Connect with us

Uae

ഇലക്ട്രിക് വാഹനങ്ങൾക്കായി അബൂദബിയിൽ 1,000 പുതിയ ചാർജിംഗ് സ്റ്റേഷനുകൾ

2050-ഓടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാനുള്ള എമിറേറ്റിന്റെ ലക്ഷ്യത്തിന്റെ ഭാഗമായി 2040-ഓടെ റോഡുകളിലെ 50 ശതമാനം വാഹനങ്ങളും ഇലക്ട്രിക് ആക്കുകയാണ് അബൂദബി മൊബിലിറ്റി പദ്ധതി.

Published

|

Last Updated

അബൂദബി | ഇലക്ട്രിക് വാഹനങ്ങളുടെ വർധിച്ചുവരുന്ന ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി അബൂദബിയിൽ 400 സ്ഥലങ്ങളിൽ 1,000 പുതിയ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (ഐ ടി സി) പദ്ധതി ആരംഭിച്ചു.

സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്ത (പി പി പി) കരാറുകൾ വഴിയാണ് പദ്ധതി നടപ്പാക്കുക. ചാർജിംഗ് സ്റ്റേഷനുകളുടെ വിതരണം, ഇൻസ്റ്റാളേഷൻ, പ്രവർത്തനം, പരിപാലനം എന്നിവ ഉറപ്പാക്കാൻ ഓപറേറ്റർമാരെ നിയമിച്ചിട്ടുണ്ട്.

2050-ഓടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാനുള്ള എമിറേറ്റിന്റെ ലക്ഷ്യത്തിന്റെ ഭാഗമായി 2040-ഓടെ റോഡുകളിലെ 50 ശതമാനം വാഹനങ്ങളും ഇലക്ട്രിക് ആക്കുകയാണ് അബൂദബി മൊബിലിറ്റി പദ്ധതി.

ഈ വർഷം ആദ്യ പാദത്തിൽ അബൂദബിയിൽ 15,000-ലധികം ഇലക്ട്രിക് വാഹനങ്ങൾ രജിസ്റ്റർ ചെയ്തു. മുൻവർഷത്തെ അപേക്ഷിച്ച് 60 ശതമാനം വർധന ആണിത്. “ചാർജ് എഡി’ എന്ന ഏകീകൃത ബ്രാൻഡിന് കീഴിലാണ് പുതിയ സ്റ്റേഷനുകൾ പ്രവർത്തിക്കുക.വേഗത കുറഞ്ഞ ചാർജിംഗിന് ഒരു കിലോവാട്ട്-മണിക്കൂറിന് 0.7 ദിർഹവും, ഫാസ്റ്റ് ചാർജിംഗിന് 1.2 ദിർഹവുമാണ് നിരക്ക്.

ഹോട്ടലുകൾ, ഷോപ്പിംഗ് മാളുകൾ തുടങ്ങിയ സ്ഥലങ്ങളിൽ കൂടുതൽ ചാർജിംഗ് പോയിന്റുകൾ ഒരുക്കുമെന്ന് ഐ ടി സി ആക്ടിംഗ് ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല അൽ ഗഫ്്ലി പറഞ്ഞു. കൃത്രിമബുദ്ധിയും ആധുനിക സാങ്കേതികവിദ്യകളും ഉപയോഗിച്ച്, കുറഞ്ഞ ഉദ്്വമനവും ഊർജക്ഷമതയും ഇത് ഉറപ്പാക്കും.

Latest