National
പാക് ആക്രമണം സ്ഥിരീകരിച്ച് ഇന്ത്യ; ലക്ഷ്യമിട്ടത് 26 കേന്ദ്രങ്ങള്‍, എല്ലാം തകർത്ത് സൈന്യം
പാകിസ്താന്‍ നടത്തുന്നത് നിരന്തര നുണപ്രചാരണമെന്നും ആക്രമണ സമയം യാത്രാ വിമാനങ്ങളെ കവചമാക്കിയെന്നും സൈന്യം

ന്യൂഡല്‍ഹി | കഴിഞ്ഞ ദിവസം 26 കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാക് സേന ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച് ഇന്ത്യന്‍ സൈന്യം. നിയന്ത്രണ രേഖയില്‍ പ്രയോഗിച്ചത് അത്യുഗ്ര ശേഷിയുള്ള ആയുധങ്ങളാണെന്നും സൈന്യം എല്ലാം തകർത്തെന്നും സൈനിക മേധാവികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കനത്ത പ്രഹരശേഷിയുള്ള സ്‌ഫോടനമാണ് പാകിസ്താൻ നടത്തുന്നത്. നാല് ഇന്ത്യന്‍ എയര്‍ ബേസുകളും നാല് വ്യോമത്താവളങ്ങളെയും ലക്ഷ്യമിട്ടു. ഭട്ടിന്‍ഡ സൈനിക താവളം ഡ്രോണ്‍ ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിച്ചു. 36 സ്ഥലങ്ങളില്‍ ഡ്രോണ്‍ ആക്രമണം നടത്തി. നിരവധി തവണ വ്യോമ പരിധി ലംഘിച്ചു. അന്താരാഷ്ട്ര അതിര്‍ത്തി കടന്നും ആക്രമണമുണ്ടായി. വെടിനിർത്തൽ കരാർ ലംഘിച്ചു. എന്നാൽ എല്ലാ പാക് ആയുധങ്ങളും ഇന്ത്യ തകര്‍ത്തു. നാന്നൂറോളം ഡ്രോണുകളാണ് തകര്‍ത്തത്. പാക് സൈന്യത്തിന് കനത്ത നാശനഷ്ടമുണ്ടായി. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനത്തിൻ്റെ ശക്തി വെളിവായി.
ഉറിയിലും പൂഞ്ചിലും ആക്രമണം നടത്തി. ആക്രമണത്തിന് യാത്രാ വിമാനങ്ങളെ പാകിസ്താന്‍ കവചമാക്കി. ആക്രമണ സമയത്ത് ദമാമില്‍ നിന്ന ലാഹോറിലേക്ക് വിമാനം പറന്നു. ജനവാസ മേഖലയിലും സൈനിക താവളങ്ങളിലും ആക്രമണ നീക്കമുണ്ടായി. നിയന്ത്രണ രേഖയില്‍ ഉടനീളം ഷെല്ലാക്രമണം നടത്തി. ആരാധനാലയങ്ങളും വീടുകളും ആക്രമിച്ചു. ഇന്ത്യന്‍ നഗരങ്ങളെയും ലക്ഷ്യമിട്ടു. മേയ് ഏഴിന് പൂഞ്ചിൽ സ്കൂളിന് നേരെ ആക്രമണമുണ്ടായി. സ്കൂളിന് നേരെയുണ്ടായ പാക് ഷെല്ലാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു.
പാകിസ്താന്‍ നടത്തുന്നത് നിരന്തര നുണപ്രചാരണമാണെന്നും വര്‍ഗീയ മുതലെടുപ്പിനും ശ്രമം നടത്തുന്നുണ്ടെന്നും സേനാ മേധാവികൾ അറിയിച്ചു.ലോകരാജ്യങ്ങളെ പാകിസ്താന്‍ തെറ്റിദ്ധരിപ്പിക്കുന്നു. പൂഞ്ചിലെ ഗുരുദ്വാര ആക്രമിച്ചത് പാകിസ്താനാണെന്നും സൈനിക മേധാവികൾ പറഞ്ഞു.