Connect with us

udf meeting

യു ഡി എഫ് സുപ്രധാനയോഗം ഇന്ന്; ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യം ചര്‍ച്ചയാവും

ജോസഫിന്റെ കോട്ടയം സീറ്റ് ആവശ്യവും പരിഗണനയില്‍

Published

|

Last Updated

തിരുവനന്തപുരം | ഇന്നു തിരുവനന്തപുരത്തു ചേരുന്ന യു ഡി എഫ് സുപ്രധാനയോഗം മുസ്്‌ലിം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യം പരിഗണിക്കും. ജോസഫിന്റെ കോട്ടയം സീറ്റ് ആവശ്യവും ഇന്നത്തെ യോഗത്തിനു മുമ്പാകെയുണ്ട്.

സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായാണു യോഗം ചേരുന്നതെങ്കിലും ലീഗിന്റെ ചിരകാലമായ ആവശ്യം ഇത്തവണയും അംഗീകരിക്കപ്പെടുമെന്നു പ്രതീക്ഷയില്ല. രാജ്യസഭാ സീറ്റോ മറ്റ് ഓഫറുകളോ നല്‍കി ലീഗിനെ ഒതുക്കുക എന്ന തന്ത്രം തന്നെയാണു കോണ്‍ഗ്രസിനു മുമ്പാകെയുള്ളത്. സ്ഥിരം ആവശ്യപ്പെടുന്നതു പോലെയല്ല ഇത്തവണത്തെ ആവശ്യമെന്നും മൂന്നാം സീറ്റ് കിട്ടിയേ തീരൂ എന്നും ലീഗ് പറയുന്നുണ്ടെങ്കിലും മുന്നണി ബന്ധത്തിനു ക്ഷീണമുണ്ടാക്കുന്ന തരത്തില്‍ ഒരു ഏറ്റുമുട്ടലിലേക്കു ലീഗ് പോകില്ലെന്ന ആത്മവിശ്വാസത്തിലാണു കോണ്‍ഗ്രസ്.

ഹൈക്കമാന്‍ഡുമായി വിഷയം ചര്‍ച്ച ചെയ്യാമെന്ന നിലക്ക് ലീഗിനെ സമാധാനിപ്പിച്ചു വിടുകയായിരിക്കും ആദ്യ ഘട്ടത്തില്‍ നടക്കുക. യു ഡി എഫ് യോഗത്തിനു മുന്നോടിയായി ലീഗുമായുള്ള ഉഭയകക്ഷി ചര്‍ച്ച നടക്കും.
കോട്ടയം സീറ്റില്‍ ധാരണയായാല്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ഥിയെ നാളെ തന്നെ കോട്ടയത്ത് പ്രഖ്യാപിച്ചേക്കും. കോട്ടയം സീറ്റിലെ സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ ഉന്നതാധികാര സമിതി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരുന്നുണ്ട്.

രാവിലെ ചേരുന്ന യു ഡി എഫ് യോഗത്തില്‍ കോട്ടയം സീറ്റ് പാര്‍ട്ടിക്ക് നല്‍കിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ജോസഫ് ഗ്രൂപ്പ് പ്രതീക്ഷിക്കുന്നത്. സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ പാര്‍ട്ടി ചെയര്‍മാനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള തീരുമാനം മാത്രമായിരിക്കും ഉന്നതാധികാര സമിതിയില്‍ ഉണ്ടാകുക. പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ് തന്നെയായിരിക്കും കോട്ടയത്ത് സ്ഥാനാര്‍ഥിയാകുക. സ്ഥാനാര്‍ഥിത്വത്തിന് രംഗത്തുള്ള പി സി തോമസ്, സജി മഞ്ഞകടമ്പില്‍, എം പി ജോസഫ് എന്നിവരെ അനുനയിപ്പിക്കാം എന്നാണ് പി ജെ ജോസഫിന്റെയും കൂട്ടരുടെയും പ്രതീക്ഷ.

മുമ്പ് അഞ്ചാം മന്ത്രിക്കായി ലീഗ് ശബ്ദമുയര്‍ത്തിയപ്പോള്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ലീഗിനെ നിശ്ശബ്ദമാക്കാനാണു കോണ്‍ഗ്രസ് ശ്രമിക്കുക. രാഹുല്‍ ഗാന്ധി മത്സരിക്കാനില്ലെങ്കില്‍ വയനാട് അല്ലെങ്കില്‍ വടകര എന്ന ആവശ്യമാണു ലീഗ് ഉയര്‍ത്തുന്നത്. ഇന്നത്തെ യോഗത്തോടെ മൂന്നാം സീറ്റ് സംബന്ധിച്ചു കോണ്‍ഗ്രസ് സമീപനം എന്തായിരിക്കും എന്നു വ്യക്തമാകുന്നതോടെ ലീഗ് ആവശ്യം മയപ്പെടുത്തുമെന്ന പ്രതീക്ഷയിലാണു കോണ്‍ഗ്രസ്.