ജോര്‍ജ്
നാട്ടിലുണ്ടാകുന്ന നൂറുശതമാനം മരണങ്ങളും സിവില്‍ രജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ രേഖപ്പെടുത്തുന്ന സമൂഹമാണ് കേരളത്തിലേത്

തിരുവനന്തപുരം | കൊവിഡ് മരണങ്ങള്‍ രാജ്യത്ത് ഏറ്റവും കൃത്യതയോടെ കണക്കാക്കിയ സംസ്ഥാനം കേരളമാണെന്ന് പുതുതായി പുറത്തുവന്ന വൈറ്റല്‍ രജിസ്‌ട്രേഷന്‍ സര്‍വേ റിപോര്‍ട്ട് വ്യക്തമാക്കുന്നുവെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഈ റിപോര്‍ട്ട് കണ്ടപ്പോള്‍ ആ കാലം വീണ്ടും ഓര്‍മ വന്നുവെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് കാലത്ത് സമൂഹത്തില്‍ ഉണ്ടായ അധിക മരണങ്ങളുടെ കണക്കാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇത് നേരിട്ടുള്ള അണുബാധ കാരണം മാത്രം ഉണ്ടായിട്ടുള്ളവയല്ല. നേരിട്ട് അണുബാധകള്‍ കാരണം ഉണ്ടായ അധികമരണങ്ങള്‍ക്കപ്പുറം മഹാമാരി കെടുതികള്‍ കാരണം നമ്മുടെ സമൂഹം മരണങ്ങളെ അഭിമുഖീകരിച്ചിട്ടില്ലെന്ന സത്യത്തിന് കൂടി ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള തെളിവുകള്‍ അടിവരയിടുന്നു. അതായത് കേരളത്തിലെ സര്‍ക്കാര്‍ എങ്ങനെ ജനങ്ങളെ ചേര്‍ത്ത് പിടിച്ചു എന്നതിന്റെ അടയാളപ്പെടുത്തല്‍ കൂടിയാണ് ഈ റിപോര്‍ട്ട്.
നാട്ടിലുണ്ടാകുന്ന നൂറുശതമാനം മരണങ്ങളും സിവില്‍ രജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ രേഖപ്പെടുത്തുന്ന സമൂഹമാണ് കേരളത്തിലേത്. മരണങ്ങള്‍ പൂര്‍ണമായും രേഖപ്പെടുത്താത്ത പ്രദേശങ്ങളില്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള എണ്ണത്തേക്കാള്‍ വളരെ കൂടുതല്‍ ആയിരിക്കാം യഥാര്‍ഥ കണക്കുകള്‍. കൊവിഡ് മഹാമാരിയെ ഏറ്റവും ഫലപ്രദമായി നേരിട്ട സമൂഹങ്ങളില്‍ ഒന്ന് നമ്മുടേതാണ് എന്ന് ലോകത്തോട് വിളിച്ചോതുന്ന റിപോര്‍ട്ട് ആണ് ഇത് എന്നതില്‍ യാതൊരു സംശയവുമില്ലെന്നും മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.