National
ഉത്തരാഖണ്ഡും ഗോവയും ഇന്ന് പോളിങ് ബൂത്തിലേക്ക്; യു പിയില്‍ രണ്ടാം ഘട്ടം
ഉത്തരാഖണ്ഡില്‍ 70 മണ്ഡലങ്ങളിലും ഗോവയില്‍ 40 മണ്ഡലങ്ങളിലുമാണ് ഇന്നു വിധിയെഴുത്ത്

ന്യൂഡല്‍ഹി | ഉത്തരാഖണ്ഡിലും ഗോവയിലെയും ഉത്തര്‍പ്രദേശിലും തെരഞ്ഞെടുപ്പ് ഇന്നു നടക്കും. ഉത്തരാഖണ്ഡില്‍ 70 മണ്ഡലങ്ങളിലും ഗോവയില്‍ 40 മണ്ഡലങ്ങളിലുമാണ് ഇന്നു വിധിയെഴുത്ത്. രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന യുപിയില്‍ 55 മണ്ഡലങ്ങളിലാണ് ജനവിധി.
ഉത്തരാഖണ്ഡില്‍ 632 സ്ഥാനാര്‍ഥികളാണുള്ളത്. ബിജെപിയും കോണ്‍ഗ്രസും തമ്മിലാണു പ്രധാന പോരാട്ടം. ആം ആദ്മി പാര്‍ട്ടി, ബഹുജന്‍ സമാജ്വാദി പാര്‍ട്ടി, സമാജ്വാദി പാര്‍ട്ടിയും മത്സരരംഗത്തു സജീവമാണ്. ബിജെപി മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ഖാത്തിമയിലും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് ലാല്‍കുവയുയിലുമാണു ജനവിധി തേടുന്നത്.
ഗോവയില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണു പ്രധാന പോരാട്ടം. ഗോവയില്‍ ഏകദേശം 11.6 ലക്ഷം വോട്ടര്‍മാരാണുള്ളത്. 301 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. പ്രമോദ് സാവന്താണു ബിജെപിയെ നയിക്കുന്നത്. മുന്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മകന്‍ ഉത്പല്‍ പരീക്കര്‍ ഇത്തവണ പനാജി നിയോജകമണ്ഡലത്തില്‍നിന്നു സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. പ്രതിപക്ഷ നേതാവ് ദിഗംബര്‍ കമ്മത്ത് മഡ്ഗാവില്‍നിന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കും. തുടര്‍ച്ചയായ ആറ് നിയമസഭാ തിരഞ്ഞെടുപ്പുകളിലും മഡ്ഗാവില്‍നിന്നു മത്സരിച്ചു ജയിച്ച് ആളാണ് ദിഗംബര്‍ കമ്മത്ത്.
ഉത്തര്‍പ്രദേശില്‍ രണ്ടാം ഘട്ടത്തില്‍ 55 മണ്ഡലങ്ങളില്‍ ഇന്നു വോട്ടെടുപ്പ് നടക്കും. ബിജ്‌നോര്‍, ശരണ്‍പൂര്‍, ബിജ്‌നോര്‍, സംഭല്‍, രാംപൂര്‍, അംരോഹ, ബദൗന്‍, ബറേലി, ഷാജഹാന്‍പുര്‍ ജില്ലകളിലെ മണ്ഡലങ്ങളില്‍ 586 സ്ഥാനാര്‍ഥികളാണു മത്സരിക്കുന്നത്. ഗണ്യമായ മുസ്ലിം ജനസംഖ്യയുള്ള ജില്ലകളില്‍ സമാജ്വാദി പാര്‍ട്ടിക്കു വലിയ മുന്‍തൂക്കമുണ്ട്. 2017ല്‍ 55 മണ്ഡലങ്ങളില്‍ 38 സീറ്റുകള്‍ ബിജെപിയും 13 സീറ്റുകള്‍ സമാജ് വാദി പാര്‍ട്ടിയും രണ്ട് സീറ്റുകള്‍ വീതം കോണ്‍ഗ്രസും ബിഎസ്പിയും സ്വന്തമാക്കിയിരുന്നു.