Connect with us

International

ഗസ്സയിലേക്കുള്ള യു എ ഇ ട്രക്കുകള്‍ കൊള്ളയടിച്ചു

ഗസയില്‍ പ്രവേശിച്ച 24 ട്രക്കുകളില്‍ ഒന്നുമാത്രമാണ് ലക്ഷ്യത്തിലെത്തിയത്. ഇസ്‌റാഈല്‍ നിയന്ത്രണത്തിലുള്ള പ്രദേശത്തു വച്ചാണ് സംഭവം.

Published

|

Last Updated

അബൂദബി | അവശ്യ സാധനങ്ങളുമായി ഗസ്സയിലേക്ക് യാത്ര തിരിച്ച യു എ ഇ ട്രക്കുകള്‍ കൊള്ളയടിച്ചു. ഇസ്‌റാഈല്‍ നിയന്ത്രണത്തിലുള്ള സ്ഥലത്തുവെച്ചാണ് സംഭവമെന്ന് ‘ഓപറേഷന്‍ ഗാലന്റ്‌നൈറ്റ് 3’വക്താവ് അറിയിച്ചു. ‘ഗസ്സയിലേക്ക് യു എ ഇ സഹായം എത്തിക്കുന്ന ട്രക്കുകള്‍ ഇസ്‌റാഈല്‍ നിയന്ത്രണത്തിലുള്ള ഒരു പ്രദേശത്തിനുള്ളില്‍ മോഷ്ടിക്കപ്പെടുകയായിരുന്നു. പ്രവേശിക്കാന്‍ അനുവദിച്ച 24 ട്രക്കുകളില്‍ ഒരു ട്രക്ക് മാത്രമേ വെയര്‍ഹൗസുകളില്‍ എത്തിയുള്ളൂ. സുരക്ഷിതമല്ലാത്ത ക്രോസിംഗ് റൂട്ടുകള്‍ ഏര്‍പ്പെടുത്തണമെന്ന ഇസ്‌റാഈല്‍ സൈന്യത്തിന്റെ നിര്‍ബന്ധം മൂലമാണിത്.’- വക്താവ് പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ച മാവും ബേക്കറി സാധനങ്ങളും നിറച്ച നിരവധി ട്രക്കുകള്‍ വെയര്‍ഹൗസുകളില്‍ എത്തിയിരുന്നു. ഇതുവഴി ഗസ്സയില്‍ ബേക്കറികള്‍ പുനരാരംഭിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ബേക്കറികളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ മാവ്, പാചക വാതകം, എണ്ണ, ഉപ്പ്, പഞ്ചസാര, മറ്റ് സാധനങ്ങള്‍ എന്നിവ വഹിക്കുന്ന 103 അധിക ട്രക്കുകളുടെ പ്രവേശനത്തിന് പദ്ധതികള്‍ ആവിഷ്‌കരിച്ചു. എന്നാല്‍, 24 ട്രക്കുകള്‍ മാത്രമേ പ്രവേശിക്കാന്‍ അനുവദിച്ചുള്ളൂ. അവ കൊള്ളയടിക്കപ്പെടുകയും ചെയ്തു.

ഗസ്സ മുനമ്പിലെ താമസക്കാരുടെ ഭക്ഷണത്തിനും അടിസ്ഥാന മാനുഷിക സഹായത്തിനുമുള്ള നിയമപരമായ അവകാശം നിഷേധിക്കുന്ന ഈ ആക്രമണങ്ങളെ ഓപറേഷന്‍ ഗാലന്റ് നൈറ്റ്-3 ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര സമൂഹത്തോടും ബന്ധപ്പെട്ട എല്ലാ കക്ഷികളോടും അടിയന്തരമായി ഇടപെട്ട് ഗസ്സയില്‍ സുരക്ഷിതവും വേഗത്തിലുള്ളതുമായ സഹായം ഉറപ്പാക്കാന്‍ ഗാലന്റ്‌നൈറ്റ് ആഹ്വാനം ചെയ്തു.