Connect with us

Malabar Movement 1921

ഊഴമിട്ട് ശ്വസിച്ച് രക്ഷപ്പെട്ട പിതാക്കളെ ഓർക്കുകയാണ് ഉണ്ണിക്കോയ തങ്ങളും ലത്വീഫും

ഊഴമിട്ട് ശ്വസിച്ച് രക്ഷപ്പെട്ട പിതാക്കളെ ഓർക്കുകയാണ് ഉണ്ണിക്കോയ തങ്ങളും ലത്വീഫും

Published

|

Last Updated

പുലാമന്തോൾ | വാഗൺ കൂട്ടക്കൊലയില്‍ നിന്ന് രക്ഷപ്പെട്ടവരാണ് ഖാസിയാറോഡ് കോയക്കുട്ടി തങ്ങളും വാഴയിൽ കുഞ്ഞയമുവും. വർഷങ്ങൾ നീണ്ട ക്രൂരമായ പീഡനമുറകളോടെയുള്ള ജയിൽ ജീവിതത്തിന് ശേഷമാണ് ബ്രിട്ടിഷ് സർക്കാർ ഇവരെ വിട്ടയച്ചത്. വാഗണിന്റെ താഴ്ഭാഗത്ത് ആണിയടിച്ചതിന്റെ ചെറുവിടവിലേക്ക് മൂക്കിന്റെ ദ്വാരം ചേർത്തുവെച്ച് ഊഴമിട്ട് ശ്വസിച്ചതിന്റെ കരുത്തിൽ രക്ഷപ്പെട്ടതിന്റെ കഥ കോയക്കുട്ടി തങ്ങളുടെ മകൻ ഉണ്ണിക്കോയ തങ്ങൾ ഓർക്കുകയാണ്.

ചേലക്കരക്കടുത്ത പ്രദേശത്ത് താമസിച്ചിരുന്ന പിതാവ് 14 വർഷത്തോളം ഖാസിയാ റോഡിലെ പള്ളിയിൽ ഖാസിയായി. പിന്നീട് കുരുവമ്പലത്തേക്ക് താമസം മാറ്റി. സമരനേതാക്കൾക്കൊപ്പം സ്വാന്ത്ര്യസമരത്തിന്റെ ഭാഗമായി.

1921 നവംബർ 19ന് കോയക്കുട്ടി തങ്ങളടക്കമുള്ളവരെ തിരൂർ റെയിൽവേ സ്റ്റേഷനിലെത്തിച്ചു. അവിടെനിന്ന്‌ ചരക്കുതീവണ്ടിയിൽ നൂറ് പേരെ ഒരു ബോഗിയിൽ കുത്തിനിറച്ച് കോയമ്പത്തൂർ ജയിലിലേക്കയച്ചു. പിറ്റേന്ന് പുലർച്ചെ 180 കിലോമീറ്റർ അകലെ പോത്തന്നൂരിൽ വണ്ടിയെത്തുമ്പോൾ കാഴ്ച ഭീകരമായിരുന്നു. കണ്ണുകളും നാവുകളും പുറത്തേക്കുതള്ളിയ നിലയിൽ 64 മൃതദേഹങ്ങൾ.

പിതാവിനെ ഒമ്പത് വർഷത്തേക്കാണ് ശിക്ഷിച്ചത്. 1930ൽ നാട്ടിലെത്തി. 1959ൽ പിതാവ് മരിക്കുമ്പോൾ 19കാരനായ ഉണ്ണിക്കോയ തങ്ങൾ തിരൂരങ്ങാടിയിൽ പഠിക്കുകയായിരുന്നു. പാണ്ടിക്കാട് വള്ളുവങ്ങാട് വെച്ചായിരുന്നു മരണം.

പിതാവിന്റെ ഓർമകളുമായി ലത്വീഫ്

തിരൂർ | വാഗണിൽ ശ്വാസംകിട്ടാതെ പിടഞ്ഞ് ജീവിതത്തിലേക്ക് തിരികെനടന്ന പിതാവിന്റെ ഓർമകൾ അയവിറക്കുകയാണ് നിറമരുതൂര്‍ മങ്ങാട് സ്വദേശി പുതുത്തോട്ടിൽ അബു എന്ന ലത്വീഫ്. പിതാവ് പുതുത്തോട്ടിൽ വലിയ കോയക്കുട്ടിയിൽ നിന്ന് കേട്ടറിഞ്ഞത് വിവരിക്കുമ്പോൾ 75കാരനായ ലത്വീഫിന്റെ കണ്ഠമിടറി.

തിരൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് സ്റ്റേഷനറി കച്ചവടം നടത്തുകയായിരുന്ന കോയക്കുട്ടിയെ മൂന്ന് തവണയാണ് ബ്രിട്ടീഷ് പട്ടാളം തേടിയെത്തിയത്. ആദ്യ തവണ 25-ാം വയസ്സിൽ കൊണ്ടുപോയെങ്കിലും രണ്ട് ദിവസം കഴിഞ്ഞ് വിട്ടയച്ചു. രണ്ടാം തവണ കൊണ്ടുപോയത് ബെല്ലാരി ജയിലിലേക്കായിരുന്നു. അവിടെ രണ്ട് വർഷത്തോളം തടവുകാരനായി കഴിയേണ്ടിവന്നു. പിന്നീട് വിട്ടയച്ചെങ്കിലും ദിവസങ്ങൾക്ക് ശേഷം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് വീണ്ടും പിടികൂടി.
ഇത്തവണ കോയമ്പത്തൂർ ജയിലിലേക്ക് കൊണ്ടുപോകാനായിരുന്നു പട്ടാളത്തിനുള്ള നിർദേശം. മറ്റ് പ്രദേശങ്ങളിൽ നിന്നായി പിടിച്ചുകൊണ്ടുവന്ന തടവുകാർക്കൊപ്പം അന്ന് 1921 നവംബർ 19ന് തിരൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് ഒരു ചരക്ക് വാഗണിൽ നൂറോളം തടവുകാരെ കുത്തിനിറച്ചു. ജീവിതത്തിലേക്ക് ഇനിയൊരു തിരിച്ചുവരവില്ലെന്ന് ഉറപ്പിച്ച നിമിഷമായിരുന്നുവത്രെ അത്. ഓരോ നിമിഷവും പിന്നിടുമ്പോഴും കൂകിപ്പായുന്ന തീവണ്ടിയിലെ ഇരുളറയിൽ ഒരിറ്റ് ദാഹജലവും ജീവ വായുവും ലഭിക്കാതെ മരണം മുഖാമുഖം കണ്ടുകൊണ്ടിരുന്നു. അലച്ചിലിനൊടുവിൽ ലഭിച്ച ആണിപ്പഴുതിലൂടെ ശ്വാസം വീണ്ടെടുത്താണ് പിന്നീട് ജീവിതത്തിലേക്ക് ഉപ്പാക്ക് തിരികെ നടക്കാനായതെന്ന് ലത്വീഫ് പറഞ്ഞുനിർത്തി. കോയക്കുട്ടിയുടെ ആറ് മക്കളിൽ ഇളയതാണ് ലത്വീഫ്. മറ്റ്‌ അഞ്ച് മക്കളും ഇപ്പോൾ ജീവിച്ചിരിപ്പില്ല.

ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ധീരമായി ശബ്ദമുയർത്തി സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായതിന് പിതാവിന് ലഭിച്ച താമ്രപത്രം അദ്ദേഹം ഇന്നും ഏറെ ആദരവോടെ സൂക്ഷിക്കുന്നു. 1991ലാണ് പുതുത്തോട്ടിൽ വലിയ കോയക്കുട്ടി എന്ന ധീരദേശാഭിമാനി വിടപറഞ്ഞത്.

Latest