Kerala
മതിയായ കാരണമറിയിക്കാതെ അറസ്റ്റ് ചെയ്യുന്നത് മൗലികാവകാശ ലംഘനം; പിടികൂടിയവര ഉടന്‍ വിട്ടയക്കണമെന്ന് ഹൈക്കോടതി
മാനദണ്ഡങ്ങള്‍ പാലിച്ച് വീണ്ടും അറസ്റ്റ് രേഖപ്പെടുത്താന്‍ ഉത്തരവ് തടസ്സമാകില്ല

കൊച്ചി | കേസ് അന്വേഷണത്തിന്റെ ഭാഗമായി വ്യക്തികളെ മതിയായ കാരണം അറിയിക്കാതെ അറസ്റ്റ് ചെയ്യുന്നത് മൗലികാവകാശ ലംഘനമാണെന്ന് ഓര്‍മിപ്പിച്ച് ഹൈകോടതി. സമാന സാഹചര്യത്തില്‍ വ്യത്യസ്ത കേസുകളില്‍ അറസ്റ്റിലായ രണ്ട്്് പേരെ ഉടന്‍ വിട്ടയക്കാന്‍ നിര്‍ദേശിച്ചുള്ള ഉത്തരവിലാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഇക്കാര്യം വ്യക്തമാക്കിയത്.
ലഹരി മരുന്ന് കേസില്‍ മലപ്പുറം തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്ത യുവാവിന്റെ പിതാവും നിക്ഷേപത്തട്ടിപ്പ് കേസില്‍ പത്തനംതിട്ട കോയിപ്പുറം പോലീസ് അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ചിന് കൈമാറിയ കേസിലെ പ്രതിയായ യുവതിയുടെ മാതാവുമാണ് ഹൈക്കോടതിയെ സമീപിച്ചത്. അറസ്റ്റിന് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും മക്കളെ വിട്ടയക്കണമെന്നുമായിരുന്നു ആവശ്യം. അതത് മജിസ്‌ട്രേറ്റ് കോടതികള്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഇരുവരും ഏറെനാളായി ജയിലിലാണ്.
ഇരുവരും ഒരു സെക്കന്‍ഡ് പോലും കസ്റ്റഡിയില്‍ തുടരാന്‍ പാടില്ലാത്തതാണെന്ന് ഹരജികള്‍ തീര്‍പ്പാക്കി കോടതി നിരീക്ഷിച്ചു. അതേസമയം മാനദണ്ഡങ്ങള്‍ പാലിച്ച് വീണ്ടും അറസ്റ്റ് രേഖപ്പെടുത്താന്‍ ഈ ഉത്തരവ് തടസ്സമാകില്ലെന്നും വ്യക്തമാക്കി.
സാഹചര്യം വ്യക്തമായി ബോധ്യപ്പെടുത്തി വേണം അറസ്റ്റ് രേഖപ്പെടുത്താനെന്ന് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 22(1) വ്യവസ്ഥ ചെയ്യുന്നുണ്ട്. അറസ്റ്റിനുള്ള കാരണം എഴുതി നല്‍കുന്നത് ഏറ്റവും ഉചിതമായിരിക്കുമെന്ന് സുപ്രീം കോടതിയും അറിയിച്ചിട്ടുണ്ട്. ഹരജികളില്‍ പറയുന്ന രണ്ടു കേസുകളിലും കാരണം എഴുതി നല്‍കിയിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.