Kerala
സി എം ആര്‍ എലിനെതിരായ ആരോപണം; ഷോണ്‍ ജോര്‍ജിന് കോടതി നോട്ടീസ്
അടുത്തമാസം അഞ്ചിന് കോടതി കേസ് വീണ്ടും പരിഗണിക്കും.

കൊച്ചി | സി എം ആര്‍ എലുുമായി ബന്ധപ്പെട്ട കേസില്‍ ബി ജെ പി നേതാവ് ഷോണ്‍ ജോര്‍ജിന് തിരിച്ചടി. സി എം ആര്‍ എലിനെതിരെ ഷോണ്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് കോടതി ഉത്തരവിട്ടു. എറണാകുളം മുന്‍സിഫ് കോടതിയുടേതാണ് ഉത്തരവ്. വിഷയത്തില്‍ ഷോണ്‍ ജോര്‍ജിനും മെറ്റയ്ക്കും കോടതി നോട്ടീസ് അയച്ചു.
സി എം ആര്‍ എല്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി നടപടി. സി എം ആര്‍ എല്ലിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനും അത് പ്രചരിപ്പിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും കോടതിയുടെ വിലക്കുണ്ട്. പ്രിന്റ്, ഇലക്ട്രോണിക്ക്, ഡിജിറ്റല്‍, ഇന്റര്‍നെറ്റ് മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കാനോ പ്രചരിപ്പിക്കാനോ പാടില്ല.
അടിസ്ഥാനരഹിതവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങളാണ് ഷോണ്‍ ജോര്‍ജ് നടത്തുന്നതെന്ന് ആരോപിച്ചായിരുന്നു സി എം ആര്‍ എലിന്റെ പരാതി. സാമൂഹിക മാധ്യമത്തിലൂടെ നടത്തുന്ന അപകീര്‍ത്തി പ്രചാരണം വിലക്കണമെന്നും സി എം ആര്‍ എല്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ഹരജിയില്‍ വിശദമായ വാദം പിന്നീടുണ്ടാകും. അടുത്തമാസം അഞ്ചിന് കോടതി കേസ് വീണ്ടും പരിഗണിക്കും.