Kerala
സര്‍വകലാശാല നിയമ ഭേദഗതി ബില്‍ ഇന്ന് നിയമസഭയില്‍
ചാന്‍സലര്‍ എന്ന നിലയിലുള്ള ഗവര്‍ണറുടെ അധികാരം കുറക്കുന്നതാണ് ബില്‍
		
      																					
              
              
            തിരുവനന്തപുരം | സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള പോര് തുടരുന്നതിനിടെ സര്‍വകലാശാല നിയമ ഭേദഗതി ബില്‍ ഇന്ന് നിയമസഭയില്‍. ചാന്‍സലര്‍ എന്ന നിലയിലുള്ള ഗവര്‍ണറുടെ അധികാരം കുറക്കുന്നതാണ് ബില്‍. വി സി നിയമനത്തില്‍ ചാന്‍സലറുടെ അധികാരം കുറച്ച് സര്‍ക്കാറിന് മേല്‍ക്കൈ ലഭിക്കുന്ന തരത്തിലാണ് ബില്‍ തയ്യാറാക്കിയിരിക്കുന്നത്. സബ്ജക്ട് കമ്മിറ്റിയില്‍ വിയോജിച്ച പ്രതിപക്ഷം സഭയിലും ബില്ലിനെ എതിര്‍ക്കും. എന്നാല്‍ ഇന്ന് തന്നെ ബില്‍ പാസാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
വി സി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ രണ്ട് സര്‍ക്കാര്‍ പ്രതിനിധികളെ കൂടി ചേര്‍ത്തു ഗവര്‍ണറുടെ നിയമന അധികാരം ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. പുതുതായി കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനെ കണ്‍വീനര്‍ ആക്കണം എന്ന വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ കണ്‍വീനര്‍ എന്ന പദവി ഇല്ല. സമിതിയിലെ ഭൂരിപക്ഷ തീരുമാനം അനുസരിച്ചാണ് നിയമനം.
കേരള സര്‍വകലാശാല വി.സി നിയമനത്തിന് ഗവര്‍ണര്‍ രൂപീകരിച്ച സെര്‍ച്ച് കമ്മിറ്റിയെ മറികടക്കാന്‍ പുതിയ ഭേദഗതിക്ക് ആഗസ്റ്റ് ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യം നല്‍കുന്നുണ്ട്. ആഗസ്റ്റ് ഏഴിനായിരുന്നു ഗവര്‍ണര്‍ കമ്മിറ്റി ഉണ്ടാക്കിയത്. രണ്ട് ബില്ലുകള്‍ പാസാക്കി നിയമസഭ ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിയും.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          



