niyamasabha
സി എം ആര്‍ എല്‍ കമ്പനിയില്‍ നിന്നു വീണയുടെ കമ്പനിക്കു ലഭിച്ചതു കരാറിന്റെ ഭാഗമായ പണം: മുഖ്യമന്ത്രി
നികുതിയടച്ചു പ്രതിഫലം കൈപ്പറ്റിയതിനെ മാസപ്പടി എന്നു വിളിക്കുന്നത് മറ്റൊരു മനോനിലയുടെ ഭാഗം

തിരുവനന്തപുരം | സി എം ആര്‍ എല്‍ കമ്പനിയില്‍ നിന്നു വീണയുടെ കമ്പനിയായ എക്‌സാ ലോജിക്കിനു ലഭിച്ച പണം കരാറിന്റെ ഭാഗമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ മറുപടി നല്‍കി. നികുതിയടച്ചു പ്രതിഫലം കൈപ്പറ്റിയതിനെ മാസപ്പടി എന്നു വിളിക്കുന്നത് മറ്റൊരു മനോനിലയുടെ ഭാഗമാണ്. ഒരു സംരംഭക എന്ന നിലയിലുള്ള ഇടപാടുകളാണു നടന്നത്. കമ്പനി പണം നല്‍കിയത് സേവനത്തിനാണ്. ഈ ആരോപണങ്ങളെ ശക്തമായി നിഷേധിക്കുന്നു. നടക്കുന്നതു വേട്ടയാടലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാഷ്ട്രീയ ബന്ധമുള്ളവര്‍ക്കു ബിസിനസ് നടത്താന്‍ പാടില്ല എന്നില്ല. ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡിന്റെ ഉത്തരവ് ഏകപക്ഷീയമാണ്. വീണയുടെ പക്ഷം കേള്‍ക്കാതെയാണ് ഉത്തരവുണ്ടായത്. നികുതിയില്‍ കാണിക്കുന്നത് എങ്ങനെ ബ്ലാക് മണിയാവുമെന്നും മുഖ്യമന്ത്രി ചോദിച്ചു. മാത്യുകുഴല്‍ നാടന്റെ താല്‍പര്യം എന്താണെന്നു വ്യക്തമാണ്. അദ്ദേഹത്തിന്റെ ആരോപണത്തെ അങ്ങനെ തന്നെയാണു കാണുന്നത്.
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണം മാത്യു കുഴല്‍നാടന്‍ എം എല്‍ എയാണു നിയമസഭയില്‍ ഉന്നയിച്ചത്. ഇത്രയേറെ പ്രധാനപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി എന്ത് കൊണ്ട് മറുപടി നല്‍കാന്‍ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിന്റെ അഭിമാനം ചോദ്യം ചെയ്യുന്ന കാര്യങ്ങള്‍ പറഞ്ഞിട്ടും മുഖ്യമന്ത്രിക്ക് മൗനമാണ്. ആരോപണം ഉയര്‍ന്നപ്പോള്‍ മറുപടിയുമായി വന്നത് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റാണ്. കുടുംബം ചെയ്യുന്ന കൊള്ളക്ക് കാവല്‍ നിക്കുന്ന പ്രസ്ഥാനമായി സി പി എം മാറി. ഒരു സേവനവും നല്‍കാതെയാണ് പണം നല്‍കിയതെന്നും അഴിമതിപ്പണമാണ് ഈ രീതിയില്‍ കൈമാറിയതെന്നും ആരോപിച്ചു.
നിയമസഭയില്‍ അംഗമല്ലാത്ത ആള്‍ക്കെതിരെയാണ് ആരോപണമെന്നും കോടതി വലിച്ചുകീറി കൊട്ടയിലിട്ട ആരോപണമാണു കുഴല്‍നാടന്‍ വീണ്ടും ഉയര്‍ത്തുന്നതെന്നും മന്ത്രി എം ബി രാജേഷും തിരിച്ചടിച്ചു. മാത്യു ഉന്നയിച്ചത് ചട്ടപ്രകാരമുള്ള അഴിമതി ആരോപണമാണെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞു. തുടര്‍ന്നാണു മുഖ്യമന്ത്രി മറുപടി പറഞ്ഞത്.