Kerala
ഡോക്ടര്‍ വന്ദനദാസ് വധക്കേസ്; പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി
കൊല്ലം സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.
കൊല്ലം| കൊട്ടാരക്കര താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിക്കിടെ ഡോക്ടര്‍ വന്ദന ദാസ് കുത്തേറ്റു മരിച്ച കേസിൽ പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷ മറ്റന്നാൾ വിധിക്കും. കുടവട്ടൂര്‍ സ്വദേശി സന്ദീപ് ആണ് കേസിലെ ഏക പ്രതി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ വന്ദനാദാസിനെ പ്രതി സന്ദീപ് ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് വര്‍ഷം നീണ്ട കോടതി നടപടികള്‍ക്ക് ഒടുവിലാണ് വിധി.
കേസില്‍ എഴുപതിലധികം സാക്ഷികളെ വിസ്തരിച്ചു. 22 തൊണ്ടി മുതലുകളും 207 രേഖകളും ഹാജരാക്കി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന കോട്ടയം മുട്ടുചിറ കാളിപറമ്പ് കെ.ജി. മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകൾ ഡോ. വന്ദന ദാസ് (23) 2023 മേയ് 10ന് പുലർച്ചെയാണ് കുത്തേറ്റു മരിച്ചത്.
2023 മെയ് 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സന്ദീപിനെ പൂയപ്പള്ളി പോലീസ് വൈദ്യ പരിശോധനയ്ക്കായി എത്തിച്ചത്. ഡ്രസിങ് റൂമില്‍ വെച്ച് മുറിവ് കെട്ടുന്നതിനിടെ അക്രമാസക്തനായ പ്രതി അവിടെയുണ്ടായിരുന്ന സര്‍ജിക്കല്‍ കത്രിക കൈക്കലാക്കി പോലീസുകാരെയും കൂടെ വന്നയാളെയും ആക്രമിച്ചു. മറ്റുള്ളവര്‍ ഓടി മാറിയപ്പോള്‍ ആശുപത്രിയിലെ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദനദാസിന് രക്ഷപ്പെടാനായില്ല. പ്രതി വന്ദനയെ തടഞ്ഞ് നിര്‍ത്തി നെഞ്ചിലും മുതുകിലും കഴുത്തിലുമായി പലതവണ കുത്തി പരിക്കേല്‍പ്പിച്ചു. വൈകാതെ വന്ദനയുടെ മരണം സംഭവിച്ചു. പ്രതി സന്ദീപിന് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് വൈദ്യ പരിശോധനയില്‍ തെളിഞ്ഞിരുന്നു. സ്കൂൾ അധ്യാപകനായിരുന്നു സന്ദീപ്. സമൂഹത്തിന് മാതൃകയാകേണ്ടിയിരുന്നയാൾ നടത്തിയ ക്രൂരതയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ ആവശ്യം.


