Kerala
പാര്‍ട്ടി തീരുമാനങ്ങളെ അവഗണിക്കുകയല്ല പ്രതികരിക്കുകയാണ് ചെയ്തതെന്ന് അബ്ദുറഹിമാന്‍ രണ്ടത്താണി; താനൂരില്‍ ഇടത് സ്വതന്ത്രനായി മത്സരിക്കാന്‍ സാധ്യത
പാര്‍ട്ടിക്കാരന്‍ എന്ന നിലയ്ക്കുളള വികാരം മാത്രമാണ് താന്‍ പ്രകടിപ്പിച്ചതെന്നും ആശയപരമായി ലീഗുകാരനാണെന്നും രണ്ടത്താണി
മലപ്പുറം | തിരൂരങ്ങാടിയില്‍ പിഎംഎ സമീറിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ വിമര്‍ശമുന്നയിച്ചതിന് പിറകെ വിശദീകരണവുമായി മുസ്ലിം ലീഗിന്റെ മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ അബ്ദുറഹിമാന്‍ രണ്ടത്താണി. പാര്‍ട്ടിക്കാരന്‍ എന്ന നിലയ്ക്കുളള വികാരം മാത്രമാണ് താന്‍ പ്രകടിപ്പിച്ചതെന്നും ആശയപരമായി ലീഗുകാരനാണെന്നും രണ്ടത്താണി പറഞ്ഞു.
പാര്‍ട്ടി തീരുമാനങ്ങളെ അവഗണിക്കുകയല്ല ചെയ്തത്. ഞാന്‍ പ്രതികരിക്കുക മാത്രമാണ് ചെയ്തത്. എന്റെ നേതാക്കന്മാരെ ഞാന്‍ എപ്പോഴും ബന്ധപ്പെടുന്നതല്ലേ. ആദരണനീയനായ തങ്ങളെ ഞാന്‍ പോയി കണ്ടല്ലോ. അദ്ദേഹം പറഞ്ഞ നിലപാട് തന്നെയുളളു. മാധ്യമങ്ങള്‍ തെറ്റിദ്ധരിക്കുകയാണ്. ഞങ്ങളെപ്പോലുളള യുവാക്കളൊക്കെ കടന്നുവന്നത് മുഹമ്മദ് അലി ഷിഹാബ് തങ്ങളുടെ കാലത്താണ്. മുനീര്‍ സാഹിബും സി മമ്മൂട്ടി സാഹിബും ഞാനുമൊക്കെ അപ്പോഴാണ് വന്നത്. മുഹമ്മദലി തങ്ങളാണ് യുവാക്കള്‍ക്ക് പ്രാധാന്യം കൊടുത്തുളള നീക്കം ആരംഭിച്ചത്. അതേ പാത ഇവിടെയും പിന്തുടരുന്നു എന്നാണ് ഞാന്‍ പറഞ്ഞത്. അതിനെ മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കുകയാണ് നിങ്ങള്‍ ചെയ്തതെന്നും അബ്ദുറഹിമാന്‍ രണ്ടത്താണി പറഞ്ഞു.
അതേ സമയം അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതു സ്വതന്ത്രനായി മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അബ്ദുറഹിമാന്‍ രണ്ടത്താണിയുടെ എല്‍ഡിഎഫ് പ്രവേശനത്തിന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗീകാരം നല്‍കിയെന്നും അറിയുന്നു. ഇടതു സ്വതന്ത്രനായി മത്സരിക്കാനുള്ള സാധ്യത നേരത്തെ അബ്ദുറഹിമാന്‍ രണ്ടത്താണി മാധ്യമങ്ങളെ കണ്ടപ്പോള്‍ തള്ളിക്കളഞ്ഞിരുന്നില്ല.
താനൂരില്‍ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച മന്ത്രി വി അബ്ദുറഹിമാന്‍ പ്രചാരണം ആരംഭിച്ചിരുന്നില്ല. അബ്ദുറഹിമാന്‍ തിരൂര്‍ മണ്ഡലമാണ് ആവശ്യപ്പെട്ടിരുന്നത്. അതനുസരിച്ച് വി അബ്ദുറഹിമാനെ തിരൂര്‍ മണ്ഡലത്തിലേക്ക് മാറ്റാനും സിപിഎം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്.





