house boat
ഹൗസ് ബോട്ട് ടൂറിസം മേഖലക്ക് തിരിച്ചടിയായി അപ്രതീക്ഷിത മഴ
ബോട്ടുടമകളും തൊഴിലാളികളും ഇതോടെ ദുരിതത്തിലായി

കൊല്ലം | ജില്ലയിലെ ഹൗസ് ബോട്ട് ടൂറിസം മേഖലയെ തളര്‍ത്തി അപ്രതീക്ഷിത മഴ. കനത്ത മഴയെതുടര്‍ന്ന് ഹൗസ് ബോട്ടുകളും വിശ്രമത്തിലായി. ഒരാഴ്ചയായി ഓട്ടമില്ലാത്ത അവസ്ഥയാണ്. 20 ഹൗസ് ബോട്ടുകളാണ് കൊല്ലം മെറീനാ ബോട്ട് ജെട്ടിയിലുളളത്. ബോട്ടുടമകളും തൊഴിലാളികളും ഇതോടെ ദുരിതത്തിലായി.
മികച്ച വരുമാനം ലഭിക്കേണ്ടിയിരുന്ന സീസണാണ് മഴ നഷ്ടപ്പെടുത്തിയത്. ഒക്ടോബര്‍ പകുതി മുതലാണ് വിദേശ സഞ്ചാരികളും അന്യസംസ്ഥാന ടൂറിസ്റ്റുകളും കൂടുതലായി എത്തിയിരുന്നത്.
അടുത്ത വര്‍ഷം ഫെബ്രുവരി വരെ ഈ സീസണ്‍ നീളും. ഗ്രാമീണ ടൂറിസത്തിലൂടെ ശ്രദ്ധ നേടിയ മണ്‍റോത്തുരുത്തിലെ റിസോര്‍ട്ടുകളിലുള്ള കോട്ടേജുകളും, ഹൗസ് ബോട്ടുകളും വിദേശ സഞ്ചാരികളെ കൊണ്ട് നിറയുന്ന കാലമാണിത്. തുടര്‍ച്ചയായ മഴ ടൂറിസം മേഖലക്ക് കനത്ത വെല്ലുവിളിയാവുകയായിരുന്നു.
ഒന്നര വര്‍ഷത്തെ നിയന്ത്രണങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ഓണത്തിനാണ് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഉണര്‍ന്നത്. കുടുംബാംഗങ്ങള്‍ കുട്ടികളോടൊപ്പം ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ എത്തിത്തുടങ്ങിയപ്പോഴാണ് മഴ കനത്തത്. ഓണക്കാലത്ത് ഉണരുന്ന കേന്ദ്രങ്ങള്‍ ഒക്ടോബര്‍ പകുതിയോടെ കൂടുതല്‍ സജീവമാവുകയാണ് പതിവ്.
ഈ സമയത്താണ് വിദേശികളും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരും വിനോദസഞ്ചാരത്തിന് എത്തിത്തുടങ്ങുന്നത്.
ഒക്ടോബര്‍ പകുതിയോടെ പെയ്തു തുടങ്ങിയ മഴ ചെറിയ ഇടവേളക്ക് ശേഷം ഈ മാസം കൂടുതല്‍ ശക്തി പ്രാപിച്ചു. കനത്ത മഴയില്‍ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ മണ്‍റോതുരുത്തും വെള്ളത്തിലായിരുന്നു.