International
ഇറാന്റെ സുരക്ഷാ തലവൻ അലി ലാരിജാനി കൊല്ലപ്പെട്ടതായി ഇസ്റാഈൽ പ്രതിരോധ മന്ത്രി
ഇറാൻ ഔദ്യോഗികമായി ഈ വാർത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇസ്‌ലാമാബാദ് | ഇറാനിലെ ഉന്നത അധികാര കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്റാഈൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ ഇറാന്റെ സുരക്ഷാ തലവൻ അലി ലാരിജാനി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇസ്റാഈൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് ആണ് ഇക്കാര്യം അവകാശപ്പെട്ടത്. എന്നാൽ ഇറാൻ ഔദ്യോഗികമായി ഈ വാർത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ച ദിവസം തന്നെ കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈക്ക് ശേഷം ഇറാൻ ഭരണകൂടത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ആഘാതമായിരിക്കും അലി ലാരിജാനിയുടെ മരണം. ഖാംനഈയുടെ വിയോഗത്തിന് ശേഷം രൂപീകരിച്ച ഇടക്കാല ഭരണസമിതിയുടെ തലവനായി പ്രവർത്തിച്ചു വരികയായിരുന്നു ഇദ്ദേഹം.
തിങ്കളാഴ്ച രാത്രി ഇറാൻ തലസ്ഥാനമായ തെഹ്‌റാനിലും പരിസരപ്രദേശങ്ങളിലും ഇസ്റാഈൽ നടത്തിയ വൻ വ്യോമാക്രമണത്തിലാണ് ലാരിജാനി കൊല്ലപ്പെട്ടതെന്ന് ഇസ്റാഈൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനുപുറമെ, ഇറാന്റെ സന്നദ്ധ സേനയായ ‘ബാസിജ്’ (Basij) കമാൻഡർ ഗുലാംറേസ സുലൈമാനിയും കൊല്ലപ്പെട്ടതായി ഇസ്റാഈൽ സൈന്യം അവകാശപ്പെട്ടു. ഇദ്ദേഹത്തോടൊപ്പം ബാസിജ് സേനയിലെ മറ്റ് ചില ഉന്നത ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായാണ് വിവരം.
അതിനിടെ, കൊല്ലപ്പെട്ടെന്ന വാർത്തകൾക്കിടെ, ചൊവ്വാഴ്ച ലാരിജാനിയുടേതെന്ന പേരിൽ ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ് ടിവി (Press TV) ഒരു പ്രസ്താവന പുറത്തുവിട്ടു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ രൂക്ഷമായി വിമർശിക്കുന്നതാണ് സന്ദേശം.
“47 വർഷം മുമ്പ് ഇറാൻ വിപ്ലവകാലത്ത് പഹ്‌ലവി ഭരണകൂടം പറഞ്ഞത് തെരുവിലെ ജനങ്ങളുടെ ശബ്ദം റെക്കോർഡ് ചെയ്ത ടേപ്പാണെന്നാണ്. ഇന്ന് ട്രംപ് പറയുന്നത് ഇറാനിലെ ദശലക്ഷക്കണക്കിന് വരുന്ന പ്രതിഷേധക്കാരുടെ ദൃശ്യങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ചതാണെന്നാണ്. പഹ്‌ലവി ഭരണകൂടത്തിന്റെ അവശിഷ്ടങ്ങൾക്ക് മേൽ ഇറാനിയൻ ജനതയുടെ ചരിത്രവിജയം അടുത്തുതന്നെ ഉണ്ടാകും.” – ലാരിജാനിയുടെ പ്രസ്താവനയിൽ പറയുന്നു.
ഇറാൻ പ്രതിരോധത്തിൽ ഉറച്ചുനിൽക്കുമെന്നും ഇസ്റാഈൽ-യുഎസ് ആക്രമണങ്ങളെ ശക്തമായി നേരിടുമെന്നും കഴിഞ്ഞ ദിവസം അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്തായാലും, ലാരിജാനി കൊല്ലപ്പെട്ടോ അതോ പരിക്കേറ്റോ എന്ന കാര്യത്തിൽ ഇപ്പോഴും ചില അവ്യക്തതകൾ നിലനിൽക്കുന്നുണ്ട്. ഇറാന്റെ ഔദ്യോഗിക സ്ഥിരീകരണത്തിനായി ലോകം കാത്തിരിക്കുകയാണ്.
Summary
Israeli Defence Minister Israel Katz has claimed that Iran’s security chief Ali Larijani was killed in an overnight airstrike in Tehran. If confirmed, this follows the death of Supreme Leader Ayatollah Ali Khamenei, marking a massive leadership collapse in Iran. While Israeli media also reports the death of Basij commander Gholamreza Soleimani, Iranian state media released a defiant statement from Larijani’s office targeting Donald Trump, leaving the official status of the leadership uncertain.




