Connect with us

Career Notification

നാവികസേനയിൽ അഗ്നിവീറാകാം

പ്രവേശനപ്പരീക്ഷ മേയിൽ നടക്കും. 01/2027, 02/2027 ബാച്ചിലേക്കാണ് തിരഞ്ഞെടുപ്പ്.

Published

|

Last Updated

ന്ത്യൻ നാവികസേനയിൽ അഗ്‌നിവീർ തിരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ്സ് യോഗ്യതയുള്ള മെട്രിക് (എ ആർ) പ്ലസ്ടു/ത്രിവത്സര ഡിപ്ലോമ യോഗ്യതയുള്ള സീനിയർ സെക്കൻഡറി റിക്രൂട്ട്മെന്റ് (എസ് എസ് ആർ) വിജ്ഞാപനങ്ങൾ പുറത്തിറക്കി. പ്രവേശനപ്പരീക്ഷ മേയിൽ നടക്കും. 01/2027, 02/2027 ബാച്ചിലേക്കാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒഡിഷയിലെ ഐ എൻ എസ് ചിൽക്കയിലായിരിക്കും പ്രവേശനം. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം.

വിദ്യാഭ്യാസ യോഗ്യത

മെട്രിക് റിക്രൂട്ട്മെന്റ്: കുറഞ്ഞത് 50 ശതമാനം മാർക്കോടെയുള്ള പത്താം ക്ലാസ്സ് വിജയം.
എസ് എസ് ആർ റിക്രൂട്ട്‌മെന്റ്: മാത്തമാറ്റിക്‌സും ഫിസിക്‌സുമുൾപ്പെട്ട പ്ലസ്ടുവിന് കുറഞ്ഞത് 50 ശതമാനം മാർക്കോടെയുള്ള വിജയം. അല്ലെങ്കിൽ മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഓട്ടോ മൊബൈൽസ്/കന്പ്യൂട്ടർ സയൻസ്/ഇൻസ്ട്രുമെന്റേഷൻ ടെക്‌നോളജി/ഇൻഫർമേഷൻ ടെക്‌നോളജിയിൽ ത്രിവത്സര എൻജിനീയറിംഗ് ഡിപ്ലോമ കുറഞ്ഞത് 50 ശതമാനം മാർക്കോടെ പാസ്സായിരിക്കണം. അല്ലെങ്കിൽ ഫിസിക്‌സും മാത്തമാറ്റിക്‌സുമുൾപ്പെട്ട ദ്വിവത്സര വൊക്കേഷനൽ കോഴ്സിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെയുള്ള വിജയം.

ഈ വർഷം പത്താം ക്ലാസ്സ്/പ്ലസ്ടു പരീക്ഷയെഴുതുന്നവർക്കും പരീക്ഷ പാസ്സായതിന്റെ ഒറിജിനൽ സർട്ടിഫിക്കറ്റ് തിരഞ്ഞെടുപ്പ് വേളയിൽ ഹാജരാക്കാമെന്ന ഉപാധിയോടെ അപേക്ഷിക്കാം. അപേക്ഷകർ 2004 ഡിസംബർ ഒന്നിനും 2009 ഒക്ടോബർ 31 നും ഇടയിൽ ജനിച്ചവരായിരിക്കണം.

ശാരീരിക യോഗ്യത

വനിതകളുൾപ്പെടെ എല്ലാ അപേക്ഷകർക്കും കുറഞ്ഞത് 157 സെന്റിമീറ്റർ ഉയരവും വ്യക്തമായ കാഴ്ചശക്തിയുമുണ്ടായിരിക്കണം. സർവീസ് കാലത്ത് വിവാഹം കഴിക്കാൻ പാടില്ല.

സേവാനിധി പാക്കേജ്

നാല് വർഷത്തെ സർവീസിൽ ഒന്നാംവർഷം 30,000 രൂപ, രണ്ടാം വർഷം 33,000 രൂപ, മൂന്നാംവർഷം 36,500 രൂപ നാലാംവർഷം 40,000 രൂപ എന്നിങ്ങനെയാണ് പ്രതിമാസ ശന്പളം. ഇതിൽ ഓരോ മാസവും 30 ശതമാനം തുക അഗ്‌നിവീർ കോർപസ് ഫണ്ടിലേക്ക് നീക്കിവെച്ച് ബാക്കിയുള്ള തുകയാണ് ലഭിക്കുക. നീക്കിവെക്കുന്നതിന് തുല്യമായ തുക സർക്കാറും പാക്കേജിലേക്ക് നൽകും.
സർവീസ് കാലാവധി പൂർത്തിയാകുമ്പോൾ രണ്ട് വിഹിതവും ചേർത്ത് 10.04 ലക്ഷം രൂപ ലഭിക്കും. 48 ലക്ഷം രൂപയുടെ നോൺകോൺട്രിബ്യൂട്ടറി ലൈഫ് ഇൻഷ്വറൻസ് കവറേജും ഡെത്ത്/ഡിസെബിലിറ്റി കോംപൻസേഷനും അർഹതയുണ്ടായിരിക്കും. നാല് വർഷത്തെ സർവീസ് പൂർത്തിയാക്കുന്നവർക്ക് നേവിയുടെ സെയിലർ തിരഞ്ഞെടുപ്പിൽ 25 ശതമാനം സംവരണം ലഭിക്കും.

തിരഞ്ഞെടുപ്പ്

കന്പ്യൂട്ടർ അധിഷ്ഠിത രീതിയിലുള്ള ഇന്ത്യൻ നേവി എൻട്രൻസ് ടെസ്റ്റ് (ഐ എൻ ഇ ടി-2026) ആണ് തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം. ഒബ്ജക്ടീവ് മാതൃകയിൽ നടത്തുന്ന പരീക്ഷക്ക് മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളായിരിക്കും ഉണ്ടാകുക.

മെട്രിക് റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കുന്നവർക്ക് 50 മാർക്കിനായിരിക്കും പരീക്ഷ. ഇതിൽ സയൻസ്, മാത്തമാറ്റിക്‌സ്, പൊതുവിജ്ഞാനം എന്നീ വിഷയങ്ങളിൽ നിന്ന് പത്താംക്ലാസ്സ് നിലവാരത്തിലുള്ള ചോദ്യങ്ങളായിരിക്കും ഉണ്ടാകുക.

എസ് എസ് ആർ റിക്രൂട്ട്മെന്റിൽ 100 മാർക്കിനായിരിക്കും പരീക്ഷ. ഇംഗ്ലീഷ്, സയൻസ്, മാത്തമാറ്റിക്‌സ്, ജനറൽ അവേർനെസ്സ് എന്നിവയിൽ നിന്നായിരിക്കും ചോദ്യങ്ങൾ.
രണ്ട് പരീക്ഷയിലും ഓരോ ചോദ്യത്തിനും ഓരോ മാർക്ക് വീതമായിരിക്കും ലഭിക്കുക. മെട്രിക് റിക്രൂട്ട്മെന്റ് പരീക്ഷക്ക് അര മണിക്കൂറും എസ് എസ് ആർ റിക്രൂട്ട്‌മെന്റ് പരീക്ഷക്ക് ഒരു മണിക്കൂറുമാണ് സമയം. രണ്ടിലും തെറ്റുത്തരത്തിന് നാലിലൊന്ന് നെഗറ്റീവ് മാർക്കുണ്ടാകും.

എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് രണ്ടാംഘട്ട പ്രവേശനത്തിന് അനുമതി ലഭിക്കും. ഫിസിക്കൽ ഫിറ്റ്നെസ് ടെസ്റ്റ്, എഴുത്തുപരീക്ഷ, മെഡിക്കൽ ടെസ്റ്റ് എന്നിവയാണ് രണ്ടാം ഘട്ടത്തിലുണ്ടാകുക. 01/2027 ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഡിസംബറിലും 02/2027 ബാച്ചിന് 2027 മേയിലും പ്രവേശനം നൽകും. പരീക്ഷാ ഫീസ് ജി എസ് ടി കൂടാതെ 550 രൂപ. ഓൺലൈനായാണ് ഫീസ് അടക്കേണ്ടത്.

അപേക്ഷ

അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. ഇതോടൊപ്പം പാസ്സ്പോർട്ട് സൈസ് ഫോട്ടോയും ലൈവ് ഫോട്ടോയും അപ്‌ലോഡ് ചെയ്യണം. പാസ്സ്പോർട്ട് സൈസ് ഫോട്ടോ (2026 മാർച്ചിന് മുന്പുള്ളത് പരിഗണിക്കില്ല) 10 കെ ബി മുതൽ 50 കെ ബി വരെ വലുപ്പത്തിലുള്ളതായിരിക്കണം. യോഗ്യതാ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും എൻ സി സി സർട്ടിഫിക്കറ്റും (ഉള്ളവർ മാത്രം) സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം.

അപേക്ഷയിൽ തിരുത്തൽ വരുത്താൻ ഏപ്രിൽ പത്ത്, 11 തീയതികളിൽ അവസരമുണ്ടാകും. വിശദവിവരങ്ങൾക്ക് www.joinindiannavy.in വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ ആറിന് വൈകിട്ട് അഞ്ച് വരെ.