Kerala
സിദ്ദീഖ് കാപ്പനെതിരെ വീണ്ടും അന്വേഷണം ആവശ്യപ്പെട്ട യു പി പോലീസിന് തിരിച്ചടി
പൊലീസിന്റെ വാദം കേള്‍ക്കാതെ തന്നെ അപേക്ഷ കോടതി തള്ളി
മഥുര | ഹഥ്‌റാസില്‍ പീഡനത്തിന് ഇരയായി ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയി അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെതിരായ നീക്കത്തില്‍ ഉത്തര്‍പ്രദേശ് പോലീസിന് വന്‍ തിരിച്ചടി. കാപ്പന്റെ സിമി ബന്ധം അറിയണമെന്നും ഇതിനായി വീണ്ടും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യു പി പോലീസ് സമര്‍പ്പിച്ച ഹരജി മഥുര കോടതി തള്ളി.
നിലവിലെ കേസിലെ കുറ്റപത്രത്തിന്റെ പകര്‍പ്പ് പോലും നല്‍കാതെയാണ് പുതിയ അപേക്ഷയുമായി പോലീസ് എത്തിയതെന്ന സിദ്ദീഖ് കാപ്പന്റെ വാദം അംഗീരിച്ചാണ് കോടതി നടപടി. പോലസിന്റെ ഇത് സംബന്ധിച്ച വാദം പോലും കേള്‍ക്കാന്‍ കോടതി തയ്യാറായില്ല.
പൗരന്റെ നേര്‍ക്ക് ഭരണകൂടം കാണിക്കുന്ന ഭീകരതയാണ് യു പി സര്‍ക്കാറിന്റെ പുതിയ അപേക്ഷയെന്ന് കാപ്പന് വേണ്ടി ഹാജരായ അഡ്വ. വില്‍സ് മാത്യു വാദിച്ചു.
നിലവിലെ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇതുവരെ പോലീസ് കൈമാറിയിട്ടില്ല. നിലവിലെ അവസ്ഥയില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന പോലീസിന്റെ നിലപാട് ദുരുദ്ദേശപരമാണെന്നും അഭിഭാഷകന്‍ വില്‍സ് മാത്യു വാദിച്ചു. കേസില്‍ ഇതുവരെ സിദ്ദീഖ് കാപ്പന് കുറ്റപത്രത്തിന്റെ പകര്‍പ്പ് നല്‍കാത്തത് നിയമവാഴ്ചയോടുള്ള ക്രൂരതയാണെന്നും അതിനാല്‍ സിദ്ദീഖ് സ്വമേധയാ ജാമ്യത്തിനര്‍ഹനാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
ഇക്കാര്യത്തില്‍ യു പി സര്‍ക്കാറിന്റെ മറുപടി തേടിയിട്ടുണ്ടെന്ന് മഥുര ജഡ്ജി വ്യക്തമാക്കി. ജയിലില്‍ സിദ്ദീഖ് കാപ്പന്‍ ജയിലില്‍ ശാരീരകവും മാനസികവുമായ പ്രയാസങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും അതിനാല്‍ ചികിത്സക്കും കൗണ്‍സിലിങ്ങിനും അടക്കമുള്ളവക്കായി എയിംസില്‍ പ്രവേശിപ്പിക്കണമെന്നും അഭിഭാഷകന്‍ പറഞ്ഞു. ഇതേക്കുറിച്ച് അഡീഷണല്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അനില്‍കുമാര്‍ പാണ്ഡെ മഥുര ജയിലധികൃതരുടെ റിപ്പോര്‍ട്ട് തേടി. കേസ് ആഗസ്റ്റ് 23ന് വീണ്ടും പരിഗണിക്കാനാണ് തീരുമാനം.

