Kerala
സീറ്റ് ചര്‍ച്ചയ്ക്കായി കെ സുധാകരന്‍ ഡല്‍ഹിയിലേക്കില്ല; രാഹുല്‍ ഗാന്ധി വിളിച്ചില്ലെന്ന് സ്ഥിരീകരണം
തീരുമാനിക്കാത്ത ചര്‍ച്ചയ്ക്കായി ഡല്‍ഹിയിലേക്ക് പോകേണ്ടെന്ന നിലപാടിലാണ് സുധാകരന്‍
കോഴിക്കോട്| സീറ്റ് ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ ഡല്‍ഹിയിലേക്കില്ലെന്ന് വിവരം. കണ്ണൂരിലെ സീറ്റുമായി ബന്ധപ്പെട്ട് കെ സുധാകരനെ രാഹുല്‍ ഗാന്ധി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അങ്ങനെ ഉണ്ടായിട്ടില്ലെന്നാണ് സ്ഥിരീകരണം. രാഹുല്‍ വിളിച്ചുവെന്ന റിപ്പോര്‍ട്ട് കെ സുധാകരനും തള്ളി. തീരുമാനിക്കാത്ത ചര്‍ച്ചയ്ക്കായി ഡല്‍ഹിയിലേക്ക് പോകേണ്ട എന്ന നിലപാടിലാണ് സുധാകരന്‍.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍നിന്നും മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച കെ സുധാകരനെ അവിടെ പരിഗണിക്കാത്തതിന് പിന്നാലെയാണ് അസ്വാരസ്യങ്ങള്‍ ഉണ്ടായത്. നിലവില്‍ എംപിമാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്നാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം. എന്നാല്‍ മത്സരിക്കുമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കെ സുധാകരന്‍.
മത്സരിക്കാന്‍ എംപിമാര്‍ക്ക് അവകാശമുണ്ടെന്നും പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കിയാണ് മത്സരിക്കാന്‍ തീരുമാനിച്ചതെന്നുമാണ് കെ സുധാകരന്‍ പറയുന്നത്. കണ്ണൂര്‍ എന്നത് തന്റെ ഹൃദയ രക്തമാണെന്നും കണ്ണൂരിലെ കോണ്‍ഗ്രസ്സ് എന്നും തന്റെ മേല്‍വിലാസമാണെന്നുമാണ് സുധാകരന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിച്ചത്.


