Connect with us

Kerala

മലപ്പുറത്തെ നിപ രോഗി ഗുരുതരാവസ്ഥയില്‍; റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

49 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതില്‍ ആറു പേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ട്.

Published

|

Last Updated

മലപ്പുറം| മലപ്പുറം വളാഞ്ചേരിയില്‍ ഇന്നലെ നിപ രോഗം സ്ഥിരീകരിച്ച യുവതി ഗുരുതരാവസ്ഥയില്‍ തുടരുന്നുവെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. ആരോഗ്യ വകുപ്പ് രോഗിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. 49 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതില്‍ ആറു പേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ട്. സമ്പര്‍ക്ക പട്ടികയിലുള്ള 49 പേരില്‍ 45 പേര്‍ ഹൈ റിസ്‌ക്ക് കാറ്റഗറിയിലുള്ളവരാണ്. അതേസമയം, പ്രദേശത്ത് അസ്വഭാവിക മരണങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

ഏപ്രില്‍ 25 നാണ് വളാഞ്ചേരി സ്വദേശിയായ സ്ത്രീ വളാഞ്ചേരിയിലെ സ്വകാര്യ ക്ലിനിക്കില്‍ കടുത്ത പനിക്ക് ചികിത്സ തേടിയത്. പനിയും ശ്വാസതടസ്സവും വിട്ടുമാറാതെ വന്നതോടെ മെയ് ഒന്നിന് ചികിത്സ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റി. നിപ ലക്ഷണങ്ങള്‍ കണ്ടതോടെ ഇന്നലെ ഇവരുടെ ശ്രവ സാമ്പിള്‍ പരിശോധനയ്ക്കായി പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഈ പരിശോധനഫലം പോസിറ്റീവാണെന്ന് അറിയിപ്പ് വന്നു. ഇവരുടെ ഭര്‍ത്താവും മക്കളുമടക്കം അടുത്ത് സമ്പക്കമുള്ളവര്‍ നിരീക്ഷണത്തിലാണ്.

യുവതിയുടെ അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെ ഏഴുപേരുടെ സ്രവസാമ്പിളുകള്‍ പരിശോധിച്ചതില്‍ ആദ്യഘട്ടത്തില്‍ എല്ലാം നെഗറ്റീവാണ്. എങ്കിലും ഇവരോട് 21 ദിവസം ക്വാറന്റീനില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വളാഞ്ചേരി നഗരസഭ, മാറാക്കര, എടയൂര്‍ പഞ്ചായത്ത് പരിധിയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലാണ് പ്രധാനമായും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. രോഗം സ്ഥിരീകരിച്ച മേഖലയിലെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ കണ്ടെയ്മെന്റ് സോണ്‍ പ്രഖ്യാപിച്ചു.

വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിന് ആരോഗ്യവകുപ്പ് പരിശോധന നടത്തും. പ്രദേശത്ത് ഒരു പൂച്ച ചത്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ മൃഗസംരക്ഷണ വകുപ്പു മുഖേന സാമ്പിള്‍ ശേഖരിച്ച് വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കും. നഗരസഭയിലും സമീപ പഞ്ചായത്തുകളിലും പനി സര്‍വേ നടത്തും. നിപ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ പൊതുവായി ജാഗ്രത നിര്‍ദ്ദേശം ആരോഗ്യ വകുപ്പ് പുറപെടുവിച്ചിട്ടുണ്ട്. എല്ലാവരും മാസ്‌ക് ധരിക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും ചെയ്യുന്നത് അഭികാമ്യമാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

അതേസമയം മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെയ് 12 ന് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ നടത്താനിരുന്ന മുഖ്യമന്ത്രിയുടെ ജില്ലാതല സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷിക പരിപാടി മാറ്റിവെച്ചു.

 

---- facebook comment plugin here -----