Connect with us

Editorial

വി സി നിയമനം: കോടതി വിധിയിലെ പ്രതീക്ഷ

സ്വന്തം താത്പര്യങ്ങള്‍ക്കനുസരിച്ച് നിയമിച്ച താത്കാലിക വി സിമാരുമായി മുന്നോട്ട് പോകാനുള്ള ഗവര്‍ണറുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ് കോടതി ഉത്തരവ്.

Published

|

Last Updated

ഡിജിറ്റല്‍- സാങ്കേതിക സര്‍വകലാശാലകളിലെ വി സി നിയമനത്തിന് സുപ്രീം കോടതി നിര്‍ദേശിച്ച സെര്‍ച്ച് കമ്മിറ്റി രൂപവത്കരണം ഗവര്‍ണര്‍ക്ക് തിരിച്ചടിയാണ്. റിട്ടയേര്‍ഡ് സുപ്രീം കോടതി ജഡ്ജി അധ്യക്ഷനായി സംസ്ഥാന സര്‍ക്കാറും ഗവര്‍ണറും നല്‍കുന്ന പട്ടികയില്‍ രണ്ട് പേര്‍ വീതം ഉള്‍ക്കൊള്ളുന്ന അഞ്ചംഗ സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കാനാണ് കോടതി ഉത്തരവ്. സമിതി രണ്ടാഴ്ചക്കകം നിലവില്‍ വരികയും വി സി നിയമന പ്രക്രിയ ആറാഴ്ചക്കം പൂര്‍ത്തീകരിക്കുകയും വേണമെന്ന് ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരുള്‍പ്പെട്ട കോടതി ബഞ്ച് നിര്‍ദേശിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ ശിപാര്‍ശ തള്ളി താത്കാലിക വൈസ് ചാന്‍സലര്‍മാരെ നിയമിച്ച ഗവര്‍ണറുടെ നടപടി നിയമപരമായി ശരിയല്ലെന്ന് നിരീക്ഷിക്കുകയും ചെയ്തു പരമോന്നത കോടതി. യു ജി സി നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് ഗവര്‍ണറുടെ നിയമനമെന്ന അറ്റോര്‍ണി ജനറലിന്റെ വാദം കോടതി അംഗീകരിച്ചില്ല.

സെര്‍ച്ച് കമ്മിറ്റി നല്‍കുന്ന ലിസ്റ്റില്‍ നിന്ന് മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുന്‍ഗണനാ ക്രമത്തിലാണ് ചാന്‍സലറായ ഗവര്‍ണര്‍ നിയമനം നടത്തേണ്ടതെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. സെര്‍ച്ച് കമ്മിറ്റി നല്‍കുന്ന ലിസ്റ്റില്‍ നിന്നാണ് മുഖ്യമന്ത്രി മുന്‍ഗണനാ ക്രമം നിശ്ചയിക്കേണ്ടത്. സെര്‍ച്ച് കമ്മിറ്റി അധ്യക്ഷന്റെ അംഗീകാരത്തോടെ കുറഞ്ഞത് മൂന്ന് പേരടങ്ങുന്ന ചുരുക്കപ്പട്ടിക അക്ഷരമാല ക്രമത്തില്‍ തയ്യാറാക്കിയാണ് മുഖ്യമന്ത്രിക്ക് നല്‍കേണ്ടത്. മുഖ്യമന്ത്രിയുടെ ശിപാര്‍ശയില്‍ ഗവര്‍ണര്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ സുപ്രീം കോടതിയെ അറിയിക്കണം. ഏതെങ്കിലും കാര്യത്തില്‍ മുഖ്യമന്ത്രിക്ക് വിയോജിപ്പുണ്ടെങ്കില്‍ കാരണ സഹിതം അത് ഗവര്‍ണറെ ഉണര്‍ത്തണം. തര്‍ക്കം വന്നാല്‍ അന്തിമ തീരുമാനമെടുക്കുന്നത് സുപ്രീം കോടതിയായിരിക്കും. ഇതനുസരിച്ച് വി സി നിയമനത്തില്‍ മുഖ്യമന്ത്രിക്കാണ് മുന്‍തൂക്കം. താത്കാലിക വി സി നിയമനം സര്‍ക്കാര്‍ പട്ടികയില്‍ നിന്നാകണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിനെതിരെ ഗവര്‍ണര്‍ സമര്‍പ്പിച്ച ഹരജിയില്‍ തീര്‍പ്പ് കല്‍പ്പിച്ചു കൊണ്ടാണ് കോടതിയുടെ ഇടപെടല്‍. ഗവര്‍ണറുടെ താത്കാലിക വി സി നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാറും ഹരജി നല്‍കിയിരുന്നു. സ്വന്തം താത്പര്യങ്ങള്‍ക്കനുസരിച്ച് നിയമിച്ച താത്കാലിക വി സിമാരുമായി മുന്നോട്ട് പോകാനുള്ള ഗവര്‍ണറുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ് കോടതി ഉത്തരവ്.
മുന്‍ ജസ്റ്റിസ് സുധാന്‍ഷു ധൂലിയയെയാണ് സെര്‍ച്ച് കമ്മിറ്റി അധ്യക്ഷനായി കോടതി നിയോഗിച്ചത്. സെര്‍ച്ച് കമ്മിറ്റിയുടെ ഓരോ സിംറ്റിംഗിനും ജസ്റ്റിസ് സുധാന്‍ഷു ധൂലിയക്ക് മൂന്ന് ലക്ഷം രൂപ വീതം ഓണറേറിയം നല്‍കണമെന്നും സെര്‍ച്ച് കമ്മിറ്റിയുടെ ഓഫീസിനായി തിരുവനന്തപുരത്ത് സ്ഥലം അനുവദിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. പശ്ചിമ ബംഗാള്‍ പ്രശ്‌നത്തില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവില്‍, സെര്‍ച്ച് കമ്മിറ്റി പാനല്‍ തയ്യാറാക്കിയാല്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവ് കേരളത്തിലും ബാധകമാകുന്നതിനാല്‍ പാനല്‍ തയ്യാറായാല്‍ സെര്‍ച്ച് കമ്മിറ്റി അധ്യക്ഷന്‍ സുധാന്‍ഷു ധൂലിയക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തേണ്ടിവരും.

സുപ്രീം കോടതിയുടെ ഇടപെടലോടെ ഗവര്‍ണറുടെ ഏകപക്ഷീയവും രാഷ്ട്രീയ പ്രേരിതവുമായ വി സി നിയമനങ്ങള്‍ക്ക് അറുതിയാകുകയും സര്‍വകലാശാലകള്‍ നേരിടുന്ന ഭരണപ്രതിസന്ധിക്ക് താമസിയാതെ പരിഹാരമാകുകയും ചെയ്യും. ഗവര്‍ണര്‍-സര്‍ക്കാര്‍ പോരിനെ തുടര്‍ന്ന് സിന്‍ഡിക്കേറ്റ് യോഗം ചേരാന്‍ സാധിക്കാത്തതിനാല്‍ കടുത്ത പ്രതിസന്ധിയിലാണ് ഇരു സര്‍വകലാശാലകളും. വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കാനാകുന്നില്ല. ജീവനക്കാരുടെ ശമ്പളവും മുടങ്ങി. സിന്‍ഡിക്കേറ്റ് ചേര്‍ന്നാലേ ശമ്പള വിതരണമടക്കമുള്ള ബജറ്റ് വിഹിതം അനുവദിക്കാന്‍ കഴിയുകയുള്ളൂ.

നേരത്തേ പശ്ചിമ ബംഗാളില്‍ വി സി നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാറും ഗവര്‍ണറും കൊമ്പുകോര്‍ത്തപ്പോള്‍ സുപ്രീം കോടതി നിര്‍ദേശിച്ചത് ഇതേ രീതിയിലുള്ള സെര്‍ച്ച് കമ്മിറ്റിയായിരുന്നു. മുന്‍ ചീഫ് ജസ്റ്റിസ് യു യു ലളിതിനെയാണ് പശ്ചിമ ബംഗാളിലെ സെര്‍ച്ച് കമ്മിറ്റി അധ്യക്ഷനായി സുപ്രീം കോടതി നിയമിച്ചത്. കേരളത്തിലും ഈ മാതൃകയിലുള്ള കമ്മിറ്റി നിലവില്‍ വരണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാറിന്റെ ആവശ്യം അംഗീകരിച്ചെങ്കിലും കോടതി വിധിയില്‍ സര്‍ക്കാറിന് പൂര്‍ണ വിജയം അവകാശപ്പെടാനാകില്ല. സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കാനുള്ള അധികാരം സര്‍ക്കാറിനാണെന്ന വാദം കോടതി അംഗീകരിച്ചില്ല. കമ്മിറ്റി നിയമനം കോടതി ഏറ്റെടുക്കുകയാണുണ്ടായത്.
സര്‍വകലാശാലകളിലെ അധികാരത്തര്‍ക്കത്തിന് പരിഹാരം കാണുന്നതിനാണ് കോടതിയുടെ മേല്‍നോട്ടത്തില്‍ സെര്‍ച്ച് കമ്മിറ്റി രൂപവത്കരിച്ചതെങ്കിലും ഇത് ഭരണകൂടത്തിന്റെ അധികാരത്തിലേക്കുള്ള ജുഡീഷ്യറിയുടെ കടന്നുകയറ്റമാണെന്ന വിമര്‍ശം ഉയര്‍ന്നിട്ടുണ്ട് ചില കേന്ദ്രങ്ങളില്‍ നിന്ന്. വിദ്യാഭ്യാസ വിദഗ്ധരാണ് സെര്‍ച്ച് കമ്മിറ്റിയില്‍ വരേണ്ടതും അതിനെ നിയന്ത്രിക്കേണ്ടതും. വിദ്യാഭ്യാസ വിദഗ്ധനല്ലാത്ത മുന്‍ന്യായാധിപനെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നത് യു ജി സി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വിദ്യാഭ്യാസ വിദഗ്ധനല്ലാത്ത ചീഫ് സെക്രട്ടറിയെ സെര്‍ച്ച് കമ്മിറ്റി അധ്യക്ഷനായി നിയമിച്ചതായിരുന്നു സാങ്കേതിക സര്‍വകലാശാല വി സിയായിരുന്ന ഡോ. എം എസ് രാജശ്രീയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കാനുണ്ടായ ഒരു കാരണം.

സെര്‍ച്ച് കമ്മിറ്റിക്ക് സര്‍ക്കാറും ഗവര്‍ണറും സമര്‍പ്പിക്കേണ്ട പട്ടിക സുപ്രീം കോടതിക്ക് ഇതിനകം കൈമാറിയിട്ടുണ്ട്. ഇരു സര്‍വകലാശാലകളിലേക്കുമായി എ ഐ ടി, എന്‍ ഐ ടി ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള എട്ട് പേരുടെ പട്ടികയാണ് ഗവര്‍ണര്‍ സമര്‍പ്പിച്ചത്. പത്ത് പേരടങ്ങുന്ന പട്ടിക സര്‍ക്കാറും സമര്‍പ്പിച്ചു. താമസിയാതെ സെര്‍ച്ച് കമ്മിറ്റി അന്തിമ പാനല്‍ തയ്യാറാക്കി സ്ഥിരം വി സി നിയമനത്തിനുള്ള നടപടി ക്രമങ്ങള്‍ കോടതി നിശ്ചയിച്ച സമയത്തിനകം തന്നെ പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ.

Latest