Connect with us

Kerala

ജി സുധാകരന്റെ രാഷ്ട്രീയ പാപ്പരത്തം തുറന്നുകാട്ടാന്‍ അമ്പലപ്പുഴയില്‍ ഇന്ന് സി പി എം റാലി

മുതിര്‍ന്ന നേതാവായ ജി സുധാകരന്‍ പുറത്തുപോയിട്ടും ആലപ്പുഴയില്‍ വലിയ ചലനം ഉണ്ടായിട്ടില്ല. ജി സുധാകരനെ അനുകൂലിക്കുന്നവര്‍ രഹസ്യമായി സംഘടിക്കുന്നുണ്ടോ എന്ന കാര്യം പാര്‍ട്ടി നിരീക്ഷിക്കുന്നുണ്ട്

Published

|

Last Updated

ആലപ്പുഴ | പാര്‍ട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കാനിറങ്ങുന്ന ജി സുധാകരന്റെ രാഷ്ട്രീയ പാപ്പരത്തം തുറന്നുകാട്ടാന്‍ അമ്പലപ്പുഴയില്‍ ഇന്നു സി പി എം റാലി. അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന റാലി അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വീടിനു സമീപത്ത് നിന്ന് ആരംഭിക്കും. വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന പ്രകടനത്തിനു ശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ ജില്ലാ നേതാക്കള്‍ സംസാരിക്കും.

മുതിര്‍ന്ന നേതാവായ ജി സുധാകരന്‍ പുറത്തുപോയിട്ടും ആലപ്പുഴയില്‍ വലിയ ചലനം ഉണ്ടായിട്ടില്ല. ജി സുധാകരനെ അനുകൂലിക്കുന്നവര്‍ രഹസ്യമായി സംഘടിക്കുന്നുണ്ടോ എന്ന കാര്യം പാര്‍ട്ടി നിരീക്ഷിക്കുന്നുണ്ട്. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഷീബ രാജേഷ് മാത്രമാണ് ഇതുവരെ പരസ്യമായി രംഗത്തെത്തിയത്. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച വാര്‍ത്താ സമ്മേളനത്തില്‍ പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രിയാകുന്നതില്‍ എതിര്‍പ്പില്ല എന്നു പ്രസ്താവന നടത്തിയത് യു ഡി എഫ് കേന്ദ്രങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട്. യു ഡി എഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കാനുള്ള ജി സുധാകരന്റെ നീക്കങ്ങള്‍ക്ക ഈ പ്രസ്താവന തടയിട്ടിരിക്കയാണ്.

പിണറായി വിജയനെ തള്ളിപ്പറഞ്ഞാല്‍ മാത്രമേ ജി സുധാകരന് യു ഡി എഫ് പിന്തുണ നല്‍കാവു എന്നാണ് ആലപ്പുഴയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വലിയൊരു വിഭാഗം പറയുന്നത്. രക്തസാക്ഷിയായ സഹോദരന്‍ ഭുവനേശ്വരന്റെ കൊലയാളികള്‍ കോണ്‍ഗ്രസ്സ് അല്ലെന്ന ജി സുധാകരന്റെ പ്രസ്താവ അദ്ദേഹത്തെ പിന്തുണച്ചിരുന്ന പാര്‍ട്ടി അനുഭാവികളിലും മടുപ്പുളവാക്കിയിട്ടുണ്ട്.

ജി. സുധാകരന് മറുപടി പറയുന്നില്ലെന്ന് എച്ച് സലാം എം എല്‍ എ പ്രതികരിച്ചു. ദീര്‍ഘനാള്‍ നേതാവായി നിന്ന ആളായതിനാല്‍ പറഞ്ഞ ഓരോ കാര്യത്തിനും മറുപടി നല്‍കുന്നില്ല. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായി പ്രവര്‍ത്തിച്ചപ്പോള്‍ താന്‍ നല്ല കമ്യൂണിസ്റ്റാണ് എന്നായിരുന്നു സുധാകരന്റെ അഭിപ്രായം. തന്റെ കൈയില്‍ സുധാകരനെതിരെ പല തെളിവുകളും ഉണ്ടെന്നും പാര്‍ട്ടി പറഞ്ഞാല്‍ പുറത്തുവിടുമെന്നും എച്ച്. സലാം എം എല്‍ എ പ്രതികരിച്ചു.

പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയ ജി സുധാകരനെ കുറിച്ച് ഇനിയെന്തിന് ആലോചിക്കണമെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍ പ്രതികരിച്ചത്. സുധാകരന്‍ പത്രസമ്മേളനം നടത്തി പറയാനുള്ളത് ലോകത്തോട് മുഴുവന്‍ പറഞ്ഞു. അദ്ദേഹത്തെ എന്തിന് അനുനയിപ്പിക്കണം. പുതുക്കാത്തത് കൊണ്ടു തന്നെ സുധാകരന് പാര്‍ട്ടി മെമ്പര്‍ഷിപ്പില്ല. സി പി എമ്മിന്റെ സിറ്റിങ് സീറ്റാണ് അമ്പലപ്പുഴ. ഇടതുപക്ഷ മുന്നണി തന്നെ അവിടെ ജയിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest