Career Education
ജസ്റ്റ്' പാസ്സ്
ജസ്റ്റ് പരീക്ഷയുടെ ഈ വർഷത്തെ ചുമതല തിരുപ്പതി ഐസറിനാണ്. ഇപ്പോൾ എഴുതുന്ന പരീക്ഷയുടെ സ്‌കോറിന് രണ്ട് വർഷത്തേക്ക് സാധുത ഉണ്ടായിരിക്കും
ഇന്ത്യയിലെ മുൻനിര ഗവേഷണ സ്ഥാപനങ്ങളിൽ ഫിസിക്‌സ്, കമ്പ്യൂട്ടേഷനൽ ബയോളജി, തിയറ്ററിക്കൽ കന്പ്യൂട്ടർ സയൻസ് തുടങ്ങിയ വിഷയങ്ങളിൽ പി എച്ച് ഡി, ഇന്റഗ്രേറ്റഡ് പി എച്ച് ഡി പ്രോഗ്രാമുകളിൽ പ്രവേശനം നേടുന്നതിനായി നടത്തുന്ന ദേശീയ തല പരീക്ഷയാണ് ജസ്റ്റ് (ജോയിന്റ് എൻട്രൻസ് സ്‌കീനിംഗ് ടെസ്റ്റ്). സയൻസ് ആൻഡ് എൻജിനീയറിംഗ് റിസർച്ച് ബോർഡ് (എസ് ഇ ആർ ബി) ഈ പരീക്ഷയുടെ യോഗ്യത നാഷനൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) ആയി അംഗീകരിച്ചിട്ടുണ്ട്.
സ്ഥാപനങ്ങൾ
തിരുവനന്തപുരം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ ഏഴ് ഐസറു (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യൂക്കേഷൻ ആൻഡ് റിസർച്ച്) കൾ , ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി തിരുവനന്തപുരം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് ബെംഗളൂരു, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സ് ബെംഗളൂരു, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്‌സ് ഭൂവനേശ്വർ, നാഷനൽ സെന്റർ ഫോർ റേഡിയോ ആസ്‌ട്രോഫിസിക്‌സ് പുണെ തുടങ്ങിയ രാജ്യത്തെ 31 വ്യത്യസ്ത സ്ഥാപനങ്ങളിൽ പ്രവേശനം നേടാം.
യോഗ്യത
അപേക്ഷിക്കുന്നതിന് പൊതുവായ വിദ്യാഭ്യാസ യോഗ്യതാ വ്യവസ്ഥയില്ല. സ്ഥാപനങ്ങളുടെ പഠന പ്രോഗ്രാമുകൾക്കനുസരിച്ച് അനുബന്ധ വിഷയങ്ങളിൽ ബാച്ചിലർ/മാസ്റ്റർ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഫിസിക്‌സിൽ എം എസ്‌സി ബിരുദമാണ് പൊതുവായ യോഗ്യത. എന്നാൽ, മിക്ക സ്ഥാപനങ്ങളും അപ്ലൈഡ് ഫിസിക്‌സ്/മാത്തമാറ്റിക്‌സ് എന്നിവയിൽ പി ജി/ബി ടെക്/എം ടെക്/ തത്തുല്യം/ എം സി എ ബിരുദധാരികൾക്ക് അവസരം നൽകാറുണ്ട്.
പരീക്ഷാ ഘടന
ഫിസിക്‌സ്, തിയററ്റിക്കൽ കന്പ്യൂട്ടർ സയൻസ് എന്നീ വിഷയ മേഖലകളിലാണ് പരീക്ഷ നടത്തുക. ഇത് ഏപ്രിൽ 12 ന് ഒറ്റ ദിവസമായി നടക്കും. അതിനാൽ ഈ രണ്ട് വിഷയങ്ങളിൽ ഒന്നിന് മാത്രമേ എഴുതാൻ സാധിക്കുകയുള്ളൂ എന്നതിനാൽ അപേക്ഷയും ഒരു വിഷയത്തിലായി പരിമിതപ്പെടുത്തണം. പരീക്ഷ ഈ വിഷയത്തിലെ പി എച്ച്‌ഡിക്കും ഇന്റഗ്രേറ്റഡ് പി എച്ച്‌ഡിക്കും പൊതുവായിട്ടുള്ളതായിരിക്കും. ജസ്റ്റ് എഴുതുന്നതിനുള്ള ശ്രമങ്ങളുടെ എണ്ണത്തിൽ നിയന്ത്രണമോ പ്രായപരിധിയോ ഇല്ല. എന്നാൽ, സ്ഥാപനങ്ങൾ നിശ്ചയിക്കുന്ന പ്രായപരിധി ബാധകമാണ്.
കമ്പ്യൂട്ടറധിഷ്ഠിത പരീക്ഷയുടെ സിലബസ്സ്, ചോദ്യപേപ്പർ മാതൃക തുടങ്ങിയവ വെബ്‌സൈറ്റിൽ ലഭ്യമാണ്. വിഷയങ്ങളുടെ ഡിഗ്രി/പി ജി തലത്തിലുള്ള സിലബസിനെ ആസ്പദമാക്കിയുള്ള ചോദ്യങ്ങളാണ് പൊതുവായി ഉണ്ടാകാറുള്ളത്. ഇപ്പോൾ എഴുതുന്ന പരീക്ഷയുടെ സ്‌കോറിന് രണ്ട് വർഷത്തേക്ക് സാധുത ഉണ്ടായിരിക്കും.
മറ്റ് വിവരങ്ങൾ
ജസ്റ്റ് പരീക്ഷയുടെ ഈ വർഷത്തെ ചുമതല തിരുപ്പതി ഐസറിനാണ്. കേരളത്തിൽ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. കോയമ്പത്തൂർ, മംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലും പരീക്ഷ എഴുതാം.
അപേക്ഷാ ഫീസ് 1200 രൂപ. പട്ടികജാതി/ ഭിന്നശേഷിക്കാർക്ക് 600 രൂപ. അഡ്മിറ്റ് കാർഡ് ഏപ്രിൽ ആറ് മുതൽ ഡൗൺലോഡ് ചെയ്യാം. ഫലപ്രഖ്യാപനം ഏപ്രിൽ അവസാനത്തോടെ ഉണ്ടാകും. വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും : www.jest.org.in. സഹായത്തിന്: jest2026@labs.iisertirupati.ac.in




