Kerala
മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഷോ നടത്തിയ വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന് പരാതി
പ്രധാനമന്ത്രി നരേന്ദ്ര മേദി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടനച്ചടങ്ങിലേക്ക് മന്ത്രി റിയാസിനെ ക്ഷണിക്കാതിരുന്നതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം.
കോഴിക്കോട്| ദേശീയപാത 66ല്‍ പ്രതിഷേധ റോഡ് ഷോയില്‍ ഉപയോഗിച്ച വാഹനത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലെന്നാരോപിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെ പരാതി. നടപടി സ്വീകരിച്ച് വാഹനം പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കോഴിക്കോട് സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. പ്രകാശ് ബാബു ആര്‍ ടി ഒയ്ക്ക് പരാതി നല്‍കി.
കഴിഞ്ഞ ദിവസം കോഴിക്കോട് വെങ്ങളം-രാമനാട്ടുകര റീച്ചില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ പ്രതിഷേധ റോഡ് ഷോ സംഘടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മേദി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടനച്ചടങ്ങിലേക്ക് മന്ത്രി റിയാസിനെ ക്ഷണിക്കാതിരുന്നതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം.
ദേശീയപാത 66ന്റെ ഉദ്ഘാടനച്ചടങ്ങില്‍ വകുപ്പ് മന്ത്രിയായ റിയാസിനെ ഒഴിവാക്കിയ നടപടി വലിയ രാഷ്ട്രീയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. ആദ്യ റീച്ചിന്റെ ഉദ്ഘാടനത്തിലേക്ക് പ്രദേശത്തെ എംപിമാരെയും എംഎല്‍എമാരെയും ബിജെപി ക്ഷണിച്ചിരുന്നില്ലെന്നാരോപണവും ഉയര്‍ന്നു.
മന്ത്രി റിയാസിനെ ഒഴിവാക്കിയതിനെ തുടര്‍ന്ന് ചടങ്ങ് സംസ്ഥാന സര്‍ക്കാര്‍ ബഹിഷ്‌കരിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ പൊതുപരിപാടികളില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, എം.ബി. രാജേഷും കെ. കൃഷ്ണന്‍കുട്ടിയും വിട്ടുനിന്നിരുന്നു.



