Uae
നിയമലംഘനങ്ങൾക്കും പിഴകൾക്കും ദുബൈയിൽ പുതിയ നിയമം
ശിക്ഷാ നടപടികളിൽ സുതാര്യതയും നീതിയും ഉറപ്പാക്കും
ദുബൈ| ദുബൈയിലെ സർക്കാർ സ്ഥാപനങ്ങൾ നടപ്പിലാക്കുന്ന ഭരണപരമായ നിയമലംഘനങ്ങളും അവക്കുള്ള പിഴകളും ശിക്ഷാ നടപടികളും ക്രമീകരിക്കുന്നതിനായി പുതിയ നിയമം പുറപ്പെടുവിച്ചു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ആണ് നിയമത്തിന് അംഗീകാരം നൽകിയത്. ഭരണപരമായ പിഴകൾ ചുമത്തുന്നതിൽ കൃത്യമായ നിയമ ചട്ടക്കൂട് ഒരുക്കുന്നതിലൂടെ അധികാരം ദുരുപയോഗം ചെയ്യുന്നത് തടയാനും വേഗത്തിലുള്ള നീതി നടപ്പാക്കാനും ഈ നിയമം സഹായിക്കും.
സുതാര്യത, നിഷ്പക്ഷത, ഉത്തരവാദിത്തം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പൊതുജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും പൊതുസേവനങ്ങൾ തടസ്സമില്ലാതെ ഉറപ്പാക്കാനും നിയമം ലക്ഷ്യമിടുന്നു. നിയമലംഘനങ്ങളെ അവയുടെ ഗൗരവമനുസരിച്ച് ലഘുവായവ, ഇടത്തരമായവ, ഗൗരവമേറിയവ എന്നിങ്ങനെ മൂന്നായി തരംതിരിക്കും. ഓരോ നിയമലംഘനവും ബന്ധപ്പെട്ട അതോറിറ്റികൾ വ്യക്തമായി നിർവചിച്ചിരിക്കണം. നിയമലംഘനത്തിന്റെ ആഘാതം, ആവർത്തനം, മനഃപൂർവമുള്ള വീഴ്ച തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചായിരിക്കും ശിക്ഷാ നടപടികൾ നിശ്ചയിക്കുക.
നിയമലംഘനം തിരുത്തുന്നതിനായി നൽകുന്ന മുന്നറിയിപ്പ്, നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾ ആറ് മാസം വരെ താൽക്കാലികമായോ അല്ലെങ്കിൽ സ്ഥിരമായോ അടച്ചുപൂട്ടൽ, ലൈസൻസുകളോ പെർമിറ്റുകളോ റദ്ദാക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യുക, നിയമലംഘനവുമായി ബന്ധപ്പെട്ട പ്രവൃത്തികളോ ഇടപാടുകളോ താത്കാലികമായോ സ്ഥിരമായോ നിർത്തിവെക്കുക തുടങ്ങിയവയാണിവ. ഏതെങ്കിലും നിയമലംഘന വിവരം പരസ്യപ്പെടുത്തുന്നതിന് മുമ്പ് അതത് വകുപ്പ് ഡയറക്ടർ ജനറലിന്റെ അനുമതി വാങ്ങുകയും ദുബൈ ഗവൺമെന്റ്മീഡിയാ ഓഫിസുമായി മുൻകൂട്ടി ഏകോപിപ്പിക്കുകയും വേണം.



