Kerala
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീപിടിത്തം; അന്വേഷണത്തിന് പ്രത്യേക സംഘം
മൂന്നു ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
തിരുവനന്തപുരം | തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടിത്തം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് ആരോഗ്യ വകുപ്പ്. ബയോമെഡിക്കല്‍ ടീം, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്, പി ഡബ്ല്യു ഡി ഇലക്ട്രിക്കല്‍ വിഭാഗം എന്നിവക്കാണ് അന്വേഷണ ചുമതല. മൂന്നു ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. പ്രത്യേക സംഘത്തിന്റെ റിപോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ തീപിടിത്തമുണ്ടായ സര്‍ജിക്കല്‍ ഐ സി യു വാര്‍ഡിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുകയുള്ളൂവെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ഐ സി യുവില്‍ ഉണ്ടായിരുന്ന 32 രോഗികളും സുരക്ഷിതരാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇവരെ തീപിടിത്തമുണ്ടായ ഉടന്‍തന്നെ ഐ സി യുവില്‍ നിന്നും മാറ്റിയെന്നും മന്ത്രി അറിയിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി, ഡി എം ഇ, സൂപ്രണ്ട് എന്നിവര്‍ ഉടന്‍ സ്ഥലത്ത് എത്തി. കൃത്യമായി ഇടപെട്ട ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, മെഡിക്കല്‍ കോളജ് ജീവനക്കാര്‍ എന്നിവരെ അഭിനന്ദിക്കുന്നതായും ആരോഗ്യ മന്ത്രി പ്രതികരിച്ചു.
മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. വിവിധയിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തി തീ നിയന്ത്രണ വിധേയമാക്കി.

