Kerala
കെ സുധാകരന്റെ ഫേസ് ബുക്ക് പോസ്റ്റിന് ഒരു കുഴപ്പവുമില്ല: വി ഡി സതീശന്‍
ഫെയ്‌സ്ബുക്ക് പോസ്റ്റ് കെ സുധാകരനല്ല തയാറാക്കിയതെന്നാണ് തന്നോട് പറഞ്ഞതെന്ന് ആവര്‍ത്തിച്ച് സതീശന്‍
കൊച്ചി | കെ സുധാകരന്റെ ഫേസ് ബുക്ക് പോസ്റ്റിന് ഒരു കുഴപ്പവുമില്ലെന്ന് തിരുത്തി വി ഡി സതീശന്‍. വി ഡി സതീശനുമായി സംസാരിച്ചിട്ടില്ലെന്ന കെ സുധാകരന്റെ പ്രസ്താവനക്കു ശേഷമാണ് വി ഡി സതീശന്‍ പ്രസ്താവന തിരുത്തിയത്. ഫെയ്‌സ്ബുക്ക് പോസ്റ്റ് കെ സുധാകരനല്ല തയാറാക്കിയതെന്നാണ് തന്നോട് പറഞ്ഞത്. കണ്ണൂരുമായി അദ്ദേഹത്തിനുള്ള ബന്ധം പറയുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഒരു കുഴപ്പവുമില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.
സീറ്റിനായി ആളുകള്‍ നേതാക്കളെ കാണുന്നത് സ്വാഭാവികമാണ്. മുപ്പത് വര്‍ഷം മുമ്പ് താനും ഇതുപോലെ നേതാക്കളെ കണ്ടിട്ടുണ്ട്. സി പി എമ്മും ബി ജെ പിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. നിയമസഭ തെരഞ്ഞെടുപ്പില്‍ മാധ്യമങ്ങള്‍ യു ഡി എഫ് സ്ഥാനാര്‍ഥികളെ തീരുമാനിക്കരുതെന്നും ഓരോ ചാനലിലും ഓരോ സ്ഥാനാര്‍ഥികളാണെന്നും അദ്ദേഹം പറഞ്ഞു.
ആര്‍ക്കും സീറ്റിന്റെ കാര്യത്തില്‍ ഉറപ്പു കൊടുത്തിട്ടില്ല. അടൂരിലടക്കം എവിടെയും സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടന്‍ 50 സീറ്റില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് തയാറാണ്. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ കേരളത്തിന് ഉത്കണ്ഠയുണ്ട്. കോടതി പറയുന്നത് കോടതിയുടെ അഭിപ്രായമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
കെ സുധാകരന്‍ സൃഷ്ടിച്ച പ്രതിസന്ധി തിരഞ്ഞെടുപ്പ് അന്തരീക്ഷത്തില്‍ യു ഡി എഫിനുണ്ടായ മേല്‍ക്കൈ തകര്‍ത്തുവെന്നാണ് നേതാക്കള്‍ വിലയിരുത്തുന്നത്. കേരളത്തെ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ വി ഡി സതീശന്റെ കേരളയാത്രയും സി പി എമ്മില്‍ നിന്ന് നിരവധി പേര്‍ യു ഡി എഫ് പക്ഷത്ത് എത്തിയതും മേല്‍ക്കൈ സമ്മാനിച്ചിരുന്നു. ജി സുധാകരന്‍ സി പി എം വിട്ടു സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ ഇനിയും വിസ്മയം ഉണ്ടാവുമെന്നു പറഞ്ഞ വി ഡി സതീശന് കടുത്ത ആഘാതം ഏല്‍പ്പിക്കുന്നതായിരുന്നു കെ സുധാകരന്റെ നീക്കം. ഇങ്ങനെയൊരു വിസ്മയം അപ്രതീക്ഷിതമായിരുന്നുവെന്നും അതു പാര്‍ട്ടിക്കു വലിയ തിരിച്ചടിയായെന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
കെ സുധാകരന്റെ നിലപാടില്‍ കണ്ണൂരിലെ ജില്ലാ നേതാക്കളും അതൃപ്തിയിലാണ്. ജില്ലയിലെ സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കുമെന്നാണ് നേതാക്കളുടെ ആശങ്ക. പ്രശ്‌നപരിഹാരം ആവശ്യപ്പെട്ട് കെ പി സി സിയെ സമീപിച്ചിരിക്കുകയാണ് നേതാക്കള്‍. ഇന്നലെയാണ് സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഇടഞ്ഞ സുധാകരന്‍ ഡല്‍ഹിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയത്. ഇതിന് പിന്നാലെ വളരെ വൈകാരികമായ കുറിപ്പും ഫേസ്ബുക്കിലിട്ടു. എന്നാല്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കത്തിലാണ് നേതൃത്വം.
കെ സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് പ്രതികരണവുമായ ഹൈക്കമാന്‍ഡ് പ്രതിനിധി ദീപാ ദാസ് മുന്‍ഷി രംഗത്തെത്തി. എം പിമാര്‍ മത്സരിക്കുന്നതില്‍ ഇതുവരെ പാര്‍ട്ടി തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹത്തിന് മത്സര സന്നദ്ധത അറിയിക്കാനുള്ള അവകാശമുണ്ടെന്നും ദീപാ ദാസ് മുന്‍ഷി പറഞ്ഞു. നിലവില്‍ ഹൈക്കമാന്റുമായി ചര്‍ച്ചകളൊന്നും നടക്കുന്നില്ല. കണ്ണൂരിന് മാത്രമല്ല കേരളത്തിന്റെ ആകെ കരുത്തുറ്റ നേതാവാണ് കെ സുധാകരനെന്നും ദീപാ ദാസ് മുന്‍ഷി പറഞ്ഞു.
കണ്ണൂര്‍ സീറ്റില്‍ മത്സരിക്കുമെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് കെ സുധാകരന്‍. താന്‍ മത്സരിച്ചാല്‍ ജില്ലയിലുടനീളം ഗുണം ചെയ്യുമെന്നാണ് സുധാകരന്റെ വാദം. തിങ്കളാഴ്ച രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ നിലപാട് ആവര്‍ത്തിക്കും. അനുനയചര്‍ച്ച തുടരുന്ന കോണ്‍ഗ്രസ് നിര്‍ണായക തെരഞ്ഞെടുപ്പ് സമിതി മറ്റന്നാള്‍ നടക്കും.


