Connect with us

Kerala

യു ഡി എഫ് ഏകോപന സമിതി ഇന്ന്; തദ്ദേശ തെരഞ്ഞെടുപ്പ് മുഖ്യ അജണ്ട

വെല്‍ഫെയര്‍ പാര്‍ട്ടിക്ക് യു ഡി എഫില്‍ അസോസിയേറ്റ് അംഗത്വം നല്‍കണമെന്ന അപേക്ഷ മുന്നണി നേതൃത്വത്തിനു മുമ്പാകെയുണ്ട്.

Published

|

Last Updated

കൊച്ചി | യു ഡി എഫ് ഏകോപന സമിതി ഇന്ന് കൊച്ചിയില്‍ ചേരും. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പുമാണ് യോഗത്തിലെ പ്രധാന അജണ്ട. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനു ശേഷമുള്ള ആദ്യ യോഗമാണിത്.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സഹകരിച്ച ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് യു ഡി എഫില്‍ അസോസിയേറ്റ് അംഗത്വം നല്‍കണമെന്ന അപേക്ഷ മുന്നണി നേതൃത്വത്തിനു മുമ്പാകെയുണ്ട്. ഇക്കാര്യത്തില്‍ ചര്‍ച്ചയുണ്ടാവുമോ എന്നു വ്യക്തമല്ല.

നിലമ്പൂരില്‍ യു ഡി എഫ് സ്ഥാനാര്‍ഥിക്കും നേതാക്കള്‍ക്കും എതിരെ നിലപാടു സ്വീകരിച്ച പി വി അന്‍വറിനു മുമ്പില്‍ അടച്ച വാതില്‍ തുറക്കുന്നതു സംബന്ധിച്ച് ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയില്ല. അന്‍വറിന്റെ സ്വാധീനം നിലമ്പൂര്‍ മണ്ഡലത്തില്‍ മാത്രമാണെന്നും തദ്ദേശ ഭരണ തിരഞ്ഞെടുപ്പിനു മുമ്പ് അന്‍വറിനെ മുന്നണിയില്‍ എത്തിക്കേണ്ട അടിയന്തിര സാഹചര്യമില്ലെന്നും നേതാക്കള്‍ കരുതുന്നു. അതിനാലാണ് അന്‍വര്‍ വിഷയം തല്‍ക്കാലം ചര്‍ച്ച ചെയ്യേണ്ട എന്ന ധാരണയില്‍ നേതാക്കള്‍ എത്തിയത്.

മുന്നണി വിപുലീകരണത്തെ കുറിച്ച് പ്രാഥമിക ചര്‍ച്ചയും ഇന്നത്തെ യോഗത്തില്‍ ഉണ്ടാകും. മാണി കേരള കോണ്‍ഗ്രസ് ഇടതു മുന്നണിയില്‍ ഉറച്ചു നില്‍ക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഭരണമാറ്റത്തിനുള്ള സാധ്യത ചൂണ്ടിക്കാട്ടി അവരെ മറുകണ്ടം ചാടിക്കാന്‍ കഴിയുമോ എന്ന ആലോചനയും നടക്കുന്നുണ്ട്.

മുഖ്യമന്ത്രിസ്ഥാനാര്‍ഥിയാകാന്‍ ശശി തരൂര്‍ ഒരുക്കം തുടങ്ങിയതായുള്ള സൂചനകള്‍ പുറത്തുവന്നതോടെ മുന്നണിയോഗത്തിനു പ്രാധാന്യമുണ്ട്. തനിക്ക് അനുകൂലമായും വി ഡി സതീശന് എതിരായുമുള്ള സര്‍വേ ഫലം തരൂര്‍ പുറത്തുവിട്ടതോടെ ഘടകകക്ഷികളുടെ ഉള്ളില്‍ ചാഞ്ചാട്ടമുണ്ടോ എന്ന കാര്യവും നിരീക്ഷിക്കപ്പെടുകയാണ്. തുടര്‍ച്ചയായി ബി ജെ പി അനുകൂല നിലപാടു സ്വീകരിച്ചുകൊണ്ട് ശശി തരൂര്‍ കളിക്കുന്ന കളികള്‍ കേരളത്തിലെ യു ഡി എഫ് നേതാക്കളെ അമ്പരപ്പിച്ചുണ്ട്. കേരളത്തില്‍ എല്‍ ഡി എഫിന്റെ ഭരണത്തുടര്‍ച്ച അവസാനിപ്പിക്കണമെങ്കില്‍ സി പി എം വിരുദ്ധ വോട്ടുകള്‍ ആകെ സമാഹരിക്കാന്‍ കഴിയുന്ന ഏക നേതാവ് താനാണെന്ന പ്രതിച്ഛായ സൃഷ്ടിച്ച് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തരൂര്‍ പ്രത്യക്ഷപ്പെട്ടാല്‍ മുസ്്‌ലിം ലീഗ് അടക്കം ഘടക കക്ഷികളെല്ലാം തരൂര്‍ പക്ഷത്തേക്കു നീങ്ങാനാണ് സാധ്യത.

ഘടകകക്ഷികളുടെ മനസ്സിലിരിപ്പ് അറിയാനുള്ള നീക്കവും ഇന്നത്തെ യോഗത്തില്‍ ഉണ്ടാവും.
സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള സമരങ്ങള്‍, ഗവര്‍ണര്‍-സര്‍ക്കാര്‍ പോരിലെ നിലപാട് രൂപീകരണം തുടങ്ങി വിവിധ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നേയുള്ള തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നണിക്കുള്ളില്‍ ഉണ്ടാകേണ്ട ധാരണകളാകും കൂടുതല്‍ ചര്‍ച്ചക്ക് വരിക. രാവിലെ പത്ത് മണിക്കാണ് യോഗം.

 

---- facebook comment plugin here -----

Latest