Kerala
കേരളത്തെ തകര്‍ക്കാനുള്ള കേന്ദ്ര ശ്രമത്തിന് യു ഡി എഫും കൂട്ട്: പിണറായി വിജയന്‍
'ബി ജെ പിക്കെതിരെ സംസാരിക്കുന്നതിന് യു ഡി എഫിന് എന്തേ ഇത്ര നീരസം'.

തിരുവല്ല | കേരളത്തെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തിന് സംസ്ഥാനത്ത് യു ഡി എഫും കൂട്ടുനില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ വികസന പദ്ധതികളെയെല്ലാം ഏതു വിധത്തിലും തകര്‍ക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തിൻ്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സാമ്പത്തികമായി കേരളത്തെ ഏതു വിധത്തിലും തകര്‍ക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാറിന്റെ ലക്ഷ്യം. ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതിന് ആവശ്യമായ സഹായം പോലും നല്‍കുന്നില്ല. തൊഴിലുറപ്പ് പദ്ധതിയില്‍ ഇതേ നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിനെതിരെ സംയുക്തമായി കേന്ദ്ര സര്‍ക്കാറിന് നിവേദനം നല്‍കാന്‍ പോലും യു ഡി എഫ് തയ്യാറാല്ല. ബി ജെ പിക്കെതിരെ സംസാരിക്കുന്നതിന് യു ഡി എഫിന് എന്തേ ഇത്ര നീരസം. സംസ്ഥാനത്ത് ഒരു വികസന പദ്ധതിയും നടപ്പാക്കാന്‍ പാടില്ല എന്ന നിഷേധ സമീപനമാണ് യു ഡി എഫും പിന്തുടരുന്നത്.
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ക്ഷേമപദ്ധതികളും വികസന പദ്ധതികളും ജനങ്ങളില്‍ എത്തിക്കാനും ഭാവി കേരളം എങ്ങനെ രൂപപ്പെടുത്തണമെന്ന് ജനങ്ങളുമായി സംദവിക്കാനും ലക്ഷ്യമിട്ടാണ് നവ കേരള സദസ്സുകള്‍ നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെ സംസ്ഥാനത്ത് നടത്തുന്നത്. അതത് മണ്ഡലങ്ങളില്‍ അവിടുത്തെ എം എല്‍ എമാര്‍ക്കാണ് അതിന്റെ ചുമതലയും. അതും ബഹിഷ്‌കരിക്കും എന്നാണ് യു ഡി എഫ് പറയുന്നത്. ഇത് നാടിനെയും ജനങ്ങളെയും വെല്ലുവിളിക്കുന്നതിന് തുല്യമാണ്. കേന്ദ്ര സര്‍ക്കാറിന് എത്ര വേണമെങ്കിലും കടം എടുക്കാം, എന്നാല്‍ സംസ്ഥാന സര്‍ക്കാറിന് പാടില്ലെന്ന നയമാണ് കേന്ദ്രത്തിന്റേത്.
ഈ പ്രതിസന്ധികള്‍ക്കിടയിലും കിഫ്ബിയുടെ ആഭിമുഖ്യത്തില്‍8 8,000 കോടിയിലേറെ രൂപയുടെ വികസന പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. ഇതും തകര്‍ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും നയങ്ങള്‍ ഒന്നുതന്നെ ആയതിനാലാണ് അവര്‍ക്ക് അതിനെ എതിര്‍ക്കാന്‍ സാധിക്കാത്തത്. ബദല്‍ വികസന നയങ്ങളുമായാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. കേന്ദ്രം പൊതുമേഖലയെ വില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അതിനെ സംരക്ഷിച്ചും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയുമാണ് മാതൃക സൃഷ്ടിക്കുന്നത്. കോട്ടയത്തെ എച്ച് എന്‍ എല്‍ ഇതിന് മികച്ച ഉദാഹരണമാണ്. ജനകീയ ഐക്യത്തോടെ ഇത്തരം നയങ്ങളെ ചെറുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തില്‍ യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ഗിരിജ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ എം ബി രാജേഷ്, വീണാ ജോര്‍ജ്, സി പി എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മറ്റിയംഗം രാജു ഏബ്രഹാം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍, എം എല്‍ എമാരായ കെ യു ജനീഷ്‌കുമാര്‍, സി കെ ഹരീന്ദ്രന്‍, സേവ്യര്‍ ചിറ്റപ്പള്ളി, യൂണിയല്‍ സംസ്ഥാന സെക്രട്ടറി എസ് രാജേന്ദ്രന്‍, ജനറല്‍ കണ്‍വീനര്‍ ആര്‍ സനല്‍കുമാര്‍ സംസാരിച്ചു.
എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റായി ഗിരിജാ സുരേന്ദ്രനെയും സെക്രട്ടറിയായി എസ് രാജേന്ദ്രനെയും തിരുവല്ലയില്‍ സമാപിച്ച രണ്ടാം സംസ്ഥാന സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. സി കെ ഹരീന്ദ്രന്‍ എം എല്‍ എയാണ് ട്രഷറര്‍. വൈസ് പ്രസിഡന്റ്മാരായി കെ ചന്ദ്രന്‍, വി ജയപ്രകാശ്, പി തങ്കം, അസൈന്‍ കാരാട്ട് എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി ആര്‍ സനല്‍കുമാര്‍, സി അജയകുമാര്‍, പി ഡി സംഗീത, വി എം ശശി, കെ ചന്ദ്രന്‍ എന്നിവരെയും എക്‌സിക്യുട്ടീവ് അംഗങ്ങളായി സൂസന്‍ കോടി, സേവ്യര്‍ ചിറ്റിലപള്ളി, ടി എം എ കരീം, ടി കെ സുജാത, ബീനാ ബാബുരാജ്, ഷൈലജാ ബീഗം, സി രാധാമണി, എം ലക്ഷ്മി, കൃഷ്ണകുമാരി രാജശേഖരന്‍ എന്നിവരെയും തിരഞ്ഞെടുത്തു. 21 അംഗ എക്‌സിക്യുട്ടീവ് കമ്മറ്റിയേയും 65 അംഗ സംസ്ഥാന കമ്മറ്റിയേയുമാണ് തിരെഞ്ഞെടുത്തത്. ശനിയാഴ്ച രാവിലെ പ്രതിനിധികളുടെ പൊതു ചര്‍ച്ചയോടെയാണ് രണ്ടാം ദിവസത്തെ സമ്മേളനം ആരംഭിച്ചത്. സംസ്ഥാന സെക്രട്ടറി എസ് രാജേന്ദ്രന്‍ ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞു. ഭാരവാഹികളുടെ തിരഞ്ഞെടുപ്പോടെ സമ്മേളനം സമാപിച്ചു. ജനറല്‍ കണ്‍വീനര്‍ ആര്‍ സനല്‍കുമാര്‍ നന്ദി പറഞ്ഞു.